ആശങ്കയിലാഴ്ത്തി സംസ്ഥാനപാത വികസനം
തളിപ്പറമ്പ്: തളിപ്പറമ്പ്- ഇരിട്ടി സംസ്ഥാനപാത വീതി കൂട്ടലുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തുവന്നതോടെ പാതയരികിലെ താമസക്കാരും കച്ചവടക്കാരും നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചവര്‍ ആശങ്കയില്‍. തളിപ്പറമ്പിലും ശ്രീകണ്ഠപുരത്തും മറ്റുമായി റോഡരികില്‍ നിരവധി ബഹുനില കെട്ടിടങ്ങളുടെയും വീടുകളുടെയും നിര്‍മാണം പുരോഗമിച്ചു വരുന്നുണ്ട്. മുഴുവന്‍ വളവുകളും നിവര്‍ത്തി റോഡിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പൊതുമരാമത്ത് വകുപ്പ് നിര്‍ദേശങ്ങളുമായി രംഗത്തുവന്നത്.
ഏഴിമല നാവിക അക്കാദമിയുമായും പെരിങ്ങോം സി.ആര്‍.പി.എഫ് കേന്ദ്രവുമായും ബന്ധപ്പെട്ട് എളുപ്പത്തില്‍ മൈസൂരു, ബംഗളൂരു പ്രദേശങ്ങളിലെത്തുന്നതിനും പാത നവീകരിക്കേണ്ടതിന്റെ ആവശ്യവും പരിഗണിക്കുന്നുണ്ട്.
ഇതു സംബന്ധിച്ച ഇന്‍വെസ്റ്റിഗേഷന്‍ എസ്റ്റിമേറ്റിന് പൊതുമരാമത്ത് വകുപ്പ് അനുമതി നല്‍കിയതിന്റെ ചുവടുപിടിച്ചാണ് പി.ഡബ്ല്യു.ഡി പാത കടന്നുപോകുന്ന 15 മീറ്ററിനുള്ളില്‍ എല്ലാ നിര്‍മാണ പ്രവൃത്തികളും ഒഴിവാക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇതനുസരിച്ച് തളിപ്പറമ്പ്-ശ്രീകണ്ഠപുരം നഗരസഭകള്‍, കുറുമാത്തൂര്‍, ചെങ്ങളായി, ഇരിക്കൂര്‍, പടിയൂര്‍ പഞ്ചായത്തുകളില്‍ ഇനിമുതല്‍ റോഡരികില്‍ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന് അനുമതി ലഭിക്കില്ല.
നിലവില്‍ ചെങ്ങളായി ടൗണില്‍ ആവശ്യം മുന്നില്‍ കണ്ട് കൂടുതല്‍ സ്ഥലം ഏറ്റെടുത്തതിനാല്‍ കച്ചവടക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവില്ലെങ്കിലും ശ്രീകണ്ഠപുരം ടൗണില്‍ വലിയതോതില്‍ സ്ഥലം റോഡിന് വേണ്ടി ഏറ്റെടുക്കാനിടയുണ്ടെന്നാണ് സൂചന. നിലവില്‍ ചിറവക്കില്‍ നിന്നും ആരംഭിക്കുന്ന സംസ്ഥാന പാത-36ന് പലഭാഗത്തും ഉദ്ദേശിച്ച വീതി നിലവിലില്ല. ഏഴര മുതല്‍ അഞ്ചര വരെയാണ് ടാര്‍ ചെയ്ത ഭാഗത്തിന്റെ വീതി. 46 കിലോമീറ്റര്‍ ദൂരമുള്ള പാതയില്‍ വളവുകള്‍ നിവരുമ്പോള്‍ നാല് കിലോമീറ്ററിലേറെ ദൂരം കുറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."