സമാധാനചര്‍ച്ചക്കിടെ ഐ.എസ് ആക്രമണം
സിറിയയില്‍ വെടിനിര്‍ത്തലിനും സമാധാനം തിരികെകൊണ്ടുവരുന്നതിനുമായി മെയ് 19 നു വിയന്നയില്‍ രണ്ടാംവട്ടം ആരംഭിച്ച ചര്‍ച്ച തുടരുമ്പോഴാണ് സിറിയന്‍ പ്രസിഡന്റ് ബശാറുല്‍ അസദിന്റെ ശക്തികേന്ദ്രമായ ജബ്്‌ലിനിലിലും താര്‍കൂസിയിലും ഐ.സ് ഭീകരര്‍ കഴിഞ്ഞദിവസം ആക്രമണം നടത്തിയത്. യമനിലും ഇതേസമയം ആക്രമണം നടന്നു. ഐ.എസ് നടത്തിയ റോക്കറ്റാക്രമണങ്ങളില്‍ നൂറുപേര്‍ക്കാണു ജീവഹാനി സംഭവിച്ചത്.
റഷ്യയുടെ നാവിക ആസ്ഥാനത്തിനടുത്താണ് ആക്രമണം നടന്നതെന്നതിനാല്‍ സിറിയയില്‍ അസദും റഷ്യയും സംയുക്തമായി നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരേയുള്ളതും വിയന്നയില്‍ നടക്കുന്ന ചര്‍ച്ച പൊളിക്കുകയെന്ന ലക്ഷ്യത്തോടുകൂടിയുള്ളതുമായ പ്രത്യാക്രമണമാണിതെന്നു വേണം കരുതാന്‍. ഐ.എസിനെ തകര്‍ക്കാനെന്നപേരില്‍ റഷ്യ ഇടയ്ക്കിടെ സിറിയയില്‍ നടത്തുന്ന വ്യോമാക്രമണത്തില്‍ സാധാരണക്കാരാണു മരിച്ചുവീഴുന്നത്. ഇത് അവസാനിപ്പിക്കുവാനും സിറിയയില്‍ സമാധാനം തിരികെക്കൊണ്ടുവരാനുമാണു പാശ്ചാത്യരാജ്യങ്ങളിലെയും മധ്യപൂര്‍വേഷ്യയിലെയും നയതന്ത്രനേതാക്കള്‍ വിയന്നയില്‍ വീണ്ടും സമ്മേളിച്ചത്. നേരത്തേ വിയന്നയില്‍ നടന്ന ചര്‍ച്ച പരാജയമായിരുന്നു. ചര്‍ച്ചയ്ക്കിടയില്‍ റഷ്യയും അസദും സിറിയന്‍ ജനങ്ങള്‍ക്കുനേരേ ആക്രമണം അഴിച്ചുവിടുകയും ചര്‍ച്ചയോടു നിഷേധാത്മകമായ സമീപനം സ്വീകരിക്കുകയും ചെയ്തതിനാലായിരുന്നു അത്.
ഈ ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഐ.എസ് ഭീകരര്‍ അസദിനെ പ്രകോപിപ്പിക്കാനെന്നവണ്ണം ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണ്. റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജിലാവറോവ് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി എന്നിവരുടെ നേതൃത്വത്തില്‍ ആരംഭിച്ച രണ്ടാം വിയന്ന ചര്‍ച്ച തകര്‍ക്കുന്നതിന് ഐ.എസിനു നിക്ഷിപ്ത താല്‍പ്പര്യമുണ്ട്. സമാധാനചര്‍ച്ച വിജയംകാണുകയാണെങ്കില്‍ സിറിയയില്‍ തമ്പടിച്ച ഐ.എസിനെതിരേ സംയുക്താക്രമണമുണ്ടാകുമെന്നു തീര്‍ച്ച.
സിറിയയിലെ പുരാതന നഗരമായ പാല്‍മിറയില്‍ കഴിഞ്ഞവര്‍ഷം ഐ.എസ് നടത്തിയ കൂട്ടക്കുരുതി മറക്കാറായിട്ടില്ല. കണ്ണില്‍ച്ചോരയില്ലാത്തവിധമാണ് അന്നു കുട്ടികളെയും സ്ത്രീകളെയും കൊന്നൊടുക്കിയത്. നാനൂറുപേരെയാണു കഴിഞ്ഞവര്‍ഷം ഈ വിധം കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ വികൃതമാക്കി തെരുവുകളില്‍ വിതറിയതു ഹൃദയഭേദകമായ കാഴ്ചയായിരുന്നു. സിറിയന്‍ സൈനികരെയും സര്‍ക്കാരുദ്യോഗസ്ഥരെയും തെരഞ്ഞുപിടിച്ചായിരുന്നു ഐ.എസ് ഭീകരര്‍ ആക്രമിച്ചത്.
സിറിയയില്‍ അസദിനെതിരേ പോരാടുന്ന വിമതസൈനികരുടെയും പ്രതിപക്ഷത്തിന്റെയും സഹായം ഐ.എസിനു ലഭിക്കുന്നുണ്ട്. ഇത്തരം സഹായസഹകരണങ്ങളാണ് അസദില്‍നിന്നു സിറിയന്‍ ഭരണം എടുത്തുമാറ്റുന്നതിനു വിഘാതമായിത്തീരുന്നത്. പാല്‍മിറ ഐ.എസ് ഭീകരരുടെ കൈയിലമര്‍ന്നതോടെ സിറിയയുടെ പകുതിയും അവരുടെ വരുതിയിലായിരുന്നു. പാല്‍മിറയിലെ പല ചരിത്രസ്മാരകങ്ങളും ഇതിനകം ഐ.എസ് നശിപ്പിച്ചു. ഇതേനിലപാടു തന്നെയായിരുന്നു ഐ.എസ് ഇറാഖിലും അനുവര്‍ത്തിച്ചിരുന്നത്. ഇറാഖിലെ പൗരാണികനഗരങ്ങളായ റമാദിയും ഹുസൈബയും പിടിച്ചടക്കിയപ്പോള്‍ അവിടങ്ങളിലെ പൗരാണിക ചരിത്രസ്മാരകങ്ങള്‍ അവര്‍ തച്ചുതകര്‍ത്തു.
ജോണ്‍ കെറിയുടെ നേതൃത്വത്തില്‍ വിയന്നയില്‍ സിറിയന്‍ സമാധാനചര്‍ച്ച നടക്കുമ്പോള്‍ സിറിയന്‍ പ്രസിഡന്റ് ബശാറുല്‍ അസദിന്റെ ശക്തികേന്ദ്രങ്ങളില്‍ ഐ.എസ് നടത്തുന്ന ഭീകരാക്രമണങ്ങള്‍ അതു തകര്‍ക്കുവാന്‍വേണ്ടിത്തന്നെയാണ്. സിറിയയില്‍ സമാധാനവും ബശാറുല്‍ അസദിന്റെ സ്ഥാനത്യാഗവുമാണു വിമതസൈന്യവും പ്രതിപക്ഷവും ആഗ്രഹിക്കുന്നത്. അത്തരമൊരവസ്ഥയിലേയ്ക്കു കാര്യങ്ങളെ കൊണ്ടെത്തിക്കുന്നതില്‍ ഐ.എസിന്റെ ഭീകരാക്രമണം തടസമാകുമെന്നു കരുതേണ്ടിയിരിക്കുന്നു.
സിറിയയില്‍ ഐ.എസിനു പിന്തുണനല്‍കിയിരുന്ന വിമത സൈനികര്‍ക്കും പ്രതിപക്ഷത്തിനും ഈ ആക്രമണം ഓര്‍ക്കാപ്പുറത്തുകിട്ടിയ പ്രഹരമാണ്. സിറിയയെ ബശാറുല്‍ അസദില്‍നിന്നു മുക്തമാക്കാനുള്ള പ്രതിപക്ഷത്തിന്റെ ശ്രമങ്ങള്‍ക്കു തുരങ്കംവയ്ക്കുന്നതായി മാറുമോ ഐ.എസിന്റെ ഭീകരാക്രമണങ്ങളെന്നു കണ്ടറിയേണ്ടിയിരിക്കുന്നു. ഐ.എസ് സിറിയയിലെ പ്രതിപക്ഷത്തിന്റെയും വിമതസൈന്യത്തിന്റെയും സഹായംതേടിയത് സഹാനുഭൂതികൊണ്ടായിരുന്നില്ലെന്നും നിക്ഷിപ്തതാല്‍പ്പര്യസംരക്ഷണത്തിനുവേണ്ടിയായിരുന്നെന്നും കഴിഞ്ഞദിവസത്തെ ഭീകരാക്രമണം വ്യക്തമാക്കുന്നുണ്ട്.
പത്തുമാസമായി യു.എസിന്റെ നേതൃത്വത്തില്‍ സഖ്യരാഷ്ട്രങ്ങള്‍ ഐ.എസിനെതിരേ യുദ്ധംനടത്തിവരികയാണ്. ഇതുവരെ പുരോഗതി കൈവരിക്കാനായില്ല. വ്യോമശക്തിയല്ലാത്ത ഐ.എസിനെ വ്യോമാക്രമണത്തിലൂടെ തോല്‍പ്പിക്കാന്‍ യു.എസിനു കഴിയുമെന്നിരിക്കെ എന്തുകൊണ്ട് ആ മാര്‍ഗം സ്വീകരിക്കുന്നില്ല. കരയുദ്ധത്തില്‍ അമേരിക്കയ്ക്ക് എവിടെയും ജയിക്കാനായിട്ടില്ല. വിയറ്റ്‌നാമിലും ഇറാഖിലും അഫ്ഗാനിലും അതാണു കണ്ടത്. ഐ.എസിനെ ചെറുത്തുതോല്‍പ്പിക്കുന്നതില്‍ യു.എസിനും സഖ്യരാജ്യങ്ങളായ മധ്യപൗരസ്ത്യരാജ്യങ്ങള്‍ക്കും വ്യത്യസ്തനിലപാടാണുള്ളത്. ഇത് ഐ.എസ് തീവ്രവാദികള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി. അതാണിപ്പോള്‍ സിറിയയിലും യമനിലും കണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."