പ്രധാനമന്ത്രി മാപ്പുപറയണം: പ്രതിപക്ഷം എട്ടാംദിവസവും പാര്‍ലമെന്റ് സ്തംഭിച്ചു
ന്യൂഡല്‍ഹി: കള്ളപ്പണ വിഷയത്തില്‍ സഭയ്ക്കു പുറത്തു തങ്ങള്‍ക്കെതിരേ ആരോപണമുന്നയിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി മാപ്പുപറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പാര്‍ലമെന്റിന്റെ ഇരുസഭകളും സ്തംഭിപ്പിച്ചു. പ്രതിപക്ഷം കള്ളപ്പണത്തെ പിന്തുണയ്ക്കുന്നു എന്ന മോദിയുടെ ആരോപണമാണു പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. മോദിയുടെ വാക്കുകള്‍ എല്ലാ പ്രതിപക്ഷ കക്ഷികള്‍ക്കുമെതിരായ ഗൗരവമായ ആരോപണമാണെന്നും ആരോപണം പിന്‍വലിച്ചു പ്രധാനമന്ത്രി സഭയിലെത്തി മാപ്പു പറയണമെന്നും രാജ്യസഭയില്‍ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു. ബി.എസ്.പി നേതാവ് മായാവതിയും ഈ ആവശ്യമുന്നയിച്ചു. ആരുടെ കൈയിലാണ് കള്ളപ്പണമുള്ളതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്നും മായാവതി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി സഭയിലെത്തി മാപ്പ് പറയണമെന്ന് തൃണമൂല്‍ നേതാവ് ഡെറിക് ഒബ്രെയ്‌നും ആവശ്യപ്പെട്ടു. ബഹളം രൂക്ഷമായതോടെ സഭ പിരിഞ്ഞു. പിന്നീട് വീണ്ടും ചേര്‍ന്നപ്പോഴും പ്രതിപക്ഷം പ്രധാനമന്ത്രിയുടെ മാപ്പ് ആവശ്യപ്പെട്ട് പ്രതിഷേധമുയര്‍ത്തി. എന്നാല്‍ മാപ്പു പറയേണ്ട സാഹചര്യമൊന്നുമില്ലെന്നായിരുന്നു കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയുടെ നിലപാട്.
ലോക്‌സഭ ഇന്നലെ ചേര്‍ന്നപ്പോഴും പ്രധാനമന്ത്രിയുടെ മാപ്പ് ആവശ്യം പ്രതിപക്ഷം ഉന്നയിച്ചു. നോട്ട് വിഷയത്തില്‍ പാര്‍ലമെന്റിനു പുറത്ത് വിമര്‍ശനങ്ങളുന്നയിക്കാതെ സഭയില്‍ വന്നു മറുപടി പറയാന്‍ മോദി തയാറാവണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടു. ലോക്‌സഭയില്‍ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് വിഷയം ഉന്നയിച്ചത്. ഇതോടെ മറ്റു പ്രതിപക്ഷ കക്ഷികളും പ്രതിഷേധവുമായി നടുത്തളത്തിലേക്കിറങ്ങി. ബഹളം രൂക്ഷമായതോടെ സ്പീക്കര്‍ സുമിത്ര മഹാജന്‍ സഭ പിരിച്ചുവിട്ടു. പിന്നീട് വീണ്ടും ചേര്‍ന്നപ്പോഴും പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. തൃണമൂല്‍ നേതാവ് സുദീപ് ബന്ദോപാധ്യായയെ സംസാരിക്കാന്‍ അനുവദിച്ച സ്പീക്കര്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് അവസരം നല്‍കിയില്ല. ഇതോടെ പ്രതിഷേധമുയര്‍ത്തി കോണ്‍ഗ്രസ് നടുത്തളത്തിലേക്കിറങ്ങി. തുടര്‍ന്ന് സഭ ഇന്നലത്തേക്കു പിരിയുന്നതായി സ്പീക്കര്‍ പറഞ്ഞു.
അതിനിടെ മോദി പാര്‍ലമെന്റില്‍ എത്തണമെന്നും നോട്ട് പിന്‍വലിച്ചതുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച് പ്രസ്താവന നടത്തണമെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പാര്‍ലമെന്റിന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മോദി പാര്‍ലമെന്റില്‍ എത്തി ചര്‍ച്ചയില്‍ പങ്കെടുത്താല്‍ എല്ലാം വ്യക്തമാവുമെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."