അഞ്ഞൂറിന്റെ നോട്ട് കാണാമറയത്തു തന്നെ: എ.ടി.എമ്മുകള്‍ ദുരിത കേന്ദ്രങ്ങള്‍
ദുരിതത്തിന് ഒരു ശമനവുമില്ലാതെ അസാധുവിന്റെ എട്ടാം ദിനം
വടക്കാഞ്ചേരി: പുതിയ അഞ്ഞൂറിന്റെ നോട്ടുകള്‍ കാണാമറയത്തായ എട്ടാം ദിനത്തിലും ആവശ്യത്തിന് പണം ലഭിക്കാതെ ജനം ദുരിതത്തിലായി കേന്ദ്ര സര്‍ക്കാര്‍ നടപടി നിലവില്‍ വന്നിട്ട് ആഴ്ച ഒന്ന് പിന്നിട്ടിട്ടും സര്‍ക്കാര്‍ പ്രഖ്യാപിച്ച പരിഷ്‌കാരങ്ങളൊന്നും ദുരിതത്തിന് പരിഹാരമാകുന്നവയായില്ല.
പുലര്‍ച്ചെ മുതല്‍ തന്നെ ബാങ്കുകള്‍ക്ക് മുന്നില്‍ സ്ഥാനം പിടിച്ചവര്‍ക്ക് നോട്ടുകള്‍ മാറി നല്‍കാനാവാതെ ഉദ്യോഗസ്ഥരും കുഴങ്ങി ലഭ്യമായ നോട്ടുകളുടെ എണ്ണം കുറഞ്ഞതും ആവശ്യക്കാരുടെ ബാഹുല്യവുമാണ് പ്രതിസന്ധിയായത്. വടക്കാഞ്ചേരി മേഖലയില്‍ ബാങ്കുകളില്‍ നിന്ന് വിതരണം ചെയ്യുന്നത് ഏറെയും 2000 രൂപയുടെ നോട്ടുകളാണ്. ഇത് വിപണിയില്‍ മാറ്റിയെടുക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. കടുത്ത ചില്ലറ ക്ഷാമമാണ് നാടെങ്ങും. നൂറിന്റെയും, അമ്പതിന്റേയും നോട്ടുകള്‍ക്ക് കടുത്ത ക്ഷാമമാണ്. വ്യാപാര സ്ഥാപനങ്ങളില്‍ കച്ചവടം നടക്കുന്നില്ല. അസാധുവായ നോട്ടുകള്‍ സ്വീകരിക്കാനാവില്ലെന്ന നിലപാടിലാണ് വ്യാപാരികളും, പെട്രോള്‍ പമ്പുടമകളും, മത്സ്യ വിപണിയിലും തിരിച്ചടി അതിരൂക്ഷം. കെട്ടിട നിര്‍മ്മാണ മേഖല സ്തംഭിച്ച് കിടപ്പാണ്. തൊഴിലാളികള്‍ക്ക് ശമ്പളം ലഭിക്കുന്നില്ല. ഒരാഴ്ച 24 ആയിരം രൂപ വരെ മാത്രമാണ് പിന്‍വലിക്കാന്‍ അനുമതിയുള്ളത്. എന്നാല്‍ കരാറുകാര്‍ക്ക് ഈ തുക കൊണ്ട് ഒന്നും ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണ്. വടക്കാഞ്ചേരി മേഖലയിലെ ഭൂരിഭാഗം എ.ടി.എമ്മുകളും ഇന്നലെയും അടഞ്ഞ് കിടന്നു. നിറക്കുന്നതിനുസരിച്ച് പണം തീരുന്നതാണ് പ്രതിസന്ധി. ഇന്ന് സഹകരണ ഹര്‍ത്താല്‍ നടക്കുന്നത് മൂലം അത് കൂടുതല്‍ ജനകീയ ദുരിതം സൃഷ്ടിക്കുമെന്ന വിലയിരുത്തലും ശക്തമാണ്.
ഡി.വൈ.എഫ്.ഐ മാര്‍ച്ച് നടത്തി
എരുമപ്പെട്ടി: നോട്ടുകള്‍ പിന്‍വലിച്ച പ്രധാന മന്ത്രി നരേന്ദ്രമോഡിയുടെ നടപടി രാഷ്ട്രീയ തട്ടിപ്പാണെന്ന് ആരോപിച്ചും ജനങ്ങളുടെ ദുരിതം പരിഹരിക്കാന്‍ നടപടി കൈകെള്ളണമെന്ന് ആവശ്യപ്പെട്ടും ഡി.വൈ.എഫ്.ഐ വടക്കാഞ്ചേരി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ എരുമപ്പെട്ടി പോസ്റ്റ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.
എരുമപ്പെട്ടി കടങ്ങോട് റോഡ് സെന്ററില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് പോസ്റ്റ് ഓഫിസിന് മുന്നില്‍ പൊലിസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ സി.പി.എം ഏരിയ കമ്മറ്റി സെക്രട്ടറി പി.എന്‍.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് ടി.കെ.ശിവന്‍ അധ്യക്ഷനായി. സി.പി.എം ലോക്കല്‍ കമ്മറ്റി സെക്രട്ടറി കെ.എം.അഷ്‌റഫ്, ഡി.വൈ.എഫ്.ഐ ജില്ലാ കമ്മറ്റി അംഗം സി.എ.നിത, എം.ജെ.ബിനോയ്, പി.ജി.സനീഷ്, കാര്‍ത്തിക നീലകണ്ഠന്‍ ,സുരേഷ്, എന്‍.ബി.ബിജു, ടി.ബി.അഭിലാഷ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."