ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്താന്‍ ഉമ്മന്‍ചാണ്ടി ഇന്ന് ഡല്‍ഹിയില്‍
ന്യൂഡല്‍ഹി: ഡി.സി.സി പുനസംഘടനയില്‍ എ ഗ്രൂപ്പിനെ തഴഞ്ഞെന്ന ആരോപണം ഉയര്‍ത്തി പാര്‍ട്ടി പരിപാടികളില്‍ നിന്ന് സമ്മര്‍ദതന്ത്രത്തിന്റെ ഭാഗമായി വിട്ടുനിന്ന ഉമ്മന്‍ചാണ്ടി ഒടുവില്‍ ഹൈക്കമാന്‍ഡിനു വഴങ്ങുന്നു.
ഇതിന്റെ ഭാഗമായി ഉമ്മന്‍ചാണ്ടി ഇന്ന് ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡുമായി ചര്‍ച്ചനടത്തും. സമ്മര്‍ദതന്ത്രം ഫലം കാണാതിരിക്കുകയും കേരളത്തിലെ വിഷയത്തില്‍ ഇടപെടാമെന്ന് കേന്ദ്രനേതൃത്വം അറിയിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇന്നത്തെ ഉമ്മന്‍ചാണ്ടിയുടെ കൂടിക്കാഴ്ച.
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുലുമായുള്ള കൂടിക്കാഴ്ചയ്ക്ക് വൈകിട്ട് വരെ ഉമ്മന്‍ചാണ്ടിക്ക് സമയം ലഭിച്ചിട്ടില്ല. നിയമസഭാതെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി പട്ടിക തയാറാക്കാനുള്ള ചര്‍ച്ച പിടിവാശിമൂലം എട്ടുദിവസത്തോളം വൈകിപ്പിച്ചതിലുള്ള നീരസം രാഹുലിന് ഉമ്മന്‍ചാണ്ടിയോട് ഉണ്ട്. അനാരോഗ്യമുള്ള കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ഇപ്പോള്‍ രാഷ്ട്രീയ കാര്യങ്ങളില്‍ സജീവമായി ഇടപെടാറുമില്ല.
ചുമതലമാറ്റം നടന്നിട്ടില്ലെങ്കിലും തീരുമാനങ്ങള്‍ എടുക്കുന്നതും നടപ്പാക്കുന്നതും രാഹുല്‍തന്നെയാണ്. അതിനാല്‍ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകള്‍വാസ്‌നിക്കായിരിക്കും വിഷയം കൈകാര്യംചെയ്യുക. ഇതോടെ ഡി.സി.സി പുനസംഘടനയെ തുടര്‍ന്നു സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഉടലെടുത്ത പ്രതിസന്ധിക്ക് അയവുവരുമെന്നാണ് കരുതുന്നത്.
തെരഞ്ഞെടുപ്പു പരാജയത്തെ തുടര്‍ന്ന് കെ.പി.സി.സി നേതൃത്വത്തില്‍ രൂപപ്പെട്ട പ്രതിസന്ധിയാണ്, കേരളത്തിലെ കോണ്‍ഗ്രസ് ഗ്രൂപ്പുകളിലൊന്നിനെ നയിക്കുന്ന ഉമ്മന്‍ചാണ്ടിയുടെ മാറിനില്‍ക്കലില്‍ വരെ എത്തിയത്.
ഡി.സി.സി പുന:സംഘടനയില്‍ എ ഗ്രൂപ്പിന് കനത്ത നഷ്ടമുണ്ടായതോടെ ഹൈക്കമാന്റിന്റെ ഭാഗത്തുനിന്നു ഇനിയും അവഗണന തന്നെയാകും ഫലമെന്ന തിരിച്ചറിവിലാണ് ഉമ്മന്‍ചാണ്ടി 'നിസഹകരണ സമരം'പുറത്തെടുത്തത്.
കെ.പി.സി.സി അധ്യക്ഷസ്ഥാനവും യു.ഡി.എഫ് ചെയര്‍മാന്‍ പദവിയും ഏറ്റെടുക്കാതെയുള്ള ആദ്യസമ്മര്‍ദത്തില്‍ വീഴാതിരുന്ന ഹൈക്കമാന്റ്, പാര്‍ട്ടി പരിപാടികളില്‍ നിന്ന് മാറിനിന്നുള്ള ഉമ്മന്‍ചാണ്ടിയുടെ സമ്മര്‍ദവും കണ്ടില്ലെന്ന് നടിച്ചതോടെയാണ് അദ്ദേഹം വഴങ്ങിയത്. നിലവില്‍ എം.എല്‍.എ പദവി മാത്രമാണ് ഉമ്മന്‍ചാണ്ടിക്കുള്ളത്. ഇക്കാരണത്താല്‍ പാര്‍ട്ടിയില്‍ ഉമ്മന്‍ചാണ്ടിയുടെ സ്വാധീനം കുറഞ്ഞുവരുന്നതും സ്വന്തം ഗ്രൂപ്പിലെ നേതാക്കളില്‍ പലരും മറുകണ്ടം ചാടിതുടങ്ങിയതും ഹൈക്കമാന്‍ഡിനു വഴങ്ങാന്‍ അദ്ദേഹത്തെ നിര്‍ബന്ധിതമാക്കുകയായിരുന്നു.
സോളാര്‍കേസില്‍ സരിതയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ട ബാധ്യതയും ഉണ്ടായതോടെ പാര്‍ട്ടിയുടെ പിന്തുണ അദ്ദേഹത്തിനു അനിവാര്യമാവുകയുംചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."