ടി.പി കേസിലെ രണ്ടു പ്രതികളെ കണ്ണൂരിലേക്കു മാറ്റി ഉത്തരവ്
കണ്ണൂര്‍: ടി.പി ചന്ദ്രശേഖരന് വധക്കേസ് പ്രതികളായ ടി.കെ രജീഷ്, കിര്‍മാണി മനോജ് എന്നിവരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി ഉത്തരവ്. എല്‍.ഡി.എഫ് അധികാരത്തിലെത്തിയ ഉടനെ ടി.പി കേസിലെ 11 പ്രതികള്‍ ജയില്‍ മാറ്റത്തിന് അപേക്ഷ നല്‍കിയിരുന്നു. ഇതു പരിഗണിച്ചാണു വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന രജീഷിനെയും കിര്‍മാണി മനോജിനെയും കണ്ണൂര്‍ ജയിലിലേക്കു മാറ്റി ജയില്‍ വകുപ്പ് ഇന്നലെ ഉത്തരവിറക്കിയത്. ഇവരെ ഞായറാഴ്ച കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിക്കും. കൊടി സുനി ഉള്‍പ്പെടെയുള്ള ആറു പ്രതികള്‍ നിലവില്‍ വിയ്യൂര്‍ ജയിലിലാണ്. ട്രൗസര്‍ മനോജ്, അണ്ണന് സിജിത്ത്, വാഴപ്പിടിച്ചി റഫീഖ് എന്നിവര്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണുള്ളത്. എന്നാല്‍ സി.കെ രാമചന്ദ്രന്, പി.കെ കുഞ്ഞനന്തന് എന്നിവര്‍ ഇപ്പോഴും കണ്ണൂര്‍ ജയിലില്‍ തന്നെയാണുള്ളത്.
അതിനിടെ പ്രതികളെ കണ്ണൂരില്‍ പാര്‍പ്പിച്ചാല്‍ ക്രമസമാധാന പ്രശ്നമുണ്ടാകുമെന്നു സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് ജയില്‍ ഡി.ജി.പിക്കു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേതുടര്‍ന്നു നീക്കം സര്‍ക്കാര്‍ മരവിപ്പിച്ചിരുന്നു. പ്രതികളെ ഒരുമിച്ച് മാറ്റിയാല്‍ വിവാദമുണ്ടാകുമെന്നു കരുതിയാണു രണ്ടുപേരെ മാത്രം മാറ്റി ഉത്തരവിട്ടതെന്നാണു സൂചന.
വാടക കൊലയാളികളെ സ്വന്തം ജില്ലയിലെ ജയിലുകളില്‍ പാര്‍പ്പിക്കരുതെന്നു 2013ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. കോഴിക്കോട് ജില്ലാ ജയിലില്‍ പാര്‍പ്പിച്ചപ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചെടുത്ത ഫോട്ടോ പ്രതികള്‍ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തതു വിവാദമായിരുന്നു.
എല്‍.ഡി.എഫ് അധികാരത്തിലെത്തിയ ഉടന്‍ പ്രതികളെ കണ്ണൂര്‍ ജയിലിലേക്കു മാറ്റാന്‍ നീക്കം നടക്കുന്നുണ്ടെന്ന് ആര്.എം.പി നേതാവ് കെ.കെ രമ ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."