പൊലിസ് മര്‍ദനം; ന്യൂനപക്ഷ കമ്മിഷന് മൊഴിയെടുത്തു
തലശ്ശേരി: പൊലിസ് മര്‍ദനമേറ്റ യുവാവില്‍ നിന്നു ന്യൂനപക്ഷ കമ്മിഷന് തെളിവെടുത്തു. കതിരൂര്‍ നായനാര്‍ റോഡിലെ അഫ്റൂസിനെ(23) കതിരൂര്‍ പൊലിസ് മര്‍ദിച്ച സംഭവത്തില്‍ സംസ്ഥാന ന്യൂനപക്ഷ ചെയര്മാന് റിട്ട.ജഡ്ജി പി.കെ ഹനീഫ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ എത്തി തെളിവെടുപ്പു നടത്തി.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് അഫ്റൂസിനെ കതിരൂര്‍ പൊലിസ് മര്‍ദിച്ച് അവശനാക്കിയതെന്നാണു പരാതി. ന്യൂമാഹി പാലത്തിനു സമീപം കംപ്യൂട്ടര്‍ സ്ഥാപനം നടത്തുന്ന അഫ്റൂസ് കട പൂട്ടിയതിനു ശേഷം ബസില്‍ കതിരൂര്‍ നായനാര്‍ റോഡില്‍ ഇറങ്ങി വീട്ടിലേക്ക് നടന്നുപോകവേയാണ് പൊലിസ് പിടികൂടിയത്. കൈയില്‍ ഉണ്ടായിരുന്ന ബാഗും മറ്റും വിശദമായി പരിശോധിച്ച ശേഷം വീട്ടിലേക്കു പോവാന്‍ നിര്‍ദേശിച്ചു. പോകാന്‍ തുനിഞ്ഞ യുവാവിനെ തടഞ്ഞു നിര്‍ത്തി താടിക്ക് തീവ്രവാദി ലുക്കുണ്ടെന്ന് ആക്ഷേപിച്ച് ജീപ്പിലേക്ക് വലിച്ചുകയറ്റുകയും ഭീകരമായി മര്‍ദിക്കുകയും ചെയ്തുവെന്നാണ് അഫ്രൂസ് ന്യൂനപക്ഷ കമ്മിഷന് ചെയര്‍മാനു നല്കിയ പരാതിയില്‍ പറഞ്ഞിട്ടുള്ളത്.
മര്‍ദനമേറ്റ് ആറു ദിവസമായി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അഫ്റൂസില് നിന്നു ഇതുവരെ പൊലിസ് മൊഴി രേഖപ്പെടുത്തിയിട്ടില്ല. സംഭവം ജില്ലാ പൊലിസ് ചീഫിനെ രേഖാമൂലം അറിയിക്കുമെന്നും തുടര്‍നടപടികള്‍ ഉണ്ടാവുമെന്നും ന്യൂനപക്ഷ കമ്മിഷന് പറഞ്ഞു. ആവശ്യമെങ്കില്‍ കോടതിയെ സമീപിച്ചു മറ്റു നടപടികളിലേക്കു നീങ്ങുന്നതുള്പ്പെടെയുള്ള കാര്യങ്ങള്‍ സ്വീകരിക്കുമെന്നും കമ്മിഷന് ചെയര്മാന് വ്യക്തമാക്കി.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."