ജില്ലാപഞ്ചായത്ത് സ്ഥിരം സമിതികളില്‍ ഒന്ന് യു.ഡി.എഫിന് നഷ്ടമായി
കാക്കനാട്: ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷയായി സി.പി.എമ്മിലെ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.ഷൈലയെ തെരഞ്ഞെടുത്തു. ഇതോടെ ഭരണകക്ഷിയായ യു.ഡി.എഫിന് നാല് സ്ഥിരം സമിതികളില്‍ ഒന്ന് നഷ്ടമായി. മുസ്‌ലിം ലീഗിലെ റസിയ റഹ്മത്ത് സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
അഞ്ചംഗങ്ങളുള്ള സ്ഥിരം സമിതിയില്‍ പി.എസ്. ഷൈല മാത്രമാണ് നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നത്. സ്ഥിരം സമിതിയില്‍ മൂന്ന് പേര്‍ എല്‍.ഡി.എഫ് അംഗങ്ങളായിരുന്നതിനാല്‍ യു.ഡി.എഫില്‍ നിന്ന് ആരും മത്സരിക്കാനും തയ്യാറായിരുന്നില്ല. എ.ഡി.എം സി.കെ.പ്രകാശായിരുന്നു വരണാധികാരി.
വികസനകാര്യ സ്ഥിരം സമിയില്‍ അംഗമായിരുന്ന പി.എസ്.ഷൈല അവിടെ നിന്ന് രാജിവച്ചാണു എല്‍.ഡി.എഫിന് ഭൂരിപക്ഷമുള്ള ക്ഷേമകാര്യ സ്ഥിരം സമിതിയില്‍ അംഗമായത്.
ഒരംഗത്തെ കോടതി അസാധുവാക്കിയതിനെ തുടര്‍ന്ന് ഭൂരിപക്ഷം നഷ്ടപ്പെട്ട പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം നിലനിര്‍ത്താന്‍ ലക്ഷ്യമിട്ടായിരുന്നു റസിയ റഹ്മത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം രാജിവെച്ചതെങ്കില്‍ ഇതേ സ്ഥാനത്ത് അധ്യക്ഷ പദവി ലക്ഷ്യമിട്ടായിരുന്നു പി.എസ്.ഷൈലയും രാജിവച്ചത്.
സി.പി.എമ്മിന് ഒരംഗത്തെ കൂടി കിട്ടിയതോടെ പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ സ്ഥാനം കോണ്‍ഗ്രസിന് നഷ്ടമാകുന്ന സാഹചര്യമുണ്ടായിരുന്നു.
സി.കെ അയ്യപ്പന്‍ കുട്ടി ചെയര്‍മാനായ പൊതുമരാമത്ത് സമിതിയില്‍ അംഗമായിരുന്ന എം.എം അബ്ദുല്‍ കരീമാണ് കോടി വിധിയിലൂടെ പുറത്ത് പോയത്.
കോടതി അദ്ദേഹത്തെ അയോഗ്യനാക്കിയതിനെ തുടര്‍ന്ന് സി.പി.എമ്മിലെ കെ.എം.പരീത് ഡിസംബര്‍ 14ന് സത്യപ്രതിജ്ഞ ചെയ്തു ചുമതല ഏറ്റിരുന്നു. ഇതോടെ 27 അംഗ ജില്ലാ പഞ്ചായത്തില്‍ യു.ഡി.എഫ് 15, എല്‍.ഡി.എഫ് 12 എന്നിങ്ങനെയാണ് നിലവിലെ അംഗബലം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."