പാവങ്ങള്‍ക്ക് അത്താണിയായി 'അത്താഴപ്പൊതി ' ഇരുന്നൂറാം ദിനത്തില്‍
ഹരിപ്പാട്:സഹജീവി സ്നേഹം മനസ്സില്‍ സൂക്ഷിക്കുന്നവരുടെ പിന്തുണയാല്‍ ഹരിപ്പാട് കേന്ദ്രീകരിച്ച് നടന്നുവരുന്ന 'അത്താഴപ്പൊതി' ഇരുനൂറ് ദിവസം പിന്നിട്ടു.അധ്യാപകനും സാമൂഹ്യ പ്രവര്‍ത്തകനുമായ സര്‍ജു മുതുകുളത്തിന്റെ നേതൃത്വത്തില്‍ ഒരുപറ്റം ചെറുപ്പക്കാരാണ് സമൂഹ മാധ്യമ പിന്തുണയോടെ നടത്തുന്ന ഈ സംരഭത്തിന് പിന്നില്‍.
2016 മെയ് ഒന്നിന് തുടക്കം കുറിച്ച ഈ പദ്ധതി ഒരു ദിവസംപോലും മുടങ്ങാതെ നടന്നു വരുന്നു.ഹരിപ്പാട് നഗരത്തില്‍ അലഞ്ഞു തിരിയുന്ന നിരാലംബര്‍ക്കും സര്‍ക്കാര്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റായ നിര്‍ധനര്‍ക്കും അത്താഴ ഭക്ഷണം നല്കുന്ന പദ്ധതിക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
കൂടാതെ നിരവധി കുടുംബങ്ങളുടെ മുഴുവന്‍ ഭക്ഷണ സാധനങ്ങളും മാസംതോറും ഇവര്‍ വീടുകളില്‍ എത്തിച്ചു കൊടുക്കുന്നു.
നിര്‍ദ്ധനരായ രോഗികള്‍ക്ക് സാമ്പത്തിക സഹായവും ചെയ്തു വരുന്നു.രക്തം ആവശ്യമുള്ളവര്‍ക്ക് ദാദാവിനെ എത്തിച്ചുനല്‍കുകയും ചെയ്യുന്നുണ്ട് ഈ കൂട്ടായ്മ.
ഈ സ്നേഹസംരംഭത്തിന്റെ ഇരുന്നൂറാം ദിനത്തില്‍ മാവേലിക്കര തെക്കേക്കര പഞ്ചായത്തില്‍ തടത്തിലാല് കൊട്ടാരത്തില്‍ പടീറ്റതില്‍ പി.ബിജുവിന്റെ കുടുംബത്തിന് പ്രതിമാസം പലചരക്കു സാധനങ്ങള്‍ വാങ്ങി നല്കുന്ന പദ്ധതിയുടെ ഉദ്ഘാടനം മാവേലിക്കര ബിഷപ്പ് ഹോഡ്ജസ് എച്ച്.എസ്.എസ് അദ്ധ്യാപിക റ്റി.എം.ആലീസ് നടത്തി.അത്താഴപ്പൊതി ഇരുന്നൂറാം ദിനത്തിലെ ഭക്ഷണവിതരണോദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രശസ്ത ചലച്ചിത്ര സീരിയല്‍ താരം കുളപ്പുള്ളി ലീലയും ചേര്‍ന്ന് നിര്‍വ്വഹിച്ചു.
പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസികള്‍ക്കുള്ള ഭക്ഷണസാധനങ്ങള്‍ എത്തിക്കുകയും അത്താഴപ്പൊതി കൂട്ടായ്മ ഒരു ദിനം അവരോടൊപ്പം ചിലവഴിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."