ബജറ്റ് വരുന്നു; പിന്നാലെ തെരഞ്ഞെടുപ്പും
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരിന്റെ 2017ലെ ബജറ്റ് അവതരണം ഒരു മാസം മുന്‍പേ, ഫെബ്രുവരിയിലാണ് ഇത്തവണ ബജറ്റ് അവതരിപ്പിക്കുന്നത്. ഈ ബജറ്റില്‍ നിരവധി ആനുകൂല്യങ്ങള്‍ ജനങ്ങള്‍ പ്രതീക്ഷിക്കുന്നു. ദുര്‍ബലരെയും പാവപ്പെട്ടവരെയും ലക്ഷ്യമിടുന്നതാവും ബജറ്റ് എന്നാണ് പൊതുവെ കരുതപ്പെടുന്നത്. രണ്ടുവര്‍ഷത്തിനുശേഷം വീണ്ടും തെരഞ്ഞെടുപ്പിന്റെ കടുത്ത ചൂടിലേക്ക് രാജ്യം പ്രവേശിക്കുന്നു എന്നതാണ് കാരണം. അടുത്ത മാര്‍ച്ചോടെ ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളാണ് നിയമസഭാ തെരഞ്ഞെടുപ്പുകളെ അഭിമുഖീകരിക്കുന്നത്. ഈ സംസ്ഥാനങ്ങള്‍ പൊതുവെ കാര്‍ഷിക പ്രാധാന്യമുള്ള സംസ്ഥാനങ്ങളാണ്. അതുകൊണ്ട് അര്‍ധപട്ടിണിക്കാര്‍ക്കുള്ള ബജറ്റ് പ്രഖ്യാപിച്ച് വോട്ട് നേടാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ അതിന്റെ ആനുകൂല്യം ഇതര സംസ്ഥാനങ്ങള്‍ക്കും ലഭിക്കും. തെരഞ്ഞെടുപ്പിന് ഒരു മാസം മുന്‍പ് ബജറ്റ് അവതരിപ്പിക്കുന്നതില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ അസ്വാഭാവികത കാണുന്നില്ല. തെരഞ്ഞെടുപ്പിനിടയ്ക്ക് ബജറ്റവതരണം എന്തുകൊണ്ടും അഭികാമ്യമല്ല. ബജറ്റ് നേരത്തേ അവതരിപ്പിക്കുന്നത് സ്വാഗതാര്‍ഹമാണെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം ഉണ്ടാവുന്നില്ലെന്ന് കമ്മിഷന് ഉറപ്പുവരുത്തേണ്ടിവരും. ഇതിന് കര്‍ശന നിര്‍ദേശങ്ങള്‍ കമ്മിഷന്‍ നല്‍കിയേക്കും. പ്രത്യേകിച്ച് കൂടുതല്‍ ജനപ്രീതി നേടുന്ന തരത്തിലുള്ള പദ്ധതി പ്രഖ്യാപനങ്ങള്‍ക്ക് കമ്മിഷന്‍ ഇപ്പോള്‍ത്തന്നെ കടിഞ്ഞാണിട്ടിട്ടുണ്ട്.
തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് നിരവധി പദ്ധതികള്‍ മോദി സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. 500, 1000 നോട്ടുകള്‍ നിരോധിച്ചത് വ്യാപക പ്രതിഷേധത്തിനുകാരണമായെങ്കിലും കള്ളപ്പണം തടയാനെന്നപേരിലായതി
നാല്‍ ജനാധിപത്യ സര്‍ക്കാരിന്റെ നടപടിക്രമമെന്ന് കരുതി ജനങ്ങള്‍ സമാധാനിച്ചിരുന്നു. എന്നാല്‍ പഴയ നോട്ടുകള്‍ തിരിച്ചു നല്‍കിയതോടെ കൈയില്‍ ഭക്ഷണം കഴിക്കാന്‍ പോലും പണമില്ലാതെ വന്നതോടെ രാജ്യത്ത് സാമ്പത്തിക അരക്ഷിതാവസ്ഥ ഉടലെടുത്തിരിക്കുകയാണ്. നോട്ടു പിന്‍വലിച്ചത് ദീര്‍ഘവീക്ഷണമില്ലാതെയാണെന്ന വാദത്തില്‍ കഴമ്പുണ്ടെന്ന് ഇത് സൂചിപ്പിക്കുന്നു. തെരഞ്ഞെടുപ്പിന് അനുകൂല ഘടകമായി നടപ്പാക്കാന്‍ ശ്രമിച്ച പദ്ധതി, അരവയറുകാരന്റെ വയറ്റത്തടിക്കുന്ന ഒന്നായി മാറിയതോടെ ഫലത്തില്‍ നോട്ട് പിന്‍വലിക്കല്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടിയായി.
ഉത്തര്‍പ്രദേശില്‍ ന്യൂനപക്ഷവോട്ട് നിര്‍ണായകം
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിന്നു വിഭിന്നമായി ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയില്‍ നിന്നകറ്റിയതിന് ബി.ജെ.പി വലിയ വില കൊടുക്കേണ്ടിവരും. സമാജ് വാദി പാര്‍ട്ടിയോടാണ് ഉത്തര്‍പ്രദേശിലെ ഭൂരിപക്ഷം മുസ്‌ലിം ജനതയ്ക്കും പരമ്പരാഗതമായി ആഭിമുഖ്യമുള്ളത്. ബി.ജെ.പിയുടെ വര്‍ഗീയ വെല്ലുവിളികളെ അല്‍പമെങ്കിലും നേരിടാന്‍ കഴിയുന്നത് മുലായത്തിന്റെ പാര്‍ട്ടിക്കാണെന്ന് അവര്‍ വിശ്വസിക്കുന്നു. വോട്ടിനുവേണ്ടി മാത്രം തങ്ങളെ സമീപിക്കുന്നതാണ് കോണ്‍ഗ്രസിന്റെ രാഷ്ട്രീയമെന്ന് ന്യൂനപക്ഷം തിരിച്ചറിഞ്ഞിരിക്കുന്നു. എങ്കിലും ഇന്നത്തെ സാഹചര്യത്തില്‍ എസ്.പിക്ക് ഒറ്റയ്ക്ക് ബി.ജെ.പിയെ നേരിടാന്‍ ത്രാണിയില്ലതാനും.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പോലും ബി.ജെ.പിയുടെ വര്‍ഗീയ നിറം തുറന്നുകാട്ടി ഡല്‍ഹി ജുമാ മസ്ജിദിലെ ശാഹി ഇമാം സെയ്ദ് അഹ് മദ് ബുഖാരിയും ലഖ്‌നോയിലെ ദാറുല്‍ ഉലൂം നദ് വത്തുല്‍ ഉലമയിലെ മൗലാനാ സല്‍മാന്‍ നദ് വിയും രംഗത്തുവന്നിരുന്നു. സമാജ് വാദി പാര്‍ട്ടിയിലെ അന്തഛിദ്രം നീക്കാന്‍ ഈ ഉന്നത പുരോഹിതര്‍ കഠിനശ്രമത്തിലാണെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഉത്തര്‍പ്രദേശില്‍ ഏഴു ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ തത്വത്തില്‍ തീരുമാനിച്ചിട്ടുള്ളത്. 2017 മെയ് 27നാണ് നിലവിലുള്ള നിയമസഭയുടെ കാലാവധി അവസാനിക്കുക.
ഉത്തരാഖണ്ഡ്
കെടുകാര്യസ്ഥതയും ഭരണ പരാജയവുമാണ് ഭരണകക്ഷിയായ കോണ്‍ഗ്രസ് നേരിടുന്ന വെല്ലുവിളി. ഭരണത്തോടുള്ള ജനങ്ങളുടെ വെറുപ്പ് പരമാവധി മുതലെടുക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഭരണപ്രതിസന്ധിയും നിയമ നൂലാമാലകളും പിന്നിട്ട് ഭരണം തുടരുന്ന കോണ്‍ഗ്രസിന് പാളയത്തില്‍ പട ഭീഷണി ഉയര്‍ത്തുന്നു. നിലവിലുള്ള നിയമസഭയുടെ കാലാവധി 2017 മാര്‍ച്ച് 27ന് അവസാനിക്കും. ഒരു ദിവസം കൊണ്ട് തെരഞ്ഞെടുപ്പ് നടപടികള്‍ ഇവിടെ പൂര്‍ത്തിയാക്കും.
ഗോവ
തീ പാറുന്ന പോരാട്ടമാണ് ഇത്തവണ ഗോവയില്‍ നടക്കാനിരിക്കുന്നത്. അധികാരത്തിലുള്ള ബി.ജെ.പിക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും രംഗത്തുണ്ട്. ത്രിമുഖ മല്‍സരഫലം എന്താകുമെന്ന് കാത്തിരുന്നുകാണുകയേ നിര്‍വാഹമുള്ളൂ. 2017 മാര്‍ച്ച് 18നാണ് നിലവിലുള്ള നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്. ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് കമ്മിഷന്‍ തീരുമാനിച്ചിട്ടുള്ളത്.
മണിപ്പൂര്‍
കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്താന്‍ ശ്രമിക്കുന്ന സംസ്ഥാനമാണ് മണിപ്പൂര്‍. എന്നാല്‍, ബി.ജെ.പി ഉയര്‍ത്തിയിരിക്കുന്ന ശക്തമായ വെല്ലുവിളി അതിജീവിക്കാന്‍ കോണ്‍ഗ്രസിന് ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരുമെന്നാണ് കരുതപ്പെടുന്നത്. നിലവിലുള്ള നിയമസഭയുടെ കാലാവധി 2017 മാര്‍ച്ച് 18ന് അവസാനിക്കും. ഇവിടെയും ഒറ്റ ഘട്ടമായി വോട്ടെടുപ്പ് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം.
പഞ്ചാബ്
തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വിഭിന്നമായി ആം ആദ്മി പാര്‍ട്ടിയുടെ സ്വാധീനം ഏറെയുള്ള സംസ്ഥാനമാണ് പഞ്ചാബ്. ഭരണത്തിലുള്ള ശിരോമണി അകാലിദള്‍-ബി.ജെ.പി സഖ്യത്തിന് ശക്തമായ ഭീഷണിയാണ് ആം ആദ്മി പാര്‍ട്ടി ഉയര്‍ത്തിയിരിക്കുന്നത്. തുടര്‍ച്ചയായി രണ്ടുവട്ടം ഭരണം കൈയാളിയ അകാലിദള്‍-ബി.ജെ.പി സഖ്യത്തെ സ്ഥാനഭ്രഷ്ടമാക്കാനുള്ള കോപ്പുകൂട്ടുകയാണ് ആം ആദ്മി പാര്‍ട്ടി. കോണ്‍ഗ്രസും പഞ്ചാബില്‍ ശക്തമാണ്. ബാദല്‍ മന്ത്രിസഭയുടെ കാലാവധി 2017 മാര്‍ച്ച് 18ന് അവസാനിക്കും. ഒരു ദിവസം കൊണ്ട് വോട്ടെടുപ്പ് പൂര്‍ത്തിയാക്കാനാണ് കമ്മിഷന്റെ തീരുമാനം.
ആദ്യ സര്‍വേഫലം ബി.ജെ.പിക്കും
കോണ്‍ഗ്രസിനും അനുകൂലം
ഇന്ത്യ ടുഡെ-ആക്‌സിസ് മൈ ഇന്ത്യ നടത്തിയ തെരഞ്ഞെടുപ്പ് സര്‍വേഫലം സൂചിപ്പിക്കുന്നത് ഉത്തര്‍പ്രദേശിലും മണിപ്പൂരിലും ഉത്തരാഖണ്ഡിലും ഗോവയിലും ബി.ജെ.പി ആവും ഏറ്റവും കൂടുതല്‍ സീറ്റ് നേടുക എന്നാണ്. അതേസമയം പഞ്ചാബില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നും സര്‍വേഫലം പ്രവചിക്കുന്നു. മണിപ്പൂരില്‍ ഒറ്റയ്ക്ക് അധികാരത്തിലെത്താന്‍ ബി.ജെ.പിക്ക് കഴിയുമെന്ന് സര്‍വേ പറയുന്നെങ്കിലും ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ഗോവയിലും അധികാരത്തിലെത്താന്‍ മറ്റുള്ളവരുടെ സഹായം വേണ്ടിവരുമെന്നും പറയുന്നു.
ഷായും എ.കെയും രാഹുലും
ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായെ സംബന്ധിച്ചിടത്തോളം അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് ജീവന്‍മരണ പോരാട്ടമാണ്. രണ്ടാം വട്ടം അധ്യക്ഷ സ്ഥാനം നിലനിര്‍ത്തിയ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഉത്തര്‍പ്രദേശ് കൈവിടുക വയ്യ. ഈ സംസ്ഥാനങ്ങളില്‍ പിന്നാക്കം പോയാല്‍ പാര്‍ട്ടിയില്‍ ശക്തമായ വിമര്‍ശനത്തിന് ഷാ പാത്രമാവും. അരവിന്ദ് കെജ് രിവാളിനെ സംബന്ധിച്ചിടത്തോളം ഈ തെരഞ്ഞെടുപ്പ് ഒരു ഉരകല്ലാണ്. ഇവിടെ പരാജയം രുചിച്ചാല്‍ അദ്ദേഹത്തെ സ്വന്തം അണികള്‍ പോലും തള്ളിക്കളഞ്ഞേക്കും. രാഹുല്‍ പരാജയത്തിന്റെ പാതി വഴിയിലാണ്. ഇനി പരാജയമുണ്ടായാല്‍പോലും കോണ്‍ഗ്രസ് അതില്‍ അസ്വാഭാവികത കാണുകയില്ല. പക്ഷേ, സ്വന്തം സഹോദരിക്ക് രാഷ്ട്രീയ പ്രവേശനത്തിന് അതു കാരണമായേക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."