കലോത്സവ നഗരിയില്‍ ഓലക്കുട്ടകള്‍ സ്ഥാനം പിടിക്കും
ചെറുവത്തൂര്‍: ഓര്‍മകളിലേക്കു മറയുന്ന ഓലക്കുട്ടകള്‍ സ്‌കൂള്‍ കലോത്സവ നഗരിയിലേക്ക് കുട്ടികള്‍ തിരികെയെത്തിക്കുന്നു. ചെറുവത്തൂര്‍ ഉപജില്ലാ കലോത്സവം പരിസ്ഥിതി സൗഹൃദമാക്കുന്നതിന്റെ ഭാഗമായാണു കുട്ടികള്‍ കുട്ടകള്‍ മെടയുന്നത്. കലോത്സവ നഗരിയില്‍ മാലിന്യം നിക്ഷേപിക്കാനാണ് ഓലക്കുട്ടകള്‍ സ്ഥാപിക്കുക.
പിലിക്കോട് സി കൃഷ്ണന്‍ നായര്‍ സ്മാരക ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് ഇത്തവണ കലോത്സവം നടക്കുന്നത്. സ്‌കൂള്‍ എന്‍.എസ്.എസ് യൂനിറ്റ് അംഗങ്ങളുടെ നേതൃത്വത്തില്‍ അന്‍തോളം കുട്ടകള്‍ തയാറാക്കി കഴിഞ്ഞു.
പിലിക്കോട് തോട്ടം ഗെയിറ്റിലെ ഇടവത്ത് കൃഷ്ണനാണു കുട്ടകള്‍ മെടഞ്ഞെടുക്കുന്നതില്‍ കുട്ടികള്‍ക്കു പരിശീലനം നല്‍കിയത്. പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നിന്നാണു കുട്ടകള്‍ തയാറാക്കുന്നതിനാവശ്യമായ പച്ചോലകള്‍ ശേഖരിച്ചത്.
പി.ടി.എ പ്രസിഡന്റ് ടി മോഹനന്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ അബ്ദുള്‍ ലത്തീഫ്, കെ മനോജ്കുമാര്‍ എന്നിവരും കുട്ടികള്‍ക്കൊപ്പം സജീവമാണ്. നവംബര്‍ 16 മുതല്‍ 23 വരെയാണ് കലോത്സവം നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."