മനുഷ്യാവകാശ കമ്മിഷനിലും ഇനി രാഷ്ട്രീയ നിയമനം
ന്യൂഡല്‍ഹി: ഇന്ത്യന്‍ ചരിത്രത്തിലാദ്യമായി ദേശീയ മനുഷ്യാവകാശ കമ്മിഷനില്‍ (എന്‍.എച്ച്.ആര്‍.സി) കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ നിയമനം കൊണ്ടുവരുന്നു. കമിഷനില്‍ സംഘപരിവാര്‍ സ്വാധീനം ഉറപ്പുവരുത്തുകയെന്ന ഉദ്ദേശത്തോടെയാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി.
കമിഷനില്‍ രണ്ടുവര്‍ഷമായി നികത്തപ്പെടാതെ കിടന്ന ഒഴിവിലേക്കാണ് സജീവ രാഷ്ട്രീയക്കാരനെ നിയമിക്കുന്നത്. ബി.ജെ.പി ദേശീയ വൈസ്പ്രസിഡന്റും മുന്‍ പാര്‍ലമെന്റംഗവുമായ അവിനാഷ് റായി ഖന്നയെ കമ്മിഷന്‍ അംഗമായി നിയമിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. 2010 മുതല്‍ ഇക്കഴിഞ്ഞ ഏപ്രില്‍ വരെ രാജ്യസഭാംഗമായിരുന്നു പഞ്ചാബില്‍ നിന്നുള്ള അവിനാഷ്. പഞ്ചാബ് മുന്‍ മനുഷ്യാവകാശ കമ്മിഷന്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി, ലോക്‌സഭാ സ്പീക്കര്‍, കേന്ദ്ര ആഭ്യന്തര മന്ത്രി, ലോക്‌സഭയിലേയും രാജ്യസഭയിലേയും പ്രതിപക്ഷ നേതാക്കള്‍, രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ എന്നിവരടങ്ങുന്ന സമിതിയാണ് ദേശീയ മനുഷ്യാവകാശ കമ്മിഷനിലെ അംഗങ്ങളെ തിരഞ്ഞടുക്കാറുള്ളത്. കഴിഞ്ഞമാസം ചേര്‍ന്ന സമിതിയിലെ യോഗത്തില്‍ നിരവധി പേരുകള്‍ ചര്‍ച്ചചെയ്‌തെങ്കിലും അവിനാഷിന്റെ നിയമനം സംബന്ധിച്ച് ധാരണയിലെത്തിയതായാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് നേതാക്കളായ രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പി.ജെ കുര്യന്‍ എന്നിവര്‍ അവിനാഷിന്റെ നിയമനത്തെ അനുകൂലിച്ചതായും കമ്മിഷനില്‍ രാഷ്ട്രീയ നിയമനം കൊണ്ടുവരാനുള്ള കീഴ് വഴക്കത്തെ പിന്തുണച്ചതായും റിപ്പോര്‍ട്ടുണ്ട്.
നേരത്തെ കമിഷന്‍ അംഗമായി മലയാളിയായ സിറിയക് ജോസഫിനെ നിയമിക്കാന്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ശ്രമം നടന്നപ്പോള്‍ ബി.ജെ.പി നേതാവ് അരുണ്‍ജെയ്റ്റ്‌ലി നിയമനത്തെ എതിര്‍ത്തിരുന്നു.
കമ്മിഷന്‍ അംഗങ്ങളെ നിയമിക്കാനുള്ള സമിതിയിലെ അംഗമായിരുന്നു അന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവായിരുന്ന ജെയ്റ്റ്‌ലി. സിറിയക് ജോസഫിന് പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയുമായും മതസംഘടനയുമായും ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു ജയ്റ്റ്‌ലി നിയമനത്തെ എതിര്‍ത്തത്. എന്നാല്‍ ബി.ജെ.പി അധികാരത്തിലെത്തിയതോടെ ആര്‍.എസ്.എസ് പ്രവര്‍ത്തകനും ബി.ജെ.പി നേതാവുമായ അവിനാഷിനെ കമ്മിഷന്‍ അംഗമായി നിയമിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. ഇതുസംബന്ധിച്ച ഉത്തരവ് ബി.ജെ.പി സര്‍ക്കാര്‍ ഉടന്‍ പുറത്തുവിട്ടേക്കും.
കമിഷന്‍ അധ്യക്ഷന്‍ വിരമിച്ച സുപ്രിംകോടതി ചീഫ്ജസ്റ്റിസായിരിക്കണമെന്നാണ് ചട്ടം. കമിഷനില്‍ നാല് അംഗങ്ങള്‍ ഉണ്ടാവണമെന്നും നിയമം അനുശാസിക്കുന്നു.
നാലു മുഴുസമയ അംഗങ്ങളില്‍ ഒരാള്‍ സുപ്രിംകോടതി മുന്‍ ജഡ്ജി, ഒരാള്‍ ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് എന്നിവരായിരിക്കണം. മറ്റു രണ്ടംഗങ്ങള്‍ ഈ മേഖലയില്‍ മുമ്പ് സജീവമായി ഇടപെടുന്നവരായിരിക്കണം എന്നും നിയമാവലിയിലുണ്ട്. സുപ്രിംകോടതി മുന്‍ ചീഫ്ജസ്റ്റിസ്് എച്ച്.എല്‍ ദത്തുവാണ് നിലവിലെ അധ്യക്ഷന്‍. അതേസമയം രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ ഈ സ്ഥാനത്തേക്ക് നിയമിക്കുന്നതില്‍ നിയമതടസമില്ലെന്നാണ് അവിനാഷിന്റെ നിയമനത്തെ ന്യായീകരിച്ച് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."