കൊപ്പല്‍ അബ്ദുല്ലയുടെ വിയോഗത്തിലൂടെ നഷ്ടമായതു പൊതുരംഗത്തെ നിറസാന്നിധ്യം
കാസര്‍കോട്: രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്നു ഇന്നലെ അന്തരിച്ച കൊപ്പല്‍ അബ്ദുല്ല (65). ഇന്നലെ ഉച്ചയോടെ ആലുവ രാജഗിരി ആശുപത്രിയിലാണ് ഇദ്ദേഹം മരണപ്പെട്ടത്. ബിസിനസ്് ആവശ്യത്തിനായി ആലുവയിലേക്കു പോയതായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തേതുടര്‍ന്ന് കുറച്ചു കാലമായി രാഷ്ട്രീയസാംസ്‌കാരിക രംഗത്ത് സജീവമായിരുന്നില്ല. എം.എസ്.എഫിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ ഇദ്ദേഹം യൂത്ത് ലീഗിലും മുസ്്‌ലിം ലീഗിലും പ്രവര്‍ത്തിച്ച് ജില്ലയുടെ രാഷ്ട്രീയ ചരിത്രത്തില്‍ തന്റേതായ സ്ഥാനം കണ്ടെത്തി.
ബാബരി മസ്ജിദ് വിഷയത്തില്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ലീഗില്‍ നിന്നു രാജിവെച്ച കൊപ്പല്‍ ഖാഇദെ മില്ലത്ത് കള്‍ച്ചറല്‍ ഫോറം രൂപീകരിച്ച് അതിന്റെ മുന്നണിപ്പോരാളികളിലൊരാളായി മാറി. 25 വര്‍ഷത്തോളം നഗരസഭാ അംഗമായി പ്രവര്‍ത്തിച്ചു. ഐ.എന്‍.എല്‍ രൂപീകരിച്ചപ്പോള്‍ പ്രഥമ ജില്ലാ പ്രസിഡന്റായി. 1996 ല്‍ മാക്‌വിന്‍ കാസര്‍കോട് ആദ്യമായി നടത്തിയ മോട്ടോര്‍ റാലി, 1997ല്‍ പഴയ കാല മാപ്പിളപ്പാട്ടുകാരെ കോര്‍ത്തിണക്കി നടത്തിയ തനിമ പരിപാടി എന്നിവയിലൂടെ സംഘാടന പാടവവും അദ്ദേഹം തെളിയിച്ചിരുന്നു. മുന്‍ മന്ത്രി പന്തളം സുധാകരന്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, നടന്‍ ജഗതി ശ്രീകുമാര്‍, അന്തരിച്ച സംഗീതജ്ഞന്‍ എം.ജി രാധാകൃഷ്ണന്‍ തുടങ്ങി രാഷ്ട്രീയ കലാസാംസ്‌കാരിക രംഗത്തെ നിരവധി വ്യക്തികളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.
മികച്ച ഫുട്‌ബോള്‍ കളിക്കാരന്‍ കൂടിയായ കൊപ്പല്‍ തളങ്കര നാഷനല്‍ സ്‌പോര്‍ട്‌സ് ക്ലബിനായി നിരവധി തവണ ജേഴ്‌സിയണഞ്ഞിട്ടുണ്ട്. മാപ്പിളപ്പാട്ടിനെ ഏറേ സ്‌നേഹിച്ച കൊപ്പല്‍ പഴയ കാല മാപ്പിളപ്പാട്ട് ഗായകരെ കൊണ്ടുവന്നു ജില്ലയില്‍ ഒരു പരിപാടി സംഘടിപ്പിക്കാനുള്ള തയാറെടുപ്പിലായിരുന്നു. ഖബറടക്കം ഇന്ന് ഉച്ചക്കു നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."