തേക്കടിയില്‍ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധന
തൊടുപുഴ: ലോക ടൂറിസം ഭൂപടത്തില്‍ ഇടം നേടിയ തേക്കടി സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സഞ്ചാരികളുടെ എണ്ണത്തില്‍ പത്തര ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്.
2014 ഏപ്രില്‍ മുതല്‍ 2015 മാര്‍ച്ച് വരെ 7,12,582 സഞ്ചാരികളാണ് തേക്കടിയുടെ പ്രകൃതി സൗന്ദര്യം നുകരാനെത്തിയത്. 2015 ഏപ്രില്‍ മുതല്‍ 2016 മാര്‍ച്ച് വരെയുള്ള കാലഘട്ടത്തില്‍ ഇത് 7,85,489 ആയി ഉയര്‍ന്നു, 72,907 പേരുടെ വര്‍ധനവ്. 2014 -15 കാലഘട്ടത്തില്‍ 47,619 വിദേശികള്‍ എത്തി.
എന്നാല്‍, 2015-16ല്‍ ഇത് 46,455 ആയി താഴ്ന്നു. 1164 പേരുടെ കുറവ്. ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണം ഇക്കാലയളവില്‍ 6,64,963ല്‍ നിന്ന് 7,39,034ലേക്ക് ഉയര്‍ന്നു. സഞ്ചാരികളുടെ ഇനത്തില്‍ മാത്രം ഒരു കോടിയോളം രൂപ പെരിയാര്‍ ഫൗണ്ടേഷന് ലഭിച്ചു.
കേരളത്തിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവില്‍ നേരിയ കുറവ് അനുഭവപ്പെടുന്നു എന്നാണ് വിനോദസഞ്ചാര വകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍, തേക്കടിയിലെ കണക്കുകള്‍ ഏറെ ശുഭപ്രതീക്ഷ നല്‍കുന്നതാണ്. വര്‍ഷം തോറും തേക്കടിയിലേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവുള്ളതായി വനംവകുപ്പിന്റെ കണക്കുകളില്‍ വ്യക്തമാണ്.
ഈ വര്‍ഷവും സഞ്ചാരികളുടെ എണ്ണം കുറയില്ല എന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. ഇത് ശരിവയ്ക്കുന്നതാണ് 2016 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കണക്കുകള്‍. ആറു മാസത്തിനുള്ളില്‍ 4,05,353 വിനോദസഞ്ചാരികള്‍ തേക്കടിയില്‍ എത്തി.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നതോടെ തേക്കടി തടാകത്തിലെ ജലനിരപ്പ് ക്രമാതീതമായി കുറയുകയാണ്. ഇതേത്തുടര്‍ന്ന് കെ.ടി.ഡി.സി ബോട്ടിലെ യാത്രക്കാരുടെ എണ്ണം കുറച്ചു.
108.9 അടിയാണ് അണക്കെട്ടിലെ ഇന്നലത്തെ ജലനിരപ്പ്. ബോട്ടിന്റെ അടിഭാഗം തടാകത്തിലെ മരക്കുറ്റികളില്‍ ഇടിക്കാനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ടാണ് അധികൃതരുടെ ഈ സുരക്ഷാമുന്‍കരുതല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."