ജലനിധി പ്രവര്‍ത്തനം പഠിക്കാന്‍ അസം സംഘം
മലപ്പുറം: കേരള സര്‍ക്കാര്‍ ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ പദ്ധതി (ജലനിധി) വഴി നടപ്പിലാക്കുന്ന ശുദ്ധജല വിതരണ പദ്ധതിയെക്കുറിച്ച് പഠിക്കാന്‍ അസമില്‍ നിന്നുള്ള സംഘം കേരളത്തിലെത്തി. ജിലനിധി മലപ്പുറം മേഖലാ കാര്യാലയത്തിന് കീഴില്‍ വരുന്ന വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലാണ് സംഘം ഇന്നലെ സന്ദര്‍ശനം നടത്തിയത്.
നഭാരത സര്‍ക്കാറിന്റെ നീര്‍നിര്‍മല്‍ പരിയോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആസാമില്‍ ലോകബാങ്ക് സഹായത്തോടെ നടപ്പിലാക്കാന്‍ പോകുന്ന കുടിവെള്ള വിതരണ ശുചിത്വ പദ്ധതിയുടെ ഭാഗമായാണ് സംഘം സന്ദര്‍ശനം നടത്തുന്നത്. കേരളത്തില്‍ വര്‍ഷങ്ങളായി ജനപങ്കാളിത്തത്തോടെ ഗുണഭോക്താക്കള്‍ തന്നെ നടപ്പിലാക്കി പരിപാലിക്കുന്ന ചെറുകിട കുടിവെള്ള പദ്ധതികളുടെ നടത്തിപ്പും പരിപാലനവുമാണ് അസമില്‍ നിന്നെത്തിയ 12 അംഗ സംസ്ഥാന ഉദ്യോഗസ്ഥ സംഘം പഠനവിധേയമാക്കുന്നത്. ജലനിധി ആദ്യഘട്ടത്തില്‍ നടപ്പിലാക്കിയ വള്ളിക്കുന്ന് സമഗ്ര കുടിവെള്ള പദ്ധതിപ്രദേശമാണ് സംഘം സന്ദര്‍ശിച്ചത്.
ജലനിധി മലപ്പുറം റീജിയണല്‍ പ്രൊജക്ട് ഡയറക്ടര്‍ കെ.വി.എം. അബ്ദുള്‍ ലത്തീഫ്, വാട്ടര്‍ കണ്‍സര്‍വേഷന്‍ സ്‌പെഷലിസ്റ്റ് ഷാജന്‍ ജേക്കബ് എന്നിവര്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ഓഫിസ്, ജലനിധി ഗുണഭോക്തൃസമിതി ഓഫിസ്, വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ്, പമ്പിങ് സ്റ്റേഷന്‍ എന്നിവിടങ്ങളിലും സംഘം സന്ദര്‍ശനം നടത്തി.
അസാം സംഘത്തിന്റെ സന്ദര്‍ശനത്തിന് ജലനിധി കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് മാനേജര്‍ പി.എം. ഷഹീര്‍, ട്രെയിനിങ് സ്‌പെഷലിസ്റ്റ് എം. സുഭാഷ്, ജൂനിയര്‍ പ്രോജക്ട് കമ്മിഷണര്‍ മഠത്തില്‍ രവി എന്നിവര്‍ നേതൃത്വം നല്‍കി.
ഇന്ന് മലപ്പുറം റീജിയണല്‍ ഓഫിസിന് കീഴിലുള്ള തൃശൂര്‍ ജില്ലയിലെ നടത്തറ ഗ്രാമപഞ്ചായത്തിലും പിന്നീട് കോട്ടയം ജില്ലയിലെ കടപ്ലാമറ്റം പഞ്ചായത്തിലെ ജലനിധി പദ്ധതി പ്രദേശവും സന്ദര്‍ശിച്ച ശേഷം സംഘം ആസാമിലേക്ക് മടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."