പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവില്‍ ചെങ്ങല്‍ത്തോടിന്റെ നവീകരണം യാഥാര്‍ത്ഥ്യമാകുന്നു
നെടുമ്പാശ്ശേരി: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവില്‍ ചെങ്ങല്‍ത്തോടിന്റെ നവീകരണം യാദാര്‍ത്ഥ്യമാകുന്നു. ചെങ്ങല്‍തോട് അടക്കം ആലുവ നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെട്ട നാല് ജല സ്രോതസ്സുകളുടെ നവീകരണത്തിനാണ് മന്ത്രി മാത്യു ടി. തോമസ് ഉത്തരവിട്ടിരിക്കുന്നത്.
നിയമസഭയില്‍ ജല വിഭവ വകുപ്പിന്റെ ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ ചെങ്ങല്‍തോടിന്റെയും, മറ്റും പ്രശ്‌നങ്ങള്‍ അന്‍വര്‍സാദത്ത് എം.എല്‍.എയാണ് സഭയുടെയും, വകുപ്പ് മന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയത്. ഇതേതുടര്‍ന്നാണ് തോടുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി അടിയന്തിരമായി എസ്റ്റിമേറ്റ് എടുത്ത് തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ജലവിഭവ വകുപ്പ് മന്ത്രി ഉത്തരവിട്ടിരിക്കുന്നത്. നിയോജക മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന ചെങ്ങമനാട്, നെടുമ്പാശ്ശേരി, കാഞ്ഞൂര്‍, ശ്രീമൂലനഗരം പഞ്ചായത്തുകളില്‍ ഉള്‍പ്പെടുന്ന ചെങ്ങല്‍തോടിന് 14 കിലോമീറ്ററോളം ദൈര്‍ഘ്യമുണ്ട്. തോടിന്റെ ശ്രീമൂലനഗരം പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ഭാഗത്ത് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന് വേണ്ടി റണ്‍വെ നിര്‍മിച്ചതോടെയാണ് തോട് അടഞ്ഞ് പോയത്. ഇതേതുടര്‍ന്ന് ഒഴുക്ക് നിലച്ചതോടെ തോട്ടില്‍ പായലും, മുള്ളന്‍ ചെടികളും,കാട്ട് ചെടികളും നിറഞ്ഞ് ചെങ്ങല്‍തോട് നാശത്തിന്റെ വക്കില്‍ എത്തുകയായിരുന്നു.
ചെങ്ങല്‍തോട് സംരക്ഷിക്കണമെന്നും തോട്ടില്‍ നീരൊഴുക്ക് ഉണ്ടാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് നിരവധി തവണയാണ് പരാതി നല്‍കിയത്. എന്നാല്‍ കാലങ്ങളായി യാതൊരു നടപടിയും സ്വീകരിക്കാന്‍ തയ്യാറായിരുന്നില്ല. ഇതിനിടെ രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് ചെങ്ങല്‍തോടിന്റെയും, കപ്രശ്ശേരി കൈതക്കാട്ട് ചിറയുടെയും നവീകരണം ആവശ്യപ്പെട്ട് ചെങ്ങമനാട് ഗ്രാമ പഞ്ചായത്ത് അംഗം ജെര്‍ളി കപ്രശ്ശേരി നടത്തിയ ചിറയില്‍ ഇറങ്ങി നില്‍പ്പ് സമരം സംസ്ഥാന ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇതെതുടര്‍ന്ന് അന്‍വര്‍സാദത്ത് എം.എല്‍.എ, ജില്ലാ കലക്ടര്‍ കെ മുഹമ്മദ് സഫീറുല്ല, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബി.എ അബ്ദുള്‍ മുത്തലിബ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ചിറയില്‍ നേരിട്ട് സന്ദര്‍ശനം നടത്തി. ഈ സമയം ചെങ്ങല്‍തോടില്‍ അന്താരാഷ്ട്ര വിമാനത്താവള കമ്പനി(സിയാല്‍) അനധികൃതമായി സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിരുന്നു.
ഈ സാഹചര്യത്തിലാണ് എം.എല്‍.എ പ്രശ്‌നം നിയമസഭയില്‍ ഉന്നയിച്ചത്. ഉടനടി നടപടി സ്വീകരിക്കാമെന്ന് മന്ത്രി നിയമസഭയില്‍ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം നടപടികള്‍ നീണ്ടുപോയത് നാട്ടുകാരെ വീണ്ടും നിരാശരാക്കിയിരുന്നു. തുടര്‍ന്ന് എം.എല്‍.എ മന്ത്രിയെ നേരില്‍ക്കണ്ട് നിവേദനം സമര്‍പ്പിച്ച ശേഷം പ്രശ്‌നത്തിന്റെ ഗൗരവം മന്ത്രിയെ ബോധ്യപ്പെടുത്തുകയായിരുന്നു.
ഇതിനു ശേഷം കഴിഞ്ഞ ദിവസം ചെങ്ങല്‍ തോട് നവീകരണത്തിനാവശ്യമായ തുടര്‍ നടപടികള്‍ യുദ്ധ കാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാന്‍ സംസ്ഥാന ഇറിഗേഷന്‍ ചീഫ് എന്‍ജിനീയര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കുകയായിരുന്നെന്ന് അന്‍വര്‍സാദത്ത് എം.എല്‍.എ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ചെങ്ങല്‍തോട് പുനരുദ്ധാരണത്തിനാവശ്യമായ എല്ലാ സഹായവും നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ച വിമാനത്താവള കമ്പനിയുടെ നടപടിയെ എം.എല്‍.എ സ്വാഗതം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."