കരിമ്പ് വിളവെടുപ്പ് ആരംഭിച്ചിട്ടും മധുരം നുണയാനാവാതെ കര്‍ഷകര്‍
മേനോന്‍പാറ: ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ കരിമ്പ് വിളവെടുപ്പ് തുടങ്ങിയെങ്കിലും വെല്ലത്തിന് വില കുറഞ്ഞതോടെ കരിമ്പു കര്‍ഷകര്‍ക്കു പറയാനുള്ളത് നഷ്ടത്തിന്റെ കണക്കുമാത്രം. 30 കിലോ വരുന്ന ചാക്കിനു മൊത്തവിപണിയില്‍ 800 മുതല്‍ 1000 രൂപ വരെയാണ്. കൃഷിച്ചെലവും കൂലിയും വെല്ലമാക്കുന്നതിന്റെ കൂലിയും കണക്കാക്കിയാല്‍ നഷ്ടമാണു കര്‍ഷകര്‍ക്ക്. തമിഴ്‌നാട്ടില്‍ നിന്നുള്ള തൊഴിലാളികളാണു കരിമ്പ് വെട്ടി നീരൂറ്റി വെല്ലമുണ്ടാക്കുന്ന ജോലിയിലേര്‍പ്പെട്ടിരിക്കുന്നത്.
ഡിണ്ടിഗല്‍, മധുര, ഉദുമല്‍പ്പേട്ട, പഴനി തുടങ്ങിയ ഭാഗങ്ങളില്‍ നിന്നുമാണു കുടുംബത്തോടെ വെല്ലമുണ്ടാക്കുന്ന ജോലിക്കായി ജില്ലയുടെ കിഴക്കന്‍ പ്രദേശത്ത് എത്തിയിട്ടുള്ളത്. പണിയെടുക്കുന്ന തോട്ടത്തില്‍ തന്നെ കുടില്‍ കെട്ടി പണി കഴിയും വരെ താമസിക്കും. കരിമ്പു വെട്ടി നീരെടുത്തു പാവുകാച്ചി വെല്ലമാക്കി ചാക്കില്‍ കെട്ടുന്നതുവരെയുള്ള ജോലികളാണ് ഇവര്‍ക്കുള്ളത്.
ഇതിനു വേണ്ട മുഴുവന്‍ സാധനസാമഗ്രികളും ഇവര്‍ കൂടെ കൊണ്ടുവരുകയാണ് പതിവ്. 30 കിലോവരുന്ന 25 ചാക്ക് വെല്ലം ഒരു ദിവസം ഇവര്‍ ഉണ്ടാക്കും. ഒരു ചാക്ക് വെല്ല മുണ്ടാക്കിയാല്‍ 80 രൂപയാണ് ഇവര്‍ക്കു ലഭിക്കുന്നത്. അതായത് ഒരാള്‍ക്ക് ഏകദേശം 400 രൂപ മാത്രം.
കരിമ്പ് വെട്ടി വൃത്തിയാക്കി, നീരെടുത്ത്, പാവുകാച്ചി അച്ച് ആക്കി നല്‍കുന്ന പണികളെല്ലാം ചെയ്യുന്നത് ഇവര്‍ തന്നെയാണ്. പ്രധാനമായും ഒക്‌ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള സമയത്താണ് കൃഷി ഇറക്കുന്നത്. നടുന്നതിലുണ്ടാവുന്ന കാലതാമസം കരിമ്പിന്റെ ഉല്പാദനത്തെയും പഞ്ചസാരയുടെ അളവിനെയും സാരമായി ബാധിക്കും. സമതലപ്രദേശങ്ങളില്‍ ഫെബ്രുവരിയോടു കൂടി നടീല്‍ കഴിയും. 1200 മി.മീ വരെ മഴ ലഭിക്കുന്നിടങ്ങളില്‍ കരിമ്പ് വളരും. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് പന്ത്രണ്ടായിരത്തോളം ഏക്കര്‍ സ്ഥലത്തുണ്ടായിരുന്ന കരിമ്പ് ആയിരത്തി ഇരുന്നൂറോളം ഏക്കര്‍ സ്ഥലത്തുമാത്രമാണ് ഇപ്പോള്‍ കൃഷി ചെയ്യുന്നത്. ചിറ്റൂര്‍ ഷുഗര്‍ ഫാക്ടറി ഉത്പാദനം നിര്‍ത്തിയതോടെ ശര്‍ക്കര ഉണ്ടാക്കിയാണു കരിമ്പ് കര്‍ഷകര്‍ നിലനില്‍ക്കുന്നത്.
ശര്‍ക്കര ഉല്‍പ്പാദിപ്പിച്ചാല്‍ തന്നെ പൊള്ളാച്ചിയിലെ വ്യാപാരികളെ ആശ്രയിച്ചു വേണം വില്‍പന നടത്തുവാന്‍. ഇവിടെ യാതൊരുവിധ സംവിധാനവുമില്ല. തമിഴ്‌നാട്ടില്‍ ഉല്‍പ്പാദിപ്പിക്കുന്ന ശര്‍ക്കര വില കുറഞ്ഞത് വിപണിയില്‍ വരുന്നത് ഇവിടത്തെ കര്‍ഷകര്‍ക്കു തിരിച്ചടിയാവുന്നു. തമിഴ്‌നാട്ടില്‍ കെമിക്കലുകള്‍ ചേര്‍ത്തുനിര്‍മ്മിക്കുന്ന ശര്‍ക്കര അതിര്‍ത്തി കടന്നു കേരളത്തിലേക്ക് ഒഴുകുകയാണ്. ഇതേ ശര്‍ക്കരയുടെ വിലതന്നെയാണ് ഇവിടെ കെമിക്കല്‍ ചേര്‍ക്കാതെ നിര്‍മ്മിക്കുന്ന വെല്ലത്തിനും നല്‍കുന്നത്. മാത്രമല്ല വ്യാപാരികള്‍ നിശ്ചയിക്കുന്ന വിലയ്ക്കു തന്നെ ശര്‍ക്കര നല്‍കണം.
ഈ സാഹചര്യത്തില്‍ ശര്‍ക്കര ഉല്‍പാദനം നഷ്ടത്തിലേക്കു നീങ്ങുകയാണെന്നു കര്‍ഷകര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."