പ്രിയപ്പെട്ടവര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി
വടകര: ശനിയാഴ്ച വൈകുന്നേരം ബാലവാടിയിലുണ്ടായ അപകടത്തിന്റെ നടുക്കത്തില്‍ നിന്നും ഈ പ്രദേശം ഇതുവരെ മുക്തമായില്ല. പരുക്കേറ്റ് ചികിത്സയിലായിരുന്ന പാര്‍വണ കൂടി ഇന്നലെ ഉച്ചയോടെ മരണത്തിനു കീഴടങ്ങി. അപകടസ്ഥലത്തുതന്നെ മരിച്ച ജാനു അമ്മയുടേയും രാഹുലിന്റെയും മൃതദേഹം ഉച്ചയോടെ സംസ്‌കരിക്കാനാണ് തീരുമാനിച്ചിരുന്നത്. ഇതിന്റെ ഒരുക്കങ്ങള്‍ നടക്കുന്നതിനിടയിലാണ് പാര്‍വണയുടെ മരണവാര്‍ത്ത എത്തുന്നത്.
പിന്നീട് മൂന്നുപേരുടെയും സംസ്‌കാരം വൈകുന്നേരത്തേക്ക് മാറ്റുകയായിരുന്നു. വിദേശത്തായിരുന്ന പാര്‍വണയുടെ അച്ഛന്‍ ശ്രീജിത്ത് ഇന്നലെ കാലത്തോടെ നാട്ടിലെത്തിയിരുന്നു.
ബാലവാടിയിലെ പയ്യമ്പള്ളി തറവാട് വീടിനോട് ചേര്‍ന്നുതന്നെയാണ് ശ്രീജിത്തിന്റെയും വീട്. മൂന്നു മൃതദേഹങ്ങളും തറവാടിനോടുചേര്‍ന്ന സ്ഥലത്ത് അടുത്തടുത്തായാണ് സംസ്‌കരിച്ചത്. വൈകുന്നേരം അഞ്ചര മണിയോടെയാണ് രണ്ട് ആംബുലന്‍സുകളിലായി മൂന്നുപേരുടെയും ചേതനയറ്റ ശരീരങ്ങള്‍ എത്തിച്ചത്.
ശ്രീജിത്തിന്റെ വീടിനുമുന്നില്‍ തയാറാക്കിയ പന്തലില്‍ പൊതുദര്‍ശനത്തിനുവച്ചു. നൂറുകണക്കിന് ആളുകളാണ് ആദരാഞ്ജലിയര്‍പ്പിക്കാനെത്തിയത്. തുടര്‍ന്ന് ഏഴുമണിയോടെ സംസ്‌കാരം നടന്നു. പ്രമേഹ രോഗിയായ മുത്തശ്ശന്‍ ശങ്കരക്കുറുപ്പിന്റെ ഒരു കാല്‍പാദം മുറിച്ചതാണ്. ഭാര്യയുടെയും കൊച്ചുമക്കളുടെയും ചേതനയറ്റ ശരീരം കാണാനെത്തിയ അദ്ദേഹത്തിന്റെയും ബന്ധുജനങ്ങളുടെയും വിലാപം കണ്ണീര്‍കാഴ്ചയായി.
എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍, എം.എല്‍.എമാരായ സി.കെ നാണു, ഇ.കെ വിജയന്‍, പാറക്കല്‍ അബ്ദുള്ള, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍, ജില്ലാപഞ്ചായത്തംഗം ടി.കെ രാജന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.കെ നളിനി(ചോറോട്), എം.കെ ഭാസ്‌കരന്‍(ഏറാമല)പി.വി കവിത(ഒഞ്ചിയം), വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ പി. മോഹനന്‍, സി.ഭാസ്‌കരന്‍, മനയത്ത് ചന്ദ്രന്‍, ആര്‍.ഗോപാലന്‍, പുറന്തോടത്ത് സുകുമാരന്‍, സോമന്‍് മുതുവന, എന്‍.വേണു, കെ.കെ രമ, പി.എം അശോകന്‍, പി.സത്യനാഥന്‍, പ്രദീപ് ചോമ്പാല, ബാബു ഒഞ്ചിയം, ഇ.എം ദയാനന്ദന്‍ എന്നിവരും ആദരാഞ്ജലികളര്‍പ്പിക്കാനെത്തി. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മികവുതെളിയിച്ച രാഹുല്‍ മടപ്പള്ളി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മികച്ച വിദ്യാര്‍ഥിക്കുള്ള അവാര്‍ഡ് നേടിയിരുന്നു. ബ്ലോസം സ്‌കൂളിലെ അധ്യാപകര്‍ക്കും രണ്ടാംക്ലാസ് വിദ്യാര്‍ഥിനിയായ പാര്‍വണയെപ്പറ്റി പറയുമ്പോള്‍ വിതുമ്പലടക്കാനായില്ല. സ്‌കൂള്‍ കലാപരിപാടികളിലും മറ്റും എന്നും സജീവമായിരുന്നു പാര്‍വണ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."