സഊദിയിലും യു.എ.ഇയിലും വാറ്റ് പ്രാബല്യത്തില്‍
ജിദ്ദ/ദുബൈ: ഗള്‍ഫ് രാജ്യങ്ങളായ സഊദി അറേബ്യയും യു.എ.ഇയും ചരിത്രത്തിലാദ്യമായി മൂല്യവര്‍ധിത നികുതി(വാറ്റ്) നടപ്പാക്കി. ഉല്‍പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും അഞ്ചു ശതമാനം നികുതിയാണ് ഈടാക്കുന്നത്. ഞായറാഴ്ച അര്‍ധരാത്രി മുതല്‍ കഴിഞ്ഞ ദിവസം പുലര്‍ച്ച വരെ ഉല്‍പന്നങ്ങളില്‍ പുതിയ വില രേഖപ്പെടുത്തുന്ന തിരക്കിലായിരുന്നു സഊദിയിലെ മിക്ക സ്ഥാപനങ്ങളിലെയും ജീവനക്കാര്‍. യു.എഇ.യിലും കഴിഞ്ഞ ദിവസം മുതലാണ് നികുതി വര്‍ധന പ്രാബല്യത്തില്‍ വന്നത്.
മറ്റ് ജി.സി.സി രാജ്യങ്ങളും വരും വര്‍ഷങ്ങളില്‍ വാറ്റ് നടപ്പാക്കി തുടങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്. എണ്ണയിതര വരുമാനം കൂടുതല്‍ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നടപടി. യു.എ.ഇയില്‍ വിദ്യാഭ്യാസ ഫീസ്, ചികിത്സാചെലവ്, യാത്രക്കൂലി തുടങ്ങിയവയെ വാറ്റില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജീവിത ചെലവില്‍ നേരിയ വര്‍ധനവുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. അടിസ്ഥാന സൗകര്യ വികസനം, പൊതുസേവനങ്ങള്‍ തുടങ്ങിയവയ്ക്കാകും വാറ്റില്‍നിന്നു ലഭിക്കുന്ന വരുമാനം ഉപയോഗിക്കുകയെന്നു സര്‍ക്കാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.
മൂല്യവര്‍ധിത നികുതിക്കു പുറമെ പെട്രോളിയം ഉല്‍പന്നങ്ങള്‍, വൈദ്യുതി, വെള്ളം തുടങ്ങി വിവിധ നിരക്കുകളില്‍ കുത്തനെയുള്ള വിലവര്‍ധനവും പ്രാബല്യത്തില്‍ വന്നു. പെട്രോളിന് ഇരട്ടിയിലധികവും വൈദ്യുത നിരക്ക് മൂന്നിരട്ടിയിലധികവുമാണ് വര്‍ധിപ്പിച്ചത്.
എല്ലാത്തരം ഭക്ഷ്യവസ്തുക്കള്‍ക്കും ഇന്നലെ മുതല്‍ അഞ്ചു ശതമാനം വാറ്റ് ഏര്‍പ്പെടുത്തുന്നതോടെ വിലയില്‍ വര്‍ധനയുണ്ടാകും. ബ്രെഡ് മുതല്‍ പച്ചക്കറി വരെ എല്ലാ ഭക്ഷ്യവസ്തുക്കള്‍ക്കും വില കൂടുന്നതോടെ കുടുംബ ബജറ്റിലും വര്‍ധന വരും.
വിദ്യാഭ്യാസ മേഖലയില്‍ അംഗീകൃത നഴ്‌സറി, പ്രീ സ്‌കൂള്‍, സ്‌കൂളുകള്‍ എന്നിവയില്‍ ഫീസിന് വാറ്റ് നല്‍കേണ്ടതില്ല. ഫെഡറല്‍, പ്രാദേശിക സര്‍ക്കാരുകളുടെ ഉടമസ്ഥതയിലുള്ളതോ ഫണ്ട് ചെയ്യുന്നതോ ആയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഫീസിലും വാറ്റ് ബാധകമല്ല. എന്നാല്‍ യൂനിഫോം ഉള്‍പ്പെടെ അനുബന്ധ സേവനങ്ങള്‍ക്ക് വാറ്റ് ബാധകമാണെന്നാണു പ്രാഥമിക വിവരം.
അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് മാത്രമാണ് വാറ്റ് ഇളവ് ലഭ്യമാകുന്നതെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു. ആരോഗ്യ രംഗത്ത് വാക്‌സിനേഷന്‍, ചികിത്സ തുടങ്ങിയവയ്ക്കു വാറ്റ് ബാധകമല്ല. എന്നാല്‍ കോസ്‌മെറ്റിക്‌സ് തുടങ്ങിയ ചികിത്സ അല്ലാത്ത സേവനങ്ങള്‍ക്ക് വാറ്റ് ബാധകമാണ്. കാബിനറ്റ് തീരുമാനത്തില്‍ ഇല്ലാത്ത മരുന്നുകള്‍ക്കും മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും വാറ്റ് നല്‍കേണ്ടതുണ്ട്. ജലം, വൈദ്യുതി, ടെലഫോണ്‍, മൊബൈല്‍ കോളുകള്‍ തുടങ്ങിയവയ്ക്കും വാറ്റ് ബാധകമാണ്. റിയല്‍ എസ്റ്റേറ്റ് രംഗത്ത് അഞ്ചുശതമാനം വാറ്റ് ഈടാക്കുമെങ്കിലും താമസ വാടകയ്ക്കു നല്‍കേണ്ടതില്ലെന്നാണു വിവരം.
അതേസമയം ലുലു ഉള്‍പ്പെടെയുള്ള വന്‍കിട വാണിജ്യ സ്ഥാപനങ്ങള്‍ പത്ത് റിയാല്‍ വരെയുള്ള ഉല്‍പന്നങ്ങളുടെ വില ഉപഭോക്താക്കളില്‍നിന്ന് ഈടാക്കാതെ നേരിട്ട് അടയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ ലോകത്തെ ഏറ്റവും കുറഞ്ഞ നികുതി സമ്പ്രദായമാണ് സഊദിയില്‍ നടപ്പാക്കിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."