അനധികൃത വാടക കെട്ടിടം ഒഴിപ്പിക്കാന്‍ സബ് കലക്ടറുടെ ഉത്തരവ്
മാനന്തവാടി: അനധികൃത വാടക കെട്ടിടം ഒഴിപ്പിക്കാന്‍ സബ് കലക്ടറുടെ ഉത്തരവ്. കണിയാരം പാലാക്കുളി ജങ്ഷനിലെ അനധികൃത വാടകക്കെട്ടിടം ക്രിമിനല്‍ നടപടി നിയമം 133 വകുപ്പ് പ്രകാരം ഉടന്‍ ഒഴിപ്പിക്കാന്‍ ഉടമക്ക് സബ് കലക്ടര്‍ ഉത്തരവ് നല്‍കി. കെട്ടിടത്തിന്റെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി ഡി.വൈ.എഫ്.ഐ കണിയാരം മേഖലാ കമ്മിറ്റി പ്രസിഡന്റ് പി.എന്‍ സുനീഷ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
അനധികൃതവും അപകടാവസ്ഥയിലുമുള്ള വാടകകെട്ടിടത്തില്‍ നിരവധിയാളുകള്‍ വാടകയ്ക്ക് താമസിച്ച വരുന്നുണ്ട്. എന്നാല്‍ കെട്ടിടത്തിന്റെ പലയിടങ്ങളിലും കോണ്‍ക്രീറ്റ് ഇളകി വീഴാറായ നിലയിലാണ്. കോണ്‍ക്രീറ്റ് തൂണുകള്‍ ഇടിഞ്ഞനിലയില്‍ നില്‍ക്കുന്നത് അപകട ഭീഷണി ഉയര്‍ത്തുന്നുണ്ട്. പ്രസ്തുത കെട്ടിടം താമസയോഗ്യമല്ലെന്ന് കെട്ടിടം പരിശോധിച്ച പി.ഡബ്ല്യൂ.ഡി എക്‌സിക്യുട്ടീവ് എന്‍ജിനീയറും, തഹസില്‍ദാറും നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സബ് കലക്ടര്‍ പ്രാഥമിക ഉത്തരവിറക്കിയത്. എല്ലാ താമസക്കാരെയും ഒഴിപ്പിച്ച് കെട്ടിടം സുരക്ഷിതമാക്കുന്നതിനുള്ള നടപടി ഉടന്‍ സ്വീകരിക്കണമെന്നും അല്ലെങ്കില്‍ കോടതി മുമ്പാകെ ഹാജരായി കാരണം ബോധിപ്പിക്കണമെന്നുമാണ് ഉത്തരവ്. കൂടാതെ കെട്ടിടത്തിലെ താമസക്കാരുടെ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാനന്തവാടി തഹസില്‍ദാറെ ഏല്‍പ്പിച്ചിട്ടുമുണ്ട്. പൊതുമരാമത്ത് എന്‍ജിനീയറോട് കെട്ടിടത്തിന്റെ അപകടാവസ്ഥ സംബന്ധിച്ചു സാങ്കേതിക റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും, നഗരസഭ സെക്രട്ടറിയോട് കെട്ടിടത്തിനു നല്‍കിയ അനുമതിയുടെ രേഖകള്‍ ഹാജരാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ കെട്ടിടത്തിനു പുറമേ മറ്റൊരു കെട്ടിടവും വാട്ടര്‍ അതോറ്റിയുടെ കനാല്‍ നികത്തിയാണു നിര്‍മിച്ചിരിക്കുന്നതെന്നും അതുകൊണ്ടു തന്നെ അനധികൃത കെട്ടിടം പൊളിച്ചു നീക്കണമെന്നുമാണ് ഡി.വൈ.ഫ്.ഐയുടെ ആവശ്യം. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഇവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."