ബിഹാറില്‍ അഞ്ച് തടവുപുള്ളികള്‍ സെന്‍ട്രല്‍ ജയില്‍ചാടി
ബുക്സര്‍: ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട നാലുപേരടക്കം അഞ്ചു കുറ്റവാളികള്‍ ബിഹാറിലെ ബുക്സര്‍ ജയിലില്‍നിന്നു രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം അര്‍ധരാത്രിയായിരുന്നു സംഭവം. ഇതേതുടര്‍ന്നു മൂന്നു സുരക്ഷാ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു.
രാത്രി 12നും പുലര്‍ച്ചെ മൂന്നിനുമിടയിലായിരുന്നു തടവുപുള്ളികള്‍ ജയില്ചാടിയതെന്ന് ജില്ലാ മജിസ്ട്രേറ്റ് രമണ്‍കുമാര്‍ പറഞ്ഞു. തടവുചാടിയവരില്‍ മോട്ടിഹാരിയില്നിന്നുള്ള പ്രജീത് പട്ടേല്‍, ചാപ്രയിലെ ഗിര്‍ധാരി റായ്, അറയില്‍നിന്നുള്ള ഉപേന്ദ്ര സാഹ്, സോനു പാണ്ഡെ എന്നിവര്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നവരാണ്. ബുക്സറിലെ ബ്രാഹംപൂരില്നിന്നുള്ള സോനു സിങ് പത്തുവര്‍ഷത്ത തടവുശിക്ഷയിലുമാണ്. പ്രതികള്‍ മതില്‍ചാടിയ സ്ഥലത്തുനിന്ന് ഇരുമ്പുദണ്ഡും പൈപ്പുകളും തുണിയും കണ്ടെത്തിയതായി പൊലിസ് സൂപ്രണ്ട് ഉപേന്ദ്ര ശര്‍മ അറിയിച്ചു.
സംഭവത്തില്‍ അന്വേഷണം നടത്തിയ ശേഷം സുരക്ഷാ വീഴ്ചയ്ക്ക് ഉത്തരവാദികളായവരെ കണ്ടെത്തി ശിക്ഷിക്കുമെന്ന് ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞു. ചീഫ് വാര്ഡന് കമേശ്വര്‍ പാസ്വാന്, വാര്ഡന്മാരായ ഉപേന്ദ്രദാസ്, രാജ്കുമാര് രാം എന്നിവരെയാണു പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായി സസ്പെന്‍ഡ് ചെയ്തതെന്നു ജയില്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ ആനന്ദ് കിഷോര്‍ പറഞ്ഞു. രണ്ടുപേരടങ്ങുന്ന സംഘത്തെ അന്വേഷണം നടത്താനായി സംഭവസ്ഥലത്തേക്ക് അയച്ചതായും അദ്ദേഹം അറിയിച്ചു.
ജയില്‍ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ശിവേന്ദ്ര പ്രിയദര്‍ശി, ജയില്‍ ഭരണകൂട ഡയരക്ടര്‍ രാജീവ് വര്‍മ എന്നിവരാണ് അന്വേഷണം നടത്തുന്നത്. അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ ഉടന്‍ നടപടി സ്വീകരിക്കുമെന്നും ആനന്ദ് കിഷോര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."