കെ.എസ്.ആര്‍.ടി.സിയിലെ നിയമവിരുദ്ധ സസ്‌പെന്‍ഷന്‍ ഹൈക്കോടതി റദ്ദാക്കി
മരട്: കെ.എസ്.ആര്‍.ടി.സി.യിലെ രണ്ട് ജീവനക്കാരെ നിയമവിരുദ്ധമായി സസ്‌പെന്‍ഡ് ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി. കാരണം വ്യക്തമാക്കാതെയും ഉപജീവന ബത്ത പരാമര്‍ശിക്കാതെയും അക്കൗണ്ടന്റ് കെ.പി.രാജേന്ദ്രനേയും സൂപ്രണ്ട് പി.ആര്‍ രേഖയേയും വ്യത്യസ്ത ഉത്തരവുകള്‍ മുഖേന സസ്‌പെന്റ് ചെയ്ത ചേര്‍ത്തല ഡിപ്പോയിലെ അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറുടെ നടപടിയാണ് ഹൈക്കോടതി സിംഗില്‍ ബെഞ്ച് റദ്ദാക്കിയത്.
കഴിഞ്ഞ മാസം ഒരു യാത്രക്കാരന്‍ ബസില്‍ മറന്നു വെച്ചു പോയ പേഴ്‌സും അതിലുണ്ടായിരുന്ന രൂപയും കണ്ടക്ടര്‍ ഓഫീസില്‍ ഏല്‍പിച്ചിരുന്നു. പിന്നീട് ഉടമയായ യാത്രക്കാരന്‍ പേഴ്‌സ് ആവശ്യപ്പെട്ട് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറെ സമീപിച്ചപ്പോള്‍ അമ്പത്തിമൂന്ന് രൂപ സൂക്ഷിപ്പ് ചാര്‍ജ്ജ് ഈടാക്കി പേഴ്‌സ് ഉടമക്ക് തിരിച്ച് കൊടുക്കുന്നതിന് എ.ടി.ഒ ഉത്തരവിട്ടു. എന്നാല്‍ നിലവിലെ നിയമവും നടപടി ക്രമങ്ങളും അനുസരിച്ച് സൂക്ഷിപ്പ് ചാര്‍ജ്ജ് കുടാതെ 200 രൂപ പത്രത്തില്‍ ബോണ്ട് എഴുതി നല്‍കുകയും ചെയ്യണമെന്ന് അക്കൗണ്ടന്റ് കുറിപ്പെഴുതി. എന്നാല്‍ യൂനിറ്റ് ഒഫീസര്‍ എന്ന നിലയില്‍ പേഴ്‌സും പണവും ഉടമയുടെ ബന്ധുവിന് കൈമാറണമെന്ന എ.ടി.ഒയുടെ വാക്കാല്‍ നിര്‍ദ്ദേശം അനുസരിക്കാതിരുന്നതിന് കഴിഞ്ഞ ഒക്ടോബര്‍ ഒന്നിന് അക്കൗണ്ടന്റ് കെ.പി രാജേന്ദ്രനെ സസ്‌പെന്റ് ചെയ്യുകയായിരുന്നു.
തുടര്‍ന്ന് അക്കൗണ്ടിന്റെ ചുമതല സൂപ്രണ്ടിന് നല്‍കുകയും അടുത്ത ദിവസം ഇതേ നിര്‍ദ്ദേശം നടപ്പാക്കുന്നതിന് വാക്കാല്‍ ഉത്തരവ് നല്‍കുകയും ചെയ്തു.
എന്നാല്‍ വാക്കാലുള്ള ഉത്തരവ് പാലിക്കാതിരുന്നതിനാല്‍ സൂപ്രണ്ട് പി.ആര്‍ രേഖയേയും സസ്‌പെന്റ് ചെയ്യുകയാണുണ്ടായത്. തുടര്‍ന്ന് ചാര്‍ജെടുത്ത സൂപ്രണ്ട് അനില്‍കുമാര്‍ തന്റെ സഹപ്രവര്‍ത്തകര്‍ക്കുണ്ടായ ദുര്‍ഗതി ആവര്‍ത്തിക്കാതിരിക്കാന്‍ വാക്കാലുള്ള നിര്‍ദ്ദേശം അനുസരിച്ച് പേഴ്‌സും പണവും എ.ടി.ഒ നിര്‍ദ്ദേശിച്ച വ്യക്തിക്ക് കൈമാറി പ്രശ്‌നം പരിഹരിച്ചു.
തങ്ങള്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും മോട്ടോര്‍ വാഹന നിയമത്തിലെ വ്യവസ്ഥകളും സ്ഥാപനത്തിലെ കീഴ്‌വഴക്കങ്ങളും പാലിക്കണമെന്ന് കുറിപ്പെഴുതുക മാത്രമാണ് ചെയ്തതെന്നും അതിന് താഴെ യൂനിറ്റ് ഓഫിസര്‍ ഉത്തരവ് നല്‍കിയിട്ടില്ലെന്നും സസ്‌പെന്‍ഷന്‍ ഹെഡ് ഒഫീസില്‍ നിന്ന് ശരി വെച്ചിട്ടില്ലെന്നും ചൂണ്ടികാണിച്ച് സസ്‌പെന്‍ഷന്‍ ഉത്തരവുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി നിയമവിരുദ്ധ സസ്‌പെന്‍ഷന്‍ ഉത്തരവുകള്‍ റദ്ദാക്കിയത്.
ഹരജിക്കാര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ ആരംഭിച്ചതിനാലാണ് സസ്‌പെന്റ് ചെയ്തതെന്നും ഉപജീവന ബത്ത നല്‍കാമെന്നും കെ.എസ്.ആര്‍.ടി .സി വാദിച്ചെങ്കിലും പരാമര്‍ശവിധേയമായ ഉത്തരവുകളില്‍ ഈ കാര്യങ്ങള്‍ വ്യക്തമാക്കാത്തതിനാല്‍ സസ്‌പെന്‍ഷന്‍ റദ്ദാക്കുക തന്നെയാണ് വേണ്ടതെന്ന് കോടതി കണ്ടെത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."