ബി.പി.സി.എല്ലില്‍ തീപിടിത്തത്തില്‍ മരണം: അന്വേഷണം ആരംഭിച്ചു
കൊച്ചി: അമ്പലമുകള്‍ ബി.പി.സി.എല്‍ കൊച്ചി റിഫൈനറിയില്‍ വൈദ്യുതി സബ് സ്റ്റേഷനിലുണ്ടായ പൊട്ടിത്തെറിയെത്തുടര്‍ന്നുണ്ടായ തീപിടിത്തത്തില്‍ ഗുരുതരമായി പൊള്ളലേറ്റ പുത്തന്‍കുരിശ് വടയമ്പാടി പാലപ്ര വീട്ടില്‍ ഭാസ്‌കരന്‍ മകന്‍ അരുണ്‍ പി. ഭാസ്‌കരന്‍ (26) മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അരുണ്‍ ചൊവ്വാഴ്ച രാത്രി 11.30 ഓടെയാണു മരിച്ചത്. അരുണിനൊപ്പം പരിക്കേറ്റ കാഞ്ഞിരമറ്റം ചെത്തിതോട് കോരക്കുഴി വീട്ടില്‍ ഗോവിന്ദന്‍ നായരുടെ മകന്‍ വേലായുധന്‍ (53) ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.
ചൊവ്വാഴ്ച രാവിലെ 10 ഓടെയാണ് സംഭവം.വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന ഗ്യാസ് ടര്‍ബൈന്‍ യൂനിറ്റില്‍ അറ്റകുറ്റപണി നടത്തുന്നതിനിടയിലാണു സംഭവം. പെട്ടെനുണ്ടായ മിന്നലും കമ്പനിയിലും പരിസരത്തും വൈദ്യുതി പൂര്‍ണമായും നിലച്ചതുമാണ് അപകടം പെട്ടെന്ന് ശ്രദ്ധയില്‍ പെടാന്‍ ഇടയാക്കിയത്. സംഭവം നടന്നയുടനെ വൈദ്യുതി ബന്ധം പൂര്‍ണമായും നിലച്ചതു മൂലം അപകടത്തിന്റെ വ്യാപ്തി കുറയ്ക്കാനായി.
80 ശതമാനത്തിലധികം പൊള്ളലേറ്റ അരുണിന്റെ ജീവന്‍ രക്ഷിക്കാന്‍ ആശുപത്രിഅധികൃതര്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. അപകടം സംബന്ധിച്ച് ജില്ല കലക്ടറുടെ നിര്‍ദേശ പ്രകാരം നടത്തിയ അന്വേഷണത്തിന്റെ പ്രാഥമിക റിപോര്‍ട്ട് റവന്യൂ വകുപ്പ് സമര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."