HOME
DETAILS

വിടവാങ്ങിയത് യുഗപുരുഷന്‍

  
backup
February 01 2017 | 08:02 AM

e-ahammed-story

വിദ്യാര്‍ഥി ജീവിതകാലം മുതല്‍ രാഷ്ട്രീയത്തെ കൂടെ കൊണ്ടുനടന്ന ഇ. അഹമ്മദ് യുഗപുരുഷന്‍ എന്ന വിശേഷണത്തിന് ഏറ്റവും അനുയോജ്യനാണ്. ഏറ്റവും പഴയതലമുറയെയും പുതിയ തലമുറയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണിയായിരുന്നു അദ്ദേഹം. പൂര്‍വകാല നേതാക്കളില്‍ നിന്നാര്‍ജിച്ച രാഷ്ട്രീയ തന്ത്രങ്ങളും പുതിയ തലമുറയില്‍ നിന്നുള്ള ആവേശവും ഉള്‍ക്കൊണ്ട് പ്രവര്‍ത്തകരെ സജീവമാക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. മുസ്‌ലിംലീഗില്‍ എത്തിച്ചേരാവുന്ന പദവികളില്‍ ഏറ്റവും മികച്ച പദവികള്‍ ഇ. അഹമ്മദിനെ തേടിയെത്തി. എം.എല്‍.എ, എം.പി, മന്ത്രി, കേന്ദ്ര മന്ത്രി, ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യന്‍ പ്രതിനിധി തുടങ്ങി പലതരത്തിലും അദ്ദേഹം മികവ് തെളിയിച്ചു.


ജനാധിപത്യത്തില്‍ അടിയുറച്ച് വിശ്വസിച്ച മതേതരവാദിയായിരുന്നു അഹമ്മദ്. മതന്യൂനപക്ഷങ്ങളുടെ താല്‍പര്യങ്ങള്‍ക്കുവേണ്ടി ശക്തമായി പോരാടുമ്പോഴും തികഞ്ഞ മതേതരബോധം അദ്ദേഹം കാത്തുസൂക്ഷിച്ചു. രാജ്യത്തിന്റെ പ്രതിനിധിയായി പോയ ഇടങ്ങളിലെല്ലാം ഇന്ത്യയുടെ ബഹുസ്വരതയും രാജ്യത്തിന്റെ താല്‍പര്യവും അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചു. മറിച്ചൊരു നിലപാട് അദ്ദേഹത്തിനുണ്ടായിരുന്നില്ല. ഇന്ദിരാഗാന്ധിയുടെ കാലത്തുതന്നെ ഗള്‍ഫ് രാഷ്ട്രങ്ങളിലേക്ക് ഇന്ത്യന്‍ പ്രതിനിധിയായി അദ്ദേഹത്തെ നിയമിച്ചിരുന്നു. വിദേശകാര്യ മന്ത്രിയായിരുന്ന കാലത്ത് പ്രവാസികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും ഹജ്ജ് തീര്‍ഥാടകരുമായി ബന്ധപ്പെട്ട സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും അദ്ദേഹം ചെയ്ത സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണ്. സഊദി പൗരന്റെ കാഴ്ച നഷ്ടപ്പെട്ട കേസില്‍ സഊദിയില്‍ കണ്ണ് ചൂഴ്‌ന്നെടുക്കാന്‍ ശിക്ഷ വിധിക്കപ്പെട്ട നൗഷാദിനെ രക്ഷപ്പെടുത്താന്‍ ഒരു കുടുംബനാഥന്റെ ഉത്തരവാദിത്ത ബോധത്തോടെയാണ് അഹമ്മദ് സാഹിബ് ഊണും ഉറക്കവുമില്ലാതെ അധ്വാനിച്ചത്. സഊദി ഭരണാധികാരികളുമായി നിരന്തരം കൂടിക്കാഴ്ച നടത്തിയും നയതന്ത്രപരമായ നടപടികള്‍ പൂര്‍ത്തിയാക്കിക്കൊണ്ടും മാസങ്ങള്‍ നീണ്ട പ്രയത്‌നം അവസാനം ഫലം കണ്ടു. ശിക്ഷ ഇളവുമാത്രമല്ല നൗഷാദിന് ജയില്‍മോചനം തന്നെ സാധ്യമായി. അഹമ്മദിന്റെ പ്രവര്‍ത്തന ഫലമായി വിദേശരാജ്യങ്ങളിലെ ജയിലുകളിലെ കൂരിരുട്ടില്‍ നിന്ന് സ്വന്തം വീടുകളിലേക്ക് ഇങ്ങനെ തിരികെയെത്തിയത് എണ്ണമറ്റ ജീവിതങ്ങളാണ്. വിദേശത്തുവച്ച് മരിക്കുന്ന മലയാളികളുടെ മൃതദേഹത്തിനായി ബന്ധുക്കള്‍ മാസങ്ങളും വര്‍ഷവും കാത്തിരിക്കുന്ന കാലത്തിന് അറുതിവരുത്തിയതും അദ്ദേഹം വിദേശകാര്യമന്ത്രിയായിരുന്ന കാലത്താണ്.


വിദേശകാര്യ സഹമന്ത്രിയായിരുന്നപ്പോള്‍ പരിചയസമ്പന്നരായ മുതിര്‍ന്ന കാബിനറ്റംഗങ്ങളും പ്രധാനമന്ത്രിക്കൊത്ത തലയെടുപ്പുള്ളവരും മാത്രം വഹിച്ചുപോന്ന ക്രൈസിസ് മാനേജ്‌മെന്റ് കമ്മിറ്റിയുടെ ചെയര്‍മാന്‍ പദവി അന്ന് വെറും കന്നിക്കാരനായ ഇ. അഹമ്മദിന്റെ കൈകളിലെത്തി. കുവൈത്തില്‍ നടന്ന 32 ഏഷ്യന്‍ രാജ്യങ്ങളുടെ സംവാദത്തില്‍ മന്ത്രിതലത്തിലെ നോമിനിയായും ഇന്ത്യന്‍ പ്രധാനമന്ത്രിക്കുവേണ്ടിയും പങ്കെടുത്തത് അഹമ്മദ് തന്നെ. ഐക്യരാഷ്ട്ര അസംബ്ലിയില്‍ ഫലസ്തീനുവേണ്ടി ഇന്ത്യയുടെ ശബ്ദമായി മാറി. ഡല്‍ഹിയില്‍ ഫലസ്തീന്‍ എംബസി സ്ഥാപിച്ചതും അദ്ദേഹത്തിന്റെ ശ്രമഫലമായി. 2004 സപ്റ്റംബറില്‍ അമേരിക്കന്‍ ജൂത മിസൈലുകള്‍ വീടിനു മുകളില്‍ വര്‍ഷിച്ചുകൊണ്ടിരിക്കെ അതിനുള്ളില്‍ കടന്നുചെന്ന് യാസര്‍ അറഫാത്ത് എന്ന പൊരുതുന്ന ഫലസ്തീന്‍ നായകനെ നെഞ്ചില്‍ ചേര്‍ത്തു പിടിക്കാനും ഇന്ത്യയുടെ ഇ. അഹമ്മദ് ഉണ്ടായിരുന്നു. റെയില്‍വേ വകുപ്പ് കൈകാര്യം ചെയ്തിരുന്ന കാലത്ത് കേരളത്തിന് ഇരുപതോളം പുതിയ ട്രയിനുകളാണ് അനുവദിച്ചത്.


ആദ്യകാലത്ത് കേരളത്തിനു പുറത്തുള്ള പല സംസ്ഥാനങ്ങളിലും ലീഗ് സജീവമായിരുന്നുവെങ്കിലും പിന്നീട് ഇവിടെയെല്ലാം പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായി. ഇവിടങ്ങളിലെല്ലാം പാര്‍ട്ടിക്ക് പുനര്‍ജന്മം നല്‍കുന്നതിന് അഹമ്മദിന്റെ പ്രവര്‍ത്തനം നല്ല ഫലം ചെയ്തിട്ടുണ്ട്. ഡല്‍ഹി കേന്ദ്രീകരിച്ച് ഭരണപ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോഴും പുറത്ത് പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ പ്രയത്‌നിച്ചു. കേരളാ സ്റ്റേറ്റ് മുസ്‌ലിം ലീഗ് എന്നായിരുന്നു മുസ്്‌ലിംലീഗിന്റെ രജിസ്‌ട്രേഷന്‍ ഉണ്ടായിരുന്നത്. പിന്നീട് ഇന്ത്യന്‍ യൂനിയന്‍ മുസ്്‌ലിംലീഗ് എന്ന് നിയമാനുസൃതമായി മാറ്റിയെടുക്കുന്നതിലും അദ്ദേഹം മുഖ്യപങ്ക് വഹിച്ചു. ദേശീയതലത്തില്‍ കോണ്‍ഗ്രസും മുസ്്‌ലിംലീഗും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതില്‍ ഇന്ദിരാഗാന്ധി, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി തുടങ്ങിയ നേതാക്കള്‍ക്കിടയില്‍ ഒരു കണ്ണിയായി അഹമ്മദുണ്ടായിരുന്നു. നല്ല ലീഗുകാരന്‍, നല്ല ഇന്ത്യക്കാരന്‍, നല്ല ഭരണാധികാരി, പ്രവാസികളുടെ ഉറ്റ ബന്ധു എന്നീ നിലകളിലെല്ലാം ശോഭിക്കാന്‍ അദ്ദേഹത്തിനായി. അഹമ്മദ് സാഹിബിനെ പോലുള്ള ഒരു നേതാവ് ഇനിയുണ്ടാകാനുള്ള സാധ്യത വിദൂരത്താണ്. നാഥന്‍ മഗ്ഫിറത്ത് നല്‍കട്ടേ... ആമീന്‍



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയിൽ

Kerala
  •  15 days ago
No Image

തിരുവനന്തപുരം; വർക്ക് സൈറ്റിൽ നിന്ന് ടൺ കണക്കിന് ഇരുമ്പ് കമ്പിയും നിർമാണ സാമഗ്രികളും മോഷ്ടിച്ച പ്രതികൾ പിടിയിൽ

Kerala
  •  15 days ago
No Image

ഉത്തർപ്രദേശിൽ ഥാറിന് മുകളിൽ മണ്ണുകയറ്റി റോഡിൽ അഭ്യാസം; വീഡിയോ വൈറലായി പക്ഷേ പണി പാളി

National
  •  15 days ago
No Image

യുഎഇ ദേശീയ ദിനം; ടിആർ 17 എന്ന പുതിയ ഫെറി സർവീസ് ആരംഭിക്കുമെന്ന് ആർടിഎ

uae
  •  15 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; അഞ്ചാം പോരും ഒപ്പത്തിനൊപ്പം

Others
  •  15 days ago
No Image

സന്ദർശക വീസ നിയമം പരിഷ്കരിച്ചത് ഇരുട്ടടി; ഇനി വീസ പുതുക്കാൻ 30 ദിവസത്തെ ഇടവേള ആവശ്യം

uae
  •  15 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  15 days ago
No Image

യുഎഇ ദേശീയ ദിനം; ഡിസംബർ 2, 3 തീയതികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  15 days ago
No Image

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  15 days ago
No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  15 days ago