വനവല്‍ക്കരണ വകുപ്പ് നട്ടുപിടിപ്പിക്കുന്ന വൃക്ഷത്തൈകള്‍ സംരക്ഷിക്കല്‍ കടലാസിലൊതുങ്ങുന്നു
മാനന്തവാടി: വിവിധ പദ്ധതികളിലൂടെ സാമൂഹ്യ വന വല്‍ക്കരണ വകുപ്പ് നട്ടുപിടിപ്പിക്കുന്ന വൃക്ഷ തൈകള്‍ സംരക്ഷിക്കല്‍ കടലാസിലൊതുങ്ങുന്നു. വര്‍ഷം തോറും കോടിക്കണക്കിന് രൂപയുടെ മരം വച്ച് പിടിപ്പിച്ചിട്ടും ലക്ഷ്യം കാണാതെ പോകുന്നു.
എന്റെ മരം, നമ്മുടെ മരം, ഹരിത തീരം, വഴിയോര തണല്‍, ഹരിത കേരളം എന്നിങ്ങനെ നിരവധി പദ്ധതികളിലൂടെ സാമൂഹ്യ വന വല്‍ക്കരണ വിഭാഗം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സംസ്ഥാനത്തും ജില്ലയിലും നടത്തി വരുന്ന വന വല്‍ക്കരണ പദ്ധതികളാണ് ലക്ഷ്യം കാണാതെ കോടികള്‍ പാഴാവുന്ന പദ്ധതികളായി മാറുന്നത്.
ഓരോ പദ്ധതികള്‍ നടപ്പിലാവുമ്പോഴും വന വല്‍ക്കരണത്തോടൊപ്പം തന്നെ ഇവ സംരക്ഷിക്കുന്നതിനും പദ്ധതികളില്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കാറുണ്ടെങ്കിലും ഇവിയൊന്നും നടപ്പിലാവാറില്ല എന്നതാണ് യാഥാര്‍ഥ്യം.
ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിനോടനുബന്ധിച്ച് കൂടുതല്‍ വൃക്ഷ തൈകള്‍ വച്ച് പിടിപ്പിക്കല്‍ അരങ്ങേറുന്നത് ദേശീയ വന നയത്തിന്റെ ഭാഗമായി തുടങ്ങിയ പദ്ധതിയിലെ ആദ്യ ഘട്ടം വഴിയോര തണല്‍ പദ്ധതിയായിരുന്നു.
ചുമട്ടു തൊഴിലാളികളുടെ പങ്കാളിത്തത്തോടെയും സഹകരണത്തോടെയും നടപ്പിലാക്കി എന്ന് അവകാശപ്പെട്ട ഈ പദ്ധതിയില്‍ 1,22000 തൈകള്‍ വച്ച് പിടിപ്പിച്ചതായാണ് കണക്കുകള്‍. 36 ശതമാനം ബാക്കിയായെന്ന് വനം വകുപ്പ് അവകാശപ്പെടുമ്പോഴും വഴിയോരങ്ങളിലൊന്നും തന്നെ ഇത്തരം മരങ്ങള്‍ കാണാനില്ല. എന്റെ മരം, നമ്മുടെ മരം എന്നീ പദ്ധതികളിലൂടെ വിദ്യാര്‍ഥികള്‍ മുഖേനയായിരുന്നു തൈവച്ച് പിടിപ്പിക്കല്‍ നടന്നത്. അഞ്ചാം ക്ലാസ് മുതല്‍ ഡിഗ്രി തലം വരെയുള്ള വിദ്യാര്‍ഥികളെ ഉപയോഗിച്ചായിരുന്നു 52,69000 തൈകള്‍ സംസ്ഥാനത്ത് വിതരണം ചെയ്തത്.
ഇതില്‍ എത്ര ശതമാനം അതിജീവിച്ചുവെന്നതും വനം വകുപ്പിന് കൃത്യതയില്ല. ഹരിതതീരം പദ്ധതിയിലൂടെ 22,52000 തൈകള്‍ കടലോരങ്ങളിലും ഹരിത കേരളം പദ്ധതിയിലൂടെ 88,85000 തൈകളും വച്ച് പിടിപ്പിക്കല്‍ സര്‍ക്കാര്‍ വനം വകുപ്പ് നടത്തിയിട്ടുണ്ട്. ഹരിത കേരളം പദ്ധതി പ്രകാരം ഗ്രാമ പഞ്ചായത്തുകളുടെ സഹകരണത്തോടെയായിരുന്നു തൈകല്‍ നടീലും നടത്തിയത്. തൈകളുടെ പരിചരണം, പരിപാലനം തുടങ്ങിയ പ്രവര്‍ത്തികളുടെ ചുമതലയും തൊഴിലുറപ്പ് തൊഴിലാളികള്‍ക്കായിരുന്നു. എന്നാല്‍ പരിസ്ഥിതി ദിനത്തില്‍ തൈനട്ടതൊഴിച്ചാല്‍ തുടര്‍ പരിചരണമൊന്നും തന്നെ ഉണ്ടായില്ല.
സാമൂഹ്യ വന വല്‍ക്കരണത്തിന്റെ ഭാഗമായി പൊതു സ്ഥലങ്ങള്‍, സര്‍ക്കാര്‍, സര്‍ക്കാരേതര ഭൂമി, പാതയോരങ്ങള്‍, വിദ്യാലയ പരിസരങ്ങള്‍, പുഴ, തോട്, തടാകം എന്നിവയുടെ കരകള്‍ തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു ആഞ്ഞിലി, വേപ്പ്, അശോകം, ബദാം, കണിക്കൊന്ന, കൂവളം, മഹാഗണി, മാവ്, നെല്ലി, ഞാവല്‍, പ്ലാവ്, തേക്ക്, താന്നി, വേങ്ങ തുടങ്ങിയ തൈകളാണ് നട്ടുപിടിപ്പിക്കുന്നത്. വയനാട്ടില്‍ ബേഗൂര്‍, ചുരുളി, മേപ്പാടി തുടങ്ങിയ നഴ്‌സറികളില്‍ നിന്നാണ് തൈകള്‍ ഉല്‍പ്പാദിപ്പിച്ച് സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ വിതരണം ചെയ്യുന്നത്.
എല്ലാ പരിസ്ഥിതി ദിനത്തിലും വച്ചു പിടിപ്പിക്കാന്‍ വിതരണം ചെയ്യുന്ന തൈകള്‍ എത്രയെണ്ണം ശരിയാം വിതത്തില്‍ വെച്ച് പിടിപ്പിച്ചെന്നോ സംരക്ഷിച്ചെന്നോ പരിശോധിക്കാന്‍ വനം വകുപ്പിന് സംവിധാനമില്ലാത്തത് സാമൂഹ്യ വന വല്‍ക്കരണത്തിന്റെ ഭാഗമായി സര്‍ക്കാരിന് കോടികളുടെ നഷ്ടത്തിന് ഇടയാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."