'സി.പി.എം അക്കൗണ്ട് മരവിപ്പിച്ചാല്‍ സുരേഷ് ഗോപിക്ക് രക്ഷയുണ്ടാകുമെന്ന് കരുതിയോ, നടക്കാന്‍ പോകുന്നില്ല' മുഖ്യമന്ത്രി
തൃശൂര്‍: സി.പി.എം അക്കൗണ്ട് മരവിപ്പിച്ചാല്‍ സുരേഷ് ഗോപിക്ക് രക്ഷയുണ്ടാകുമെന്നു ബിജെപി ചിന്തിച്ചിട്ടുണ്ടെങ്കില്‍ അത് വെറുതെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുരേഷ് ഗോപിക്ക് ആ രക്ഷ കിട്ടാന്‍ പോകുന്നില്ല. ഞങ്ങളുടെ പ്രവര്‍ത്തനം സജീവമായി നടത്തും. ബി.ജെ.പിയെ പോലെ വലിയ പണമൊന്നും ഞങ്ങള്‍ക്കില്ല. ഉറപ്പായും സുരേഷ് ഗോപി പരാജയപ്പെടും. സുരേഷ് ഗോപിയുടെ ഗ്രാഫ് ദിനംതോറും കുറഞ്ഞുവരികയാണെന്നും അദ്ദേഹം പരിഹസിച്ചു. പത്തു വര്‍ഷത്തെ പ്രോഗ്രസ് കാര്‍ഡ് വച്ച് വോട്ടു ചോദിക്കാന്‍ ബി.ജെ.പിക്ക് ധൈര്യമുണ്ടോയെന്ന് ചോദിച്ച മുഖ്യമന്ത്രി കേരളത്തോട് ബി.ജെ.പിക്ക് വിദ്വേഷ സമീപനമാണെന്നും പറഞ്ഞു.
സംഘ്പരിവാറിനെ എതിര്‍ക്കുന്ന എല്‍.ഡി.എഫ് ആണോ തെരഞ്ഞെടുപ്പില്‍ ജയിക്കേണ്ടത് അതോ മൃദുസമീപനമെടുക്കുന്ന യു.ഡി.എഫോ എന്നും അദ്ദേഹം ചോദിച്ചു. കേരള വിരുദ്ധ നിലപാടെടുക്കുന്ന യു.ഡി.എഫിന് വോട്ടര്‍മാര്‍ കനത്ത ശിക്ഷ നല്‍കും. എല്‍.ഡി.എഫ് മികച്ച വിജയം നേടുമെന്നും ബി.ജെ.പി മുന്നണി മൂന്നാമതാകുമെന്നും മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
എക്‌സാലോജിക്‌സുമായി ബന്ധപ്പെട്ട ഇടപാടുകളെല്ലാം അക്കൗണ്ടുകള്‍ വഴിയാണ് നടന്നത്. അതിനെപ്പറ്റി കൂടുതലൊന്നും പറയാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ തകര്‍ക്കുക എന്ന നിലപാടിന്റെ ഭാഗം തന്നെയാണ് കേരളത്തിലെ സഹകരണ മേഖലയോടുള്ള ബി.ജെ.പിയുടെ നിലപാട്. കടുത്ത വിരോധപരമായ സമീപനമാണ് കേരളത്തോട് ബി.ജെ.പി സ്വീകരിച്ചുവരുന്നത്. നോട്ട് നിരോധകാലത്ത് കേരളത്തിലെ സഹകരണ മേഖലയെ വേട്ടയാടാനുള്ള ശ്രമമാണ് നടന്നത്. ഏതെങ്കിലും ഒരു സംഭവം നടന്നതിന്റെ പേരില്‍ കേരളത്തിന്റെ സഹകരണ മേഖലയെ ആകെ അപകീര്‍ത്തിപ്പെടുത്താനോ ഇല്ലാതാക്കാനോ ഉള്ള പ്രവര്‍ത്തനമല്ല നടത്തേണ്ടത്. കുറ്റം ചെയ്തവര്‍ക്കെതിരെ അര്‍ഹമായ ശിക്ഷ ലഭിക്കത്തക്ക നടപടികള്‍ സ്വീകരിക്കും. അതില്‍ ഒരു വിട്ടുവീഴ്ചയും ഇല്ല. കരുവന്നൂരിന്റെ കാര്യത്തിലും ഇതേ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.- അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ നല്ല രീതിയിലുള്ള വിശ്വാസം കേരളത്തിലെ സഹകരണസ്ഥാപനങ്ങള്‍ക്കുണ്ട്. നല്ല നിലയിലാണ് സഹകരണ മേഖലയെ സംരക്ഷിച്ചിട്ടുള്ളത്. മനുഷ്യരാണ് ഇതിനെല്ലാം നേതൃത്വം കൊടുക്കുന്നത്. ചില ഘട്ടങ്ങളില്‍ ആ മനുഷ്യരില്‍ ചിലര്‍ വഴിതെറ്റിയ നിലപാടുകള്‍ സ്വീകരിച്ചു. അവരോട് ഒരു വിട്ടുവീഴ്ചയും സര്‍ക്കാരില്‍ നിന്ന് ഉണ്ടാകില്ല. കേരളത്തിലെ സഹകരണമേഖലയെ ആകെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കമാണ് നടത്തുന്നത്. കുറ്റം ചെയ്യുന്നവര്‍ക്ക് തക്കതായ ശിക്ഷ ലഭിക്കുന്ന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്ഥിരം തൊഴില്‍ സ്വപ്നം പോലുമല്ലാതാകുന്ന അവസ്ഥയിലാണ് രാജ്യം. പത്ത് വര്‍ഷത്തെ പ്രോഗസ് കാര്‍ഡ് വെച്ച് വോട്ട് ചോദിക്കാന്‍ ബി.ജെ.പിക്ക് ധൈര്യമുണ്ടോ?അഞ്ച് വര്‍ഷത്തിനിടെ 10 ലക്ഷം കോടിയോളം രൂപയുടെ കോര്‍പറേറ്റ് ലോണുകളാണ് പൊതുമേഖല ബാങ്കുകള്‍ എഴുതിത്തള്ളിയത്. പൗരത്വ ഭേദഗതി നിയമം കേമത്തമായി പറയുകയും ഏകസിവില്‍ കോഡ് അടക്കമുള്ള അജണ്ട മുന്‍ നിര്‍ത്തി രാജ്യത്ത് ധ്രുവീകരണത്തിന് വഴിമരുന്നിടുകയും ചെയ്യുന്ന ബി.ജെ.പി പ്രകടന പത്രികയുടെ ജനകീയ വിചാരണയാണ് ഈ തെരഞ്ഞെടുപ്പില്‍ നടക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രകടന പത്രികയില്‍ സ്വീകരിച്ച അതേ നിലപാടാണ് കേരളത്തോടും സംസ്ഥാനമെന്ന നിലയില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചതെന്ന് മുഖ്യമന്ത്രിപറഞ്ഞു. കടമെടുപ്പ് പരിധി വിഷയത്തില്‍ സുപ്രിം കോടതിയില്‍ നിന്നും കേരളത്തിനു തിരിച്ചടി കിട്ടിയെന്നാണ് പ്രധാനമന്ത്രി ഇന്നലെ നടത്തിയ പ്രസംഗങ്ങളില്‍ പറഞ്ഞതായി കേട്ടത്. കേരളത്തിന് തിരിച്ചടിയുണ്ടായിട്ടില്ല. വിഷയം ഭരണഘടനാ ബെഞ്ചിന് വിടുന്നത് എങ്ങനെയാണ് തിരിച്ചടിയാകുക. മുഖ്യമന്ത്രി ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."