കരാറുകാരുടെ കുടിശിക 1500 കോടി കടന്നു
പത്തനംതിട്ട: പൊതുമരാമത്ത് വകുപ്പിന് കരാറുകാരുടെ കുടിശിക തലവേദനയാകും. 1530.04 കോടി രൂപയാണ് ആകെ കുടിശികയുള്ളത്. മരാമത്ത് റോഡ്-പാലം, റോഡ്-കെട്ടിടം വിഭാഗങ്ങളുടെയും ജലസേചനവകുപ്പിലെയും കരാറുകാര്‍ക്കാണ് ഇത്രയും തുക കുടിശികയായി നല്‍കാനുള്ളത്.
ഇതില്‍ 262.04 കോടി രൂപ ബില്‍ ഡിസ്‌കൗണ്ടിങ് സംവിധാനപ്രകാരം ബാങ്കുകള്‍ക്ക് കൈമാറിയതായി രേഖകള്‍ വ്യക്തമാക്കുന്നു. കുടിശിക തീര്‍ക്കുക, ബില്‍ ഡിസ്‌കൗണ്ടിങിന്റെ ഭാഗമായുള്ള പലിശ വിഹിതം പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങളുമായി കേരളാ ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ നിയുക്ത മരാമത്തു മന്ത്രി ജി.സുധാകരനെ ശനിയാഴ്ച കാണും.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം മരാമത്ത് വകുപ്പിലെ റോഡ്-പാലം വിഭാഗം, ജലസേചന വകുപ്പ് കരാറുകാര്‍ക്ക് ആകെ 389.75 കോടി രൂപയാണ് നല്‍കാനുള്ളത്. കഴിഞ്ഞ മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം പൊതുമരാമത്ത്(റോഡ്, പാലം) വിഭാഗത്തിന് 364.5 കോടിയാണ് കുടിശിക. ജലവിഭവവകുപ്പിന് നല്‍കാനുള്ളത് 25.25 കോടി രൂപയുമാണ്. ഇതില്‍ 213.76 കോടി രൂപ ബില്‍ ഡിസ്‌കൗണ്ടിങ് പ്രകാരം ബാങ്കുകള്‍ക്ക് നല്‍കി. 2016 ജനുവരി വരെയുള്ള കണക്കുകള്‍ പ്രകാരം 1140.29 കോടി രൂപയാണ് മരാമത്ത്‌വകുപ്പ് (റോഡ്-കെട്ടിടം)വിഭാഗം, ജലസേചനവകുപ്പ് എന്നിവക്ക് നല്‍കാനുള്ളത്. ജനുവരി 31 വരെയുള്ള കണക്കാണിത്.
ഇതില്‍ 48.28 കോടി രൂപ ബില്‍ ഡിസ്‌കൗണ്ടിങ് സംവിധാനം മുഖേന സര്‍ക്കാര്‍ നല്‍കിയതായും രേഖകളുണ്ട്.
എന്നാല്‍ ബില്‍ ഡിസ്‌കൗണ്ടിങ് സംവിധാന പ്രകാരം ബാങ്കുകള്‍ക്ക് നല്‍കേണ്ട പലിശ മുഴുവനായും സര്‍ക്കാര്‍ ഏറ്റെടുക്കണം എന്നാണ് അസോസിയേഷന്റെ ആവശ്യം. കുടിശികരഹിതസ്ഥിതി ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ പൂര്‍ണ ജാമ്യം നില്‍കുന്ന പദ്ധതിയായ ബില്‍ ഡിസ്‌കൗണ്ടിങ് ആവിഷ്‌കരിച്ചത്. എന്നാല്‍ നിലവില്‍ പലിശയുടെ 50 ശതമാനവും കരാറുകാര്‍ നല്‍കണമെന്നാണ് വ്യവസ്ഥ. ഇത് ഒഴിവാക്കി ബാങ്കുകള്‍ക്ക് നല്‍കാനുള്ള പലിശ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യവും അസോസിയേഷന്‍ മന്ത്രിയെ അറിയിക്കും. ബാങ്കുകള്‍ കരാറുകാരന്റെ ബില്ലിന് തുല്യമായ തുക നല്‍കുകയാണ് ബില്‍ ഡിസ്‌കൗണ്ടിങ് രീതി.
ഇതിന്റെ കാലാവധിയും സര്‍ക്കാര്‍ മുന്‍കൂര്‍ പ്രഖ്യാപിക്കണം. കാലാവധി കഴിയുന്ന സാഹചര്യത്തിലുള്ള പിഴപ്പലിശയും സര്‍ക്കാര്‍ തന്നെ അടയ്ക്കണം എന്നതാണ് നിലവിലെ വ്യവസ്ഥ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."