സര്‍വിസ് നടത്തിയില്ല; നാട്ടുകാര്‍ ഓട്ടോ തടഞ്ഞു
വടകര: മാങ്ങോട്ടുപാറ ഭാഗത്തേക്കു സര്‍വിസ് നടത്താന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് വടകര പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തു ഓട്ടോ ഡ്രൈവര്‍മാരും യാത്രക്കാരും തമ്മില്‍ വാക്കുതര്‍ക്കം.
ഇതിനെ തുടര്‍ന്ന് മാങ്ങോട്ടുപാറയിലേക്കുള്ള ഓട്ടോ തടഞ്ഞ് നാട്ടുകാര്‍ പ്രതിഷേധിച്ചു. പൊലിസെത്തിയതോടെയാണ് പ്രശ്‌നത്തിന് താല്‍ക്കാലിക പരിഹാരമുണ്ടായത്. ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം. പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഓട്ടോ ട്രാക്കിലെത്തിയ സ്ത്രീകളടക്കമുള്ള യാത്രക്കാര്‍ മാങ്ങോട്ടുപാറയിലേക്കു പോകണമെന്നാവശ്യപ്പെടുകയായിരുന്നു.
എന്നാല്‍ ട്രാക്കിലുള്ള ഓട്ടോ ഡ്രൈവര്‍മാര്‍ സര്‍വിസ് നടത്താന്‍ തയാറായില്ല. ഒരു ഓട്ടോ ഡ്രൈവര്‍ സര്‍വിസ് നടത്താന്‍ തയാറായെങ്കിലും മറ്റു ഡ്രൈവര്‍മാര്‍ ഇടപെട്ട് പിന്തിരിപ്പിക്കുകയും ചെയ്തു. ഇതോടെയാണ് യാത്രയ്ക്കാര്‍ ഓട്ടോയില്‍ നിന്നിറങ്ങാതെ പ്രതിഷേധിച്ചത്. തുടര്‍ന്ന് മറ്റു യാത്രയ്ക്കാരും ഓട്ടോ ഡ്രൈവര്‍മാര്‍ക്കെതിരേ പ്രതിഷേധവുമായി രംഗത്തെത്തി.
അതേസമയം കൂടുതല്‍ പേര്‍ ഓട്ടോയില്‍ കയറിയതിനാലാണ് നടത്താത്തതെന്ന് ഡ്രൈവര്‍മാര്‍ പറഞ്ഞു.
പൊലിസ് എത്തിയതിനെ തുടര്‍ന്ന് മൂന്നു പേരുമായി സര്‍വിസ് നടത്തിയതോടെയാണ് പ്രശ്‌നത്തിനു താല്‍ക്കാലിക പരിഹാരമായത്.
എന്നാല്‍ വടകരയില്‍ നിന്നു മാങ്ങോട്ടുപാറയിലേക്കു മൂന്നു യാത്രയ്ക്കാരെ മാത്രം കയറ്റുന്നവര്‍ റിട്ടേണ്‍ യാത്രയില്‍ അഞ്ചും ആറും പേരെ കയറ്റാറുണ്ടെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് പൊലിസ് ഉറപ്പുനല്‍കിയതോടെ പ്രശ്‌നം അവസാനിക്കുകയായിരുന്നു.
അതേസമയം, വടകര നഗരത്തിലെ റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞതിനാല്‍ ഓട്ടോ യൂനിയനുകള്‍ സമരത്തിലാണ്.
കഴിഞ്ഞദിവസം സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ പ്രതിഷേധ കണ്‍വന്‍ഷന്‍ നടന്നിരുന്നു. എസ്.ടി.യുവും ഐ.എന്‍.ടി.യു.സിയും ബി.എം.എസും സമരരംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."