മദ്യലഹരിയില്‍ കൊച്ചുമകന്‍ മുത്തശ്ശിയെ മര്‍ദിച്ചതായി പരാതി
മുണ്ടക്കയം: മദ്യ ലഹരിയില്‍ വീട്ടിലെത്തിയ കൊച്ചുമകന്‍ മുത്തശ്ശിയെ മര്‍ദിച്ചതായി പരാതി. പനക്കച്ചിറ ടോപ്പു ഭാഗത്ത് കുന്നേല്‍ മേക്കേതില്‍ സദാശിവന്റെ ഭാര്യ സരോജിനി(76)യാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് 12നു വീട്ടിലെത്തിയ മകളുടെ മകന്‍ മൂക്കംപെട്ടി പൂച്ചേത്ത്(പുളിക്കല്‍) സനീഷ്, ഭാര്യ ശരണ്യ, ബന്ധു രഘു എന്നിവരുടെ നേതൃത്വത്തില്‍ 20ഓളം പേര്‍ വീട്ടിലെത്തുകയും വീട്ടിലെ പലവ്യഞ്ജന സാധനങ്ങളും വീട്ടുപകരണങ്ങളും വാഹനത്തില്‍ കയറ്റിക്കൊണ്ടുപോകുകയും ചെയ്തു. ഇത് എതിര്‍ക്കാന്‍ ശ്രമിച്ചതിനു കഴുത്തിനു പിടിച്ചു തള്ളിയിടുകയായിരുന്നുവെന്ന് സരോജിനി പറഞ്ഞു. ഈ സമയം ഭര്‍ത്താവ് സദാശിവനും മകളും വീട്ടിലുണ്ടായിരുന്നില്ല.
രണ്ട് പിക്കപ്പ് ജീപ്പുകളിലും ഒരു ടാറ്റാ സുമായിലുമായാണു സംഘം എത്തിയത്. താനും ഭര്‍ത്താവും ദീര്‍ഘകാലം ടി.ആര്‍ ആന്‍ഡ് ടി കമ്പനി റബര്‍ എസ്റ്റേറ്റില്‍ ജോലി ചെയ്തു സമ്പാദിച്ച സ്ഥലത്തില്‍ 23 സെന്റ് സ്ഥലം തങ്ങളുടെ കാലശേഷം മകളുടെ മകനായ സനീഷിനു നല്‍കാമെന്നു മുന്‍പ് പറഞ്ഞിട്ടുണ്ട്.
എന്നാല്‍ ഈ ആവശ്യമുന്നയിച്ച് ഇയാള്‍ നിരന്തരമായി തങ്ങളെ ശല്യം ചെയ്യുകയും മുന്‍പ് ഒരു തവണ തന്നെയും ഭര്‍ത്താവിനെയും മര്‍ദിക്കുകയും കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തതായി സരോജിനി ആരോപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ഭര്‍ത്താവ് സദാശിവന്‍, മകള്‍ സുലേഖ എന്നിവരും പങ്കെടുത്തു.
സംഭവത്തില്‍ പരാതി ലഭിച്ചിട്ടുണ്ടെന്നും കാര്യങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും മുണ്ടക്കയം എസ്.ഐ പ്രസാദ് എബ്രഹാം വര്‍ഗീസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."