HOME
DETAILS

കേള്‍പ്പിക്കാന്‍ ആളില്ലാതെ ആ ശോകഗാനം

  
backup
February 01 2017 | 18:02 PM

%e0%b4%95%e0%b5%87%e0%b4%b3%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%86%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2

ഗംക ഫസാനാ കിസ്‌കോ സുനായ് (വ്യസനത്തിന്റെ കഥ ഞാന്‍ കേള്‍പ്പിക്കും)
മേള എന്ന പ്രസിദ്ധ ഹിന്ദി ചലച്ചിത്രത്തില്‍ നടി നര്‍ഗീസിനുവേണ്ടി ശംഷാദ് ബീഗം പാടിയ ഇമ്പമാര്‍ന്ന ഗാനം. സംഗീത ചക്രവര്‍ത്തിയായ നൗഷാദ് ഈണം നല്‍കിയ ആ മനോഹര ഗീതം കാതുകളില്‍ വന്നണഞ്ഞത് തലശ്ശേരിയില്‍ വിദ്യാര്‍ഥിയായിരുന്ന കാലത്താണ്.
മിഷന്‍ സ്‌കൂള്‍ എന്നറിയപ്പെട്ട തലശ്ശേരി ബി.ഇ.എം.പി ഹൈസ്‌കൂളില്‍ ഏഴാം ക്ലാസില്‍ നിന്നുയര്‍ന്ന ആ സ്‌ത്രൈണശബ്ദത്തിന്റെ ഉടമയെതേടി, തൊട്ടടുത്ത ആറാം ക്ലാസുകാരായ ഞങ്ങള്‍ ചെന്നു.

കണ്ണൂരില്‍നിന്ന് ഇടയ്ക്ക് ഒരു വര്‍ഷത്തെ പഠനത്തിനായി എത്തിയ എടപ്പകത്ത് അഹമ്മദ് എന്ന വിദ്യാര്‍ഥിയായിരുന്നു ആ ഗായകന്‍. ഉര്‍ദു പഠിക്കുന്നതിനിടയില്‍ ഹിന്ദി സിനിമാ ഗാനത്തിലും കമ്പക്കാരനായിരുന്ന ആ അഹമ്മദ് പിന്നെ ലോകം അറിയുന്നത് ഇ.അഹമദ് ആയി. വിദ്യാര്‍ഥി നേതാവായി, മുനിസിപ്പല്‍ ചെയര്‍മാനായി, എം.പിയായി, കേരളത്തിലും കേന്ദ്രത്തിലും മന്ത്രിയായി, ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യന്‍ പ്രതിനിധിയായി. എണ്‍പതാം വയസിലേക്കു കടക്കുംമുന്‍പ് അദ്ദേഹം കഥാവശേഷനായി എന്ന വാര്‍ത്ത വരുമ്പോള്‍ ഓര്‍മകള്‍ പതിറ്റാണ്ടുകള്‍ക്കു പിന്നിലേക്കു ചിറകടിച്ചുപോകുന്നു.

പതിനെട്ടുവര്‍ഷം നിയമസഭയിലും 25 വര്‍ഷം ലോക്‌സഭയിലുമായി പാര്‍ലമെന്ററി ജീവിതം നയിച്ച അഹമദിനു കേന്ദ്രത്തില്‍ ക്യാബിനറ്റ് പദവി ലഭിക്കാതെപോയെങ്കിലും കൂടുതല്‍ കാലം കേന്ദ്രമന്ത്രിയായ മലയാളി, ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗിന്റെ പ്രസിഡന്റാണ്. ഒന്‍പത് വര്‍ഷം, ഒന്‍പത് മാസം, 14 ദിവസം. ഒന്നാം യു.പി.എ മന്ത്രിസഭയില്‍ വിദേശകാര്യ സഹമന്ത്രി, രണ്ടാം സര്‍ക്കാരില്‍ അതോടൊപ്പം റെയില്‍വേ, മാനവവിഭവശേഷി എന്നിവയുടെയും സഹമന്ത്രി.

മുസ്‌ലിം വിദ്യാര്‍ഥി ഫെഡറേഷനില്‍ മലബാര്‍ ജില്ലാ ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് നിന്നാണ് അഹമ്മദിന്റെ ഉയര്‍ച്ച. 1968ല്‍ പ്രഥമ സ്റ്റേറ്റ് സെക്രട്ടറി ആയി അദ്ദേഹം ഉയര്‍ന്നപ്പോള്‍ ആ കമ്മിറ്റിയിലെ ട്രഷറര്‍ സ്ഥാനം വഹിക്കാന്‍ ഭാഗ്യമുണ്ടായ ഒരാളാണിതെഴുതുന്നത്. പ്രസിഡന്റ് പദം അലങ്കരിച്ചിരുന്ന കൊയിലാണ്ടിക്കാരനായ അഡ്വ. കെ.എം.കുഞ്ഞിമായന്‍ 10 വര്‍ഷം മുന്‍പു കടന്നുപോയി. ഇപ്പോള്‍ ഇതാ മുസ്‌ലിംലീഗിന്റെ അഖിലേന്ത്യാ അധ്യക്ഷപദം വരെ അലങ്കരിച്ച ഇ.അഹമ്മദും വിടപറഞ്ഞിരിക്കുന്നു.

സീതിസാഹിബിന്റെയും സി.എച്ച്.മുഹമ്മദ് കോയയുടെയും പ്രിയശിഷ്യനായി വളര്‍ന്ന അഹമ്മദ്, മന്‍മോഹന്‍സിങ് മന്ത്രിസഭയില്‍ വിദേശകാര്യസഹമന്ത്രി ആയിരുന്നു. എ.ബി.വാജ്‌പേയി പ്രധാനമന്ത്രി ആയിരുന്ന കാലം മുതല്‍ തന്നെ പലതവണ ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. 1991 മുതല്‍ 2014 വരെ ആ ബഹുമതിയിലുണ്ടായിരുന്നു.

യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിലും ജനറല്‍ അസംബ്ലിയിലുമായി 27 തവണ ഐക്യരാഷ്ട്ര സഭയില്‍ പ്രത്യക്ഷപ്പെട്ട അഹമ്മദ് അറബ് ലീഗ് ഉച്ചകോടിയിലും പസഫിക് അയലന്റ് മീറ്റിലും ആസിയാന്‍ തുടങ്ങിയ രാജ്യാന്തര സമ്മേളനങ്ങളിലും നമ്മുടെ രാജ്യത്തിന്റെ പ്രതിനിധിയായി.
സഊദി അറേബ്യയിലെ അബ്ദുല്ല രാജാവുമായും ബഹ്‌റൈന്‍ ഭരണാധികാരി സമദ് ബിന്‍ ഈസാ അല്‍ ഖലീഫയുമായും ദുബൈ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്ദൂമുമായും ഇറാനിലെ മുന്‍ പ്രസിഡന്റ് മഹ്്മൂദ് അഹ്മദ് നജാദുമായും പാകിസ്താന്റെ മുന്‍ പ്രസിഡന്റ് പര്‍വേസ് മുശാറഫുമായും ഒക്കെ അടുത്ത ബന്ധം സ്ഥാപിക്കുന്നതില്‍ അഹമ്മദ് വിജയിച്ചു.

വിമോചന മുന്നണി എന്ന വിപ്ലവ പ്രസ്ഥാനമായി അറിയപ്പെട്ട ഫലസ്തീന്‍ ഒരു രാജ്യമായപ്പോള്‍ അതിനെ അംഗീകരിച്ച ആദ്യ രാഷ്ട്രത്തിലൊന്നായിരുന്നു ഇന്ത്യ. 2013 ല്‍ ഫലസ്തീന്‍ പ്രധാനമന്ത്രി സലാം ഫയ്യാദിനു ഇന്ത്യന്‍ ധനസഹായത്തിന്റെ ആദ്യഗഡുവായ പത്തുലക്ഷം ഡോളര്‍ കൈമാറാന്‍ നിയുക്തനായത് അഹമ്മദായിരുന്നു. പ്രസിഡന്റ് യാസര്‍ അറഫാത്ത് ഇന്ത്യ സന്ദര്‍ശിച്ചപ്പോഴാകട്ടെ ഒപ്പം എല്ലാ ചടങ്ങിലും അഹമ്മദ് ഉണ്ടായിരുന്നു. 2006 ല്‍ യു.എന്നില്‍ പ്രസംഗിക്കവേ, വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് പണം അയക്കുന്നതില്‍ കേരളീയര്‍ വഹിക്കുന്ന പ്രധാന പങ്കിനെക്കുറിച്ചും പരാമര്‍ശിക്കുകയുണ്ടായി. 2008 ല്‍ മുംബൈയിലുണ്ടായ ഭീകരാക്രമണത്തിന്റെ മുറിപ്പാടുകള്‍ ലോകത്തെ അറിയിക്കുന്നതില്‍ അന്നു യു.എന്‍ രക്ഷാസമിതിയില്‍ അഹമ്മദ് പ്രധാനപങ്ക് വഹിക്കുകയുണ്ടായി. സര്‍വമത സാഹോദര്യത്തെ മുന്‍നിര്‍ത്തി യു.എന്‍ പൊതുസഭയില്‍ 2008 ല്‍ നടത്തിയ പ്രസംഗത്തില്‍ കേരളത്തിന്റെ പാരമ്പര്യത്തെക്കുറിച്ച് അദ്ദേഹം വാചാലമായി സംസാരിക്കുകയുണ്ടായി.

1992 ല്‍ യു.എന്‍ ജനറല്‍ അസംബ്ലിയില്‍ മനുഷ്യാവകാശത്തെക്കുറിച്ചു ചര്‍ച്ചയില്‍ പങ്കെടുക്കവെയാണ് ജമ്മു കശ്മീരില്‍ പാകിസ്താന്‍ നടത്തുന്ന നുഴഞ്ഞുകയറ്റത്തെക്കുറിച്ച് അദ്ദേഹം ആഞ്ഞടിച്ചത്. മതത്തിന്റെ പേരും പറഞ്ഞ് മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുന്ന ഏത് നടപടി എവിടെയുണ്ടായാലും ഇന്ത്യ അതിനെ ശക്തിയുക്തം എതിര്‍ക്കുമെന്ന് അഹമ്മദ് എടുത്തുപറഞ്ഞു.സാമ്പത്തികമാന്ദ്യം, കാലാവസ്ഥാ വ്യതിയാനം, കുടിയിറക്ക്, അഭയാര്‍ഥി പ്രശ്‌നങ്ങള്‍ തുടങ്ങിയവയെക്കുറിച്ചും വിവിധ യു.എന്‍ സമ്മേളനങ്ങളില്‍ അഹമ്മദ് സവിസ്തരം പ്രതിപാദിക്കുകയുണ്ടായി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നായ ഇന്ത്യയെ യു.എന്‍ രക്ഷാസമിതിയുടെ സ്ഥിരാംഗത്വത്തില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതിനെതിരേയും അദ്ദേഹം ആഞ്ഞടിച്ചു.

2004 ല്‍ ഇറാഖിലെ കാണ്ഡഹാറില്‍ ബന്ദികളായ ഇന്ത്യക്കാരെ മോചിപ്പിക്കുന്നതില്‍ പ്രധാനപങ്കുവഹിച്ച അഹമ്മദ് സ്വദേശിവല്‍ക്കരണത്തെ തുടര്‍ന്ന് തൊഴില്‍രഹിതരായ ഇന്ത്യക്കാര്‍ക്ക് ഗള്‍ഫില്‍ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള യത്‌നങ്ങളിലും ഏറെ വിജയിച്ചു. യു.എന്‍ പൊതുസഭയില്‍ പാകിസ്താന്റെ കശ്മിര്‍ അവകാശവാദത്തെ ശക്തിയുക്തം എതിര്‍ത്ത ഇന്ത്യന്‍ പ്രതിനിധിയായിരുന്നു അദ്ദേഹം. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായതിനാല്‍ കശ്മിര്‍ പാകിസ്താനോടല്ലേ ചേര്‍ക്കേണ്ടത് എന്ന് ചില വിദേശപ്രതിനിധികള്‍ അഭിപ്രായപ്പെട്ടപ്പോള്‍ തന്റെ നേതാവായ ഖാഇദേ മില്ലത്ത് ഇസ്മാഈല്‍ സാഹിബ് പറഞ്ഞ അതേകാര്യമാണ് തനിക്കും പറയാനുള്ളത് അഹമ്മദ് തിരിച്ചടിച്ചു. മുസ്്‌ലിം ഭൂരിപക്ഷ പ്രദേശമായത് കൊണ്ട് തന്നെയാണ് കശ്മിര്‍ ഇന്ത്യയുടെ ഭാഗമാകേണ്ടത്. കാരണം അത്രയധികം മുസ്‌ലിംകളെ ഒരു കാരണവശാലും ഇന്ത്യക്ക് നഷ്ടപ്പെട്ടുകൂടാ. ഐക്യരാഷ്ട്രസഭയില്‍ അഹമ്മദ് നടത്തിയ പ്രസംഗങ്ങള്‍ ക്രോഡീകരിച്ച് 'യു.എന്നില്‍ ഇന്ത്യയുടെ ശബ്ദം' എന്ന പേരില്‍ അഹമ്മദ് അഞ്ചുവര്‍ഷം മുന്‍പ് പ്രസിദ്ധീകരിച്ച ഗ്രന്ഥം അമേരിക്കന്‍ കോണ്‍ഗ്രസ് ലൈബ്രറിയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.

മുസ്‌ലിംലീഗിലെ നിര്‍ഭാഗ്യകരമായ പിളര്‍പ്പില്‍ ആദ്യം അല്‍പം സംശയിച്ചുനിന്ന അഹമ്മദ്, അതിവേഗം ഔദ്യോഗിക വിഭാഗത്തിലേക്ക് കടന്നുവന്ന് അതിന്റെ കരുത്തുറ്റ വക്താവായി മാറി. ഇന്ത്യയുടെ പലഭാഗങ്ങളിലും പര്യടനം നടത്തുകയും ഡല്‍ഹിയിലും പല സംസ്ഥാനങ്ങളിലും ശാഖകള്‍ രൂപീകരിക്കുകയും ചെയ്ത ലീഗിന് ഒരു ഇന്ത്യന്‍ യൂനിയന്‍ വേഷം നല്‍കാന്‍ ആ നേതൃപരിവേഷത്തിനു കഴിഞ്ഞു.
1948 ല്‍ സ്വതന്ത്ര ഇന്ത്യയില്‍ മുസ്‌ലിം ലീഗ് രൂപീകരിക്കുന്നതിന് വേദിയായ ചെന്നൈ സിന്തരിപ്പേട്ടയിലെ രാജാജി ഹാളില്‍ അടക്കം കേരളത്തിന് വെളിയില്‍ പലനഗരങ്ങളിലും പാര്‍ട്ടിയുടെ നാഷണല്‍ കൗണ്‍സില്‍ സംഘടിപ്പിക്കാന്‍ കഴിഞ്ഞതും അദ്ദേഹത്തിന്റെ നേട്ടമത്രെ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയിൽ

Kerala
  •  11 days ago
No Image

തിരുവനന്തപുരം; വർക്ക് സൈറ്റിൽ നിന്ന് ടൺ കണക്കിന് ഇരുമ്പ് കമ്പിയും നിർമാണ സാമഗ്രികളും മോഷ്ടിച്ച പ്രതികൾ പിടിയിൽ

Kerala
  •  11 days ago
No Image

ഉത്തർപ്രദേശിൽ ഥാറിന് മുകളിൽ മണ്ണുകയറ്റി റോഡിൽ അഭ്യാസം; വീഡിയോ വൈറലായി പക്ഷേ പണി പാളി

National
  •  11 days ago
No Image

യുഎഇ ദേശീയ ദിനം; ടിആർ 17 എന്ന പുതിയ ഫെറി സർവീസ് ആരംഭിക്കുമെന്ന് ആർടിഎ

uae
  •  11 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; അഞ്ചാം പോരും ഒപ്പത്തിനൊപ്പം

Others
  •  11 days ago
No Image

സന്ദർശക വീസ നിയമം പരിഷ്കരിച്ചത് ഇരുട്ടടി; ഇനി വീസ പുതുക്കാൻ 30 ദിവസത്തെ ഇടവേള ആവശ്യം

uae
  •  11 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  11 days ago
No Image

യുഎഇ ദേശീയ ദിനം; ഡിസംബർ 2, 3 തീയതികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  11 days ago
No Image

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  11 days ago
No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  11 days ago