പദ്ധതി തുക വിനിയോഗത്തില്‍ ജില്ല ഒന്നാമത്: ജി വേണുഗോപാല്‍
ആലപ്പുഴ: പദ്ധതി പ്രവര്‍ത്തനത്തില്‍ ആലപ്പുഴ ജില്ല ഒന്നാമതാണെങ്കിലും വേണ്ടത്ര പുരോഗതി ഇനിയും കൈവരിക്കേണ്ടതുണ്ടെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍ വ്യക്തമാക്കി. ഇനിയും സാങ്കേതികാനുമതി കിട്ടിയിട്ടില്ലാത്ത പദ്ധതികള്‍ അടിയന്തരമായി അവ വാങ്ങണമെന്നും ടെന്‍ഡര്‍ നടപടികള്‍ ജനുവരി 10നകം പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഈ സാമ്പത്തികവര്‍ഷത്തെ പദ്ധതി പ്രവര്‍ത്തനങ്ങളുടെ അവലോകനം നടത്തി സംസാരിക്കുകയായിരുന്നു ജില്ല പഞ്ചായത്ത് പ്രസിഡന്റ്.
ജില്ലയില്‍ 35 ശതമാനത്തിനുമേല്‍ പദ്ധതി വിഹിതം ചെലവഴിച്ചത് 15 പഞ്ചായത്തുകള്‍ മാത്രമാണ്. ഇത്രയും തന്നെ പഞ്ചായത്തുകള്‍ 20 ശതമാനത്തിനു താഴെയാണ് ചെലവഴിച്ചത്. സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ മൂന്നു മാസം മാത്രം അവശേഷിക്കേ കഠിനപ്രയത്‌നത്തിലൂടെ മാത്രമേ 100 ശതമാനം പദ്ധതിവിഹിതവും ചെലവഴിക്കാന്‍ കഴിയൂ.
ദിനംപ്രതിയെന്ന നിലയില്‍ പഞ്ചായത്തുതലത്തില്‍ അവലോകനം നടത്തി പദ്ധതി വിഹിതം പൂര്‍ണമായും ചെലവഴിച്ചെന്നുറപ്പാക്കാന്‍ അദ്ദേഹം പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കും സെക്രട്ടറിമാര്‍ക്കും നിര്‍ദേശം നല്‍കി. സാങ്കേതികാനുമതി വാങ്ങിയെടുക്കാന്‍ സെക്രട്ടറിയുള്‍പ്പടെയുള്ള ഭരണസമതി പ്രത്യേക താല്‍പ്പര്യമെടുക്കണം. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ബന്ധപ്പെട്ടവരുടെ യോഗം 29ന് ചേരും. കഴിഞ്ഞ എട്ടിന് തുടങ്ങിയ ഹരിതകേരളം പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഉല്‍സാഹത്തോടെ കൊണ്ടുപോകണം.
സംസ്ഥാനത്താദ്യമായി ടി.പി.സി. അംഗീകാരം നേടിയ പദ്ധതികള്‍ അവതരിപ്പിച്ച മുതുകുളം പഞ്ചായത്ത് നിര്‍വഹണത്തില്‍ പിന്നാക്കം പോകുന്നത് പ്രത്യേകം പരിശോധിക്കണമെന്നും അടുത്തമാസത്തെ അവലോകനത്തോടെ എല്ലാ പഞ്ചായത്തും മുന്‍നിരയിലേക്കെത്താന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമസഭ അംഗീകരിച്ച ഗുണഭോക്തൃപട്ടിക ഇനിയും നല്‍കാത്ത പഞ്ചായത്തുകള്‍ നാലിനകം അവ കൈമാറിയിരിക്കണം.
ഇതിനകം പദ്ധതി വിഹിതം കൂടുതല്‍ ചെലവഴിച്ചത് വീയപുരം പഞ്ചായത്താണ്. 41.12 ശതമാനമാണ് അവര്‍ ഇതിനകം വിനിയോഗിച്ചത്. കാര്‍ത്തികപള്ളി 40.81 ശതമാനത്തോടെ രണ്ടാം സ്ഥാനത്തുണ്ട്. ഏറ്റവും കുറവ് ചെലവഴിച്ചത് മാന്നാര്‍ പഞ്ചായത്താണ്. 10.86 ശതമാനമാണ് അവരുടെ വിനിയോഗം. ജില്ല പഞ്ചായത്തുമായി ചേര്‍ന്ന് സംയുക്തപദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുള്ള പഞ്ചായത്തുകള്‍ ഗ്രാമസഭ അംഗീകരിച്ച ഗുണഭോക്തൃപട്ടിക ഉടനെ നല്‍കണമെന്നും മറ്റു സാങ്കേതിക പ്രശ്‌നങ്ങളില്ലാത്ത പദ്ധതികള്‍ ജനുവരിയില്‍ തന്നെ പൂര്‍ത്തിയാക്കണമെന്നും വേണുഗോപാല്‍ നിര്‍ദേശിച്ചു.
പഞ്ചായത്ത് ഉപഡയറക്ടര്‍ സുദര്‍ശനന്‍, ജില്ല പ്ലാനിങ് ഓഫീസര്‍ രാജേന്ദ്രന്‍, പഞ്ചായത്ത് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി വിശ്വംഭരപണിക്കര്‍, ജില്ല പ്രസിഡന്റ് പ്രിയേഷ്‌കുമാര്‍, അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വേണുലാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലയിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."