ചിറ കെട്ടി മടുത്തു; കടുങ്ങല്ലൂര്‍ തോടിന് അണക്കെട്ട് സ്ഥാപിക്കണമെന്നാവശ്യം ശക്തം കൃഷിയിടങ്ങളും രണ്ടായിരത്തോളം കുടുംബങ്ങളും കടുങ്ങല്ലൂര്‍ തോടിനെയാണ് ആശ്രയിക്കുന്നത്
അരീക്കോട്: കടുങ്ങല്ലൂര്‍ തോടിന് അണക്കെട്ട് സ്ഥാപിക്കണമെന്നാവശ്യം ശക്തമാവുന്നു. തോടിലെ ജലനിരപ്പ് കുത്തനെ താഴ്ന്നതോടെ പ്രദേശവാസികള്‍ ആശങ്കയിലാണ്. അരീക്കോട്, കുഴിമണ്ണ പഞ്ചായത്തുകളിലെ 1500 ഏക്കര്‍ കൃഷിയിടവും രണ്ടായിരത്തോളം കുടുംബങ്ങളും ആശ്രയിക്കുന്ന കടുങ്ങല്ലൂര്‍ തോടിലാണ് മഴയുടെ ലഭ്യത കുറവ് കാരണം കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് ജലനിരപ്പ് കുറഞ്ഞിരിക്കുന്നത്. നിരവധി കര്‍ഷകരെയും അരീക്കോട് പഞ്ചായത്തിലെ 13, 14 വാര്‍ഡുകളിലെയും കുഴിമണ്ണ പഞ്ചായത്തിലെ കടുങ്ങല്ലൂര്‍ വാര്‍ഡിലെയും വീടുകളിലെ കുടിവെള്ളത്തെ ഇത് കാര്യമായി ബാധിക്കും.
വര്‍ഷങ്ങളായി ചിറ കെട്ടി വെള്ളം തടഞ്ഞ് നിര്‍ത്തിയാണ് പ്രദേശത്ത് കൃഷിക്കും വീട്ടാവശ്യത്തിനുമായുള്ള വെള്ളം കണ്ടെത്തുന്നത്. അരീക്കോട് പഞ്ചായത്ത് നല്‍കുന്ന പതിനായിരം രൂപയും നാട്ടുകാര്‍ സ്വരൂപിക്കുന്ന തുകയും ഉപയോഗിച്ചാണ് ചിറയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. തോട്ടില്‍ വെള്ളം നിറഞ്ഞ് നിന്നെങ്കില്‍ മാത്രമേ രണ്ടുകിലോമീറ്റര്‍ ദൂര പരിധിയിലെ വീടുകളില്‍ കിണറില്‍ വെള്ളമുണ്ടാവുകയുള്ളു.
ഇത്തവണ തോട്ടിലെ ജലനിരപ്പ് നേരത്തെ തന്നെ കുറഞ്ഞതോടെ അരീക്കോട് പഞ്ചായത്ത് ചിറ നിര്‍മിക്കാന്‍ പതിനായിരം രൂപ നീക്കി വെച്ചിട്ടുണ്ടെങ്കിലും വര്‍ഷാവര്‍ഷം ചിറ നിര്‍മിക്കുന്നതിന് പകരമായി ശാശ്വതമായ പരിഹാരമാര്‍ഗമാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് തോടില്‍ ചെക്ക് ഡാം സ്ഥാപിക്കാന്‍ പി.കെ ബഷീര്‍ എം.എല്‍.എ മുന്‍കൈയെടുത്ത് തുക വകയിരുത്തിയിരുന്നെങ്കിലും പ്രാദേശികമായി ഉടലെടുത്ത പ്രശ്‌നങ്ങള്‍ കാരണം പദ്ധതി നിര്‍വഹണം നടക്കാതെ പോവുകയായിരുന്നു.
പനയും തടികളും ഉപയോഗിച്ച് നിര്‍മിക്കുന്ന ചിറക്ക് അല്‍പായുസ്സ് മാത്രമാവുന്നതോടെ കര്‍ഷകരും കുടിവെള്ളത്തിന് തോടിനെ ആശ്രയിക്കുന്ന നിരവധി കുടുംബങ്ങളും പ്രയാസം നേരിടുകയാണ്.
ചിറ നിര്‍മിക്കാനായി പതിനായിരം രൂപ മാത്രമാണ് പഞ്ചായത്ത് നല്‍കുന്നത്. ബാക്കി 20000 രൂപയും പ്രദേശവാസികള്‍ കണ്ടെത്തേണ്ട അവസ്ഥയാണുള്ളത്. തങ്ങളുടെ കുടിവെള്ളത്തിനും കൃഷിയാവശ്യത്തിനും ഏകാശ്രയമായ തോട്ടില്‍ അണക്കെട്ട് സ്ഥാപിക്കണമെന്ന ആവശ്യമാണ് പരിസരവാസികള്‍ ഉയര്‍ത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."