വലിയപറമ്പില്‍ പൊതുവിതരണ കേന്ദ്രം ഉപഭോക്താക്കള്‍ ഉപരോധിച്ചു
തൃക്കരിപ്പൂര്‍: റേഷന്‍ കാര്‍ഡ് മുന്‍ഗണനാ പട്ടികയിലെ അപാകത മൂലം അര്‍ഹതപ്പെട്ട ഗുണഭോക്താക്കള്‍ക്കു റേഷന്‍ സാധനങ്ങള്‍ ലഭിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി ഉപഭോക്താക്കള്‍ റേഷന്‍ കട ഉപരോധിച്ചു. പടന്നക്കടപ്പുറത്തെ 89ാം നമ്പര്‍ റേഷന്‍കടയാണ് ഇന്നലെ നാട്ടുകാര്‍ ഉപരോധിച്ചത്.
ഇരുനില വീടും കാര്‍ അടക്കമുള്ള വാഹനങ്ങളും സ്വന്തമായിട്ടുള്ള ഒട്ടേറെ കുടുംബങ്ങള്‍ മുന്‍ഗണനാ പട്ടികയില്‍ ഇടം നേടി സൗജന്യറേഷന്‍ വാങ്ങുമ്പോള്‍ സ്വന്തമായി കിടപ്പാടം പോലുമില്ലാത്ത വിധവകള്‍ അടക്കമുള്ളവര്‍ മുന്‍ഗണനാ പട്ടികയ്ക്കു പുറത്താണെന്നു സമരത്തിനെത്തിയവര്‍ ചൂണ്ടിക്കാട്ടി.
മുന്‍ഗണനാ പട്ടികയ്ക്കു പുറത്തുള്ളവര്‍ക്കു രണ്ടു മാസമായി റേഷന്‍ ലഭിക്കുന്നില്ലെന്നാണു മറ്റൊരു പരാതി. റേഷന്‍ കാര്‍ഡിലെ മുന്‍ഗണനാ പട്ടികയിലെ അപാകതകള്‍ പരിഹരിക്കുന്നതോടൊപ്പം എല്ലാ വിഭാഗം റേഷന്‍ ഗുണഭോക്താക്കള്‍ക്കും റേഷന്‍ ലഭിക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നതാണു സമരക്കാരുടെ ആവശ്യം.
റേഷന്‍ ഷോപ്പ് ഉപരോധിക്കുന്നുവെന്നറിഞ്ഞു സംഭവ സ്ഥലത്തെത്തിയ വലിയപറമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉപരോധത്തില്‍ നിന്നു പിന്‍മാറാന്‍ ആവശ്യപ്പെട്ടെങ്കിലും ഉപരോധം പിന്‍വലിക്കാന്‍ തയാറായില്ല.
ഉപരോധം ഇന്നും തുടരാനാണു സാധ്യത. ഇതിനിടെ സ്ഥലത്തെത്തിയ സി.പി.എം നേതാക്കള്‍ ഉപരോധം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇതിനും തയാറായില്ല.
സമരക്കാരില്‍ കൂടുതല്‍ പേരും സി.പി.എം അനുഭാവികളാണ്. ഇതു പാര്‍ട്ടിയില്‍ കാര്യമായ ചര്‍ച്ചയ്ക്കിടയാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."