ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ എല്ലാ പി.എച്ച്.സി കള്‍ക്കും സി.എച്ച്.സികള്‍ക്കും ആംബുലന്‍സ്: എം.പി
പോത്തന്‍കോട്: ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ ഗ്രാമപ്പഞ്ചായത്തുകളുടെ നിയന്ത്രണത്തിലുള്ള 54 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ക്കും ബ്ലോക്ക് പഞ്ചായത്തുകളിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍ക്കും ജനുവരി മുതല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ എം.പി. ഫണ്ടുപയോഗിച്ച് ആംബുലന്‍സ് നല്‍കുമെന്ന് ഡോ. എ. സമ്പത്ത് എം.പി. പറഞ്ഞു.
ഫണ്ട് വിനിയോഗത്തില്‍ ഇന്ത്യയിലെ തന്നെ മാതൃകയായ ആറ്റിങ്ങല്‍ മണ്ഡലത്തിലാണ് ഇതാദ്യമായി ഇത്തരം ഒരുസേവനസംവിധാനം നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എം.പി. ഫണ്ടുപയോഗിച്ച് പോത്തന്‍കോട് ജങ്ഷനില്‍ സ്ഥാപിച്ച എല്‍.ഇ.ഡി. ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വേണുഗോപാലന്‍ നായര്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം എസ്. രാധാദേവി, ബ്ലോക്ക് പഞ്ചായത്തംഗം നസീമാ ബീവി, അയിരൂപ്പാറ ഫാര്‍മേഴ്സ് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വിശ്വംഭരന് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."