രസീല രാജുവിന്റെ കുടുംബത്തിന് ഇന്‍ഫോസിസ് ഒരു കോടി നഷ്ടപരിഹാരം നല്‍കും
കോഴിക്കോട്: ഞായറാഴ്ച രാത്രി പൂനെയില്‍ കൊല്ലപ്പെട്ട ഇന്‍ഫോസിസ് ജീവനക്കാരി കോഴിക്കോട് കുന്ദമംഗലം സ്വദേശി രസീല രാജുവിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് ഇന്‍ഫോസിസ് കമ്പനി അധികൃതര്‍ അറിയിച്ചു. കൂടാതെ ബന്ധുക്കളില്‍ ഒരാള്‍ക്ക് ജോലിയും നല്‍കും.
ഞായറാഴ്ച രാത്രി എട്ടു മണിയോടെയാണ് സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ രസീലയെ പൂനെയിലെ ഇന്‍ഫോസിസ് കാമ്പസില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പൂനെ ഹിന്‍ജാവാദിയിലെ രാജീവ് ഗാന്ധി ഇന്‍ഫോടെക് പാര്‍ക്കില്‍ കമ്പ്യൂട്ടറിന്റെ വയര്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച നിലയിലായിരുന്നു മൃതദേഹം.
പോസ്റ്റുമോര്‍ട്ടത്തിനുശേഷം പൂനെയില്‍ നിന്ന് വിമാന മാര്‍ഗം ഇന്ന് ഉച്ചയോടെ കുന്ദമംഗലത്തെ വീട്ടില്‍ എത്തിച്ച മൃതദേഹം വൈകീട്ടോടെ സംസ്‌കരിച്ചു. വന്‍ ജനാവലിയാണ് ആദരാഞ്ജലികളര്‍പ്പിക്കാനായി രസീലയുടെ വീട്ടിലെത്തിയിരുന്നത്. സംസ്‌കാര ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എം.എല്‍.എമാരു പങ്കെടുത്തു. സംഭവത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.
കുന്ദമംഗലം പൊലിസ് സ്റ്റേഷനിലെ ഹോംഗാര്‍ഡ് രാജുവിന്റെ മകളായിരുന്നു 25കാരിയായ രസീല. ഒരു വര്‍ഷമായി പൂനെ ഇന്‍ഫോസിസില്‍ ജോലി ചെയ്തു വരികയാണ്.
സംഭവത്തില്‍ ഓഫിസിലെ സുരക്ഷാ ജീവനക്കാരനെ അറസ്റ്റ് ചെയ്തിരുന്നു. അസംകാരനായ ബാബന്‍ സൈക്യ(26)യെയാണ് കസ്റ്റഡിയിലെടുത്തത്.
ഇന്‍ഫോസിസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ ഒമ്പതാംനിലയില്‍ യുവതി ജോലി ചെയ്യുന്ന സ്ഥലത്തിന് തൊട്ടടുത്താണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച അവധിയായിട്ടും ജോലികള്‍ ചെയ്തു തീര്‍ക്കാനാണ് യുവതി ഓഫീസിലെത്തിയിരുന്നത്. ഞായറാഴ്ച വൈകീട്ട് അഞ്ച് മണിക്കാണ് കൊലപാതകം നടന്നതെങ്കിലും എട്ടു മണിക്കാണ് വിവരം പൊലിസിനെ അറിയിച്ചത്.
അതേ സമയം സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കമ്പനിയിലെ മേലുദ്യോഗസ്ഥനെ സംശയമുള്ളതായും നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും ബന്ധുക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."