നിലമ്പൂര്‍ പാട്ടുത്സവത്തിന് സ്വാഗതസംഘമായി
നിലമ്പൂര്‍: നിലമ്പൂരിന്റെ മതസാഹോദര്യവും സാംസ്‌കാരിക തനിമയും ഉയര്‍ത്തി പതിനൊന്നാമത് പാട്ടുത്സവ് ടൂറിസം ഫെസ്റ്റിവലിന് സ്വാഗതസംഘമായി. വ്യാപാരി സമൂഹവും ഓട്ടോ, ടാക്‌സി ഡ്രൈവര്‍മാരും തൊഴിലാളികളും നാട്ടുകാരും നിലമ്പൂര്‍ ടി.ബിയുടെ മുറ്റത്ത് ഒത്തുചേര്‍ന്നാണ് ആര്യാടന്‍ ഷൗക്കത്ത് ചെയര്‍മാനും യു. നരേന്ദ്രന്‍ ജനറല്‍ കണ്‍വീനറുമായി 101 അംഗ സ്വാഗതസംഘത്തിന് രൂപം നല്‍കിയത്.
എം.പിമാരായ എം.ഐ ഷാനവാസ്, പി.വി അബ്ദുല്‍വഹാബ്, മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ്, പി.വി അന്‍വര്‍ എം.എല്‍.എ, നഗരസഭാ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ് എന്നിവരാണ് രക്ഷാധികാരികള്‍.
പാട്ടുത്സവ് ടൂറിസം ഫെസ്റ്റിവലിന്റെ ഭാഗമായി ഏഴു ദിവസത്തെ കലാവിരുന്നാണ് ഒരുക്കിയിരിക്കുന്നത്. ജനുവരി മൂന്നു മുതല്‍ ആറുവരെ ടി.ബി പരിസരത്ത് നിലമ്പൂര്‍ ബാലന്‍ നാടകോത്സവവും എട്ടുമുതല്‍ പത്തുവരെ കോടതിപ്പടിയിലെ പാട്ടുത്സവ് നഗരിയില്‍ മെഗാ സ്റ്റേജ് ഷോകളും അരങ്ങേറും. ഓരോ ദിവസവും സാംസ്‌കാരിക സമ്മേളനത്തില്‍ പ്രമുഖ സാംസ്‌കാരിക നായകര്‍ പങ്കെടുക്കും.
വിനോദത്തിനായി കാര്‍ണിവലും ഉണ്ടാകും. സംഗീത അധ്യാപിക ഇന്ദ്രാണി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ആര്യാടന്‍ ഷൗക്കത്ത് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."