പുത്തന്‍വേലിക്കര പഞ്ചായത്ത് ഭരണസമിതിയില്‍ ഭിന്നത; പ്രസിഡന്റിനെതിരേ ഒരുവിഭാഗം രംഗത്ത്
പറവൂര്‍: പഞ്ചായത്ത് പ്രസിഡന്റിന്റെ ഏകാധിപത്യ നടപടിക്കെതിരെ പുത്തന്‍വേലിക്കര പഞ്ചായത്ത് ഭരണസമിതിയില്‍ ഭിന്നത. ഡി.സി.സി സെക്രട്ടറി പി.വി ലാജു പ്രസിഡന്റായ ഭരണസമിതിയില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ തന്നെ ഭിന്നതയുമായി രംഗത്തെത്തിയത്. ഭരണസമിതിയുടെ നിലനില്‍പ്പുതന്നെ പ്രതിസന്ധിയിലാക്കിയിരിക്കയാണ്.
കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചേരുകയോ നേതൃത്വത്തോട് ആലോചിക്കുകയോ ചെയ്യാതെ പ്രസിഡന്റ് തന്നിഷ്ട പ്രകാരം ഭരണം കയ്യാളുന്നത് മണ്ഡലം കമ്മിറ്റിയിലും അഭിപ്രായ ഭിന്നത ഉടലെടുത്തിരിക്കയാണ്. കോണ്‍ഗ്രസ് മെമ്പര്‍മാരെ പോലും വിശ്വാസത്തിലെടുക്കാതെ പ്രസിഡന്റ് ലാജു നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നത് പ്രതിസന്ധിക്ക് ആക്കം കൂട്ടിയിട്ടുണ്ട്. മാനഞ്ചേരികുന്നില്‍ പാചകവാതക ഗോഡൗണ്‍ന് അനുമതി നിഷേധിച്ച വിഷയത്തില്‍ ഭരണസമിതി അംഗങ്ങളുടെ അറിവും സമ്മതവുമില്ലാതെയാണ് ഏകകണ്ഠമായ പ്രമേയം എഴുതിയത്. ഇത് അംഗങ്ങളില്‍ കടുത്ത പ്രതിഷേധത്തിന് ഇടയാക്കി. പഞ്ചായത്ത് പ്രസിഡന്റിന്റെ ഏകകണ്ഠമായ തീരുമാനം എന്നനിലയില്‍ പഞ്ചായത്ത് ജില്ലാ ഡയറക്റ്ററേ അറിയിച്ച കത്തിലെ പരാമര്‍ശങ്ങള്‍ തങ്ങളുടെ അറിവില്ലാതെ എഴുതിയുണ്ടാക്കിയതാണെന്ന് ഏതാനും കോണ്‍ഗ്രസ് മെമ്പര്‍മാര്‍ വിയോജന കുറിപ്പ് രേഖപെടുത്തിയത് ഭരണ സമിതിയില്‍ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.
ഇടതുപക്ഷ അംഗങ്ങളും പഞ്ചായത്ത് പ്രസിഡന്റിന്റെ നടപടിയില്‍ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഭരണസമിതിയെ കബളിപ്പിച്ചു തെറ്റായ തീരുമാനമെടുത്തത്തിനെതിരെ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ രംഗത്ത് വന്നത് പ്രശ്‌നം രൂക്ഷമാക്കിയിരിക്കയാണ്.പുത്തന്‍വേലിക്കര പഞ്ചായത്ത് പ്ലാന്‍ അംഗീകരിച്ച് കെട്ടിട നികുതിയും ഈടാക്കി നമ്പര്‍ നല്‍കിയ ഗ്യാസ് ഗോഡൗണിനു പാരിസ്ഥിതിക അനുമതിയും ലഭിച്ചിട്ടുണ്ട്. ഇതിനു ശേഷമാണ് പ്രസിഡന്റ് ഗ്യാസ് ഗോഡൗണിനെതിരെ പ്രമേയം തയ്യാറാക്കിയത്.
ട്രൈബ്യുണലും പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്റ്ററും സംഭരണ കേന്ദ്രത്തിന് അനുമതി നല്‍കിയതില്‍ അപാകത ഇല്ലെന്ന് അറിയിച്ചിട്ടും പഞ്ചായത്ത് നിഷേധാത്മക നിലപാട് സ്വീകരിച്ചതില്‍ ഗോഡൗണ്‍ ഉടമ ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിനിടെയാണ് പ്രസിഡന്റിന്റെ പ്രമേയം പുറത്തുവന്നത്.വ്യാജമായി നിര്‍മിച്ച പ്രമേയം സത്യപ്രതിജ്ഞാ ലംഘനമാണെന്ന പുതിയ പരാതിയും ഉയരാന്‍ ഇടയുണ്ട്. ഇതുസംബന്ധിച്ചു നിയമോപദേശം ലഭിച്ചതോടെയാണ് ഭരണകക്ഷി അംഗങ്ങള്‍ പരാതിയുമായി രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."