കാല്‍പന്തുകളിയുടെ രസതന്ത്രം പകര്‍ന്ന് നല്‍കി വിദേശ പരിശീലകര്‍ മടങ്ങി
മട്ടാഞ്ചേരി: കാല്‍പന്ത് കളിയിലെ ലാറ്റിനമേരിക്കന്‍,ജര്‍മ്മന്‍ തന്ത്രങ്ങള്‍ കൊച്ചിയിലെ കുട്ടികള്‍ക്ക് പകര്‍ന്ന് നല്‍കി വിദേശ പരിശീലകര്‍ ജന്‍മ നാട്ടിലേക്ക് മടങ്ങി.കളിയുടെ കൂടുതല്‍ തന്ത്രങ്ങള്‍ പകര്‍ന്ന് നല്‍കാന്‍ ഉടന്‍ മടങ്ങി വരുമെന്ന ഉറപ്പ് നല്‍കിയാണ് ബ്രസീലിയന്‍ പരിശീലകനായ പെട്രോ,ജര്‍മ്മന്‍ പരിശീലകനായ ഓട്ടോ റോട്ടര്‍മുണ്ട് എന്നിവര്‍ തങ്ങളുടെ ജന്‍മ നാട്ടിലേക്ക് മടങ്ങിയത്.കഴിഞ്ഞ ഒരു മാസക്കാലമായി ചരിത്രമുറങ്ങുന്ന ഫോര്‍ട്ട്‌കൊച്ചി പരേഡ് മൈതാനിയിലാണ് ഇരുവരും കുട്ടികള്‍ക്കായി പരിശീലനം നല്‍കിയത്.
ഇന്ത്യയിലെ തന്നെ മുതിര്‍ന്ന ഫുട്‌ബോള്‍ പരിശീലകനായ റൂഫസ് ഡിസൂസയുടെ ആവശ്യ പ്രകാരമാണ് ഇരുവരും കൊച്ചിയിലെത്തിയത്.അഞ്ച് വയസ് മുതല്‍ പതിനഞ്ച് വയസ്സ് വരെയുള്ള കുട്ടികള്‍ക്കാണ് ഇവര്‍ ഒരു മാസം പരിശീലനം നല്‍കിയത്.ബ്രസീലിയന്‍ കോച്ച് അക്രമണത്തിലൂന്നിയുള്ള അടവുകളാണ് കുട്ടികള്‍ക്ക് പകര്‍ന്ന് നല്‍കിയതെങ്കില്‍ ജര്‍മ്മന്‍ കോച്ച് പ്രതിരോധത്തിലൂന്നിയുള്ള പരിശീലനമാണ് നല്‍കിയത്.കാല്‍പന്ത് കളിയിലെ ലാറ്റിനമേരിക്കന്‍ ശൈലിയും ജര്‍മ്മന്‍ രീതിയും കുട്ടികള്‍ക്ക് ഏറെ ഹൃദ്യമായി.കേരളത്തിലെ കുട്ടികള്‍ക്ക് ശരിയായ പരിശീലനം നല്‍കിയാല്‍ അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്താന്‍ കഴിയുമെന്നാണ് ഇരുവരും പറയുന്നത്.വിദേശ പരിശീലകരോടൊപ്പമുള്ള ദിവസങ്ങള്‍ അവിസ്മരണീയമാണെന്നാണ് കുട്ടികളും പറയുന്നത്.കാല്‍പന്ത് കളിയിലെ വൈദേശിക അടവുകള്‍ തങ്ങളുടെ പരിശീലനത്തില്‍ നിന്നും വ്യത്യസ്തമാണെന്നും ഇത് പുതിയ അനുഭവമാണെന്നും കഴിഞ്ഞ കുറേ നാളുകളായി റൂഫസ് അങ്കിളിന്റെ പരിശീലനത്തില്‍ കഴിയുകയായിരുന്ന കുട്ടികള്‍ പറഞ്ഞു.കളിയുടെ എല്ലാ വശങ്ങളും കുട്ടികള്‍ക്കായി പകര്‍ന്ന് നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് വിദേശ പരിശീലകരെ കൊച്ചിയിലെത്തിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.ഇരുവര്‍ക്കും പരേഡ് മൈതാനിയില്‍ തന്നെ കുട്ടികള്‍ യാത്രയയപ്പ് ചടങ്ങും ഒരുക്കി.കളിയുടെ ഓരോ വശങ്ങളും വളരെ പെട്ടെന്ന് സ്വായത്തമാക്കുന്ന കുട്ടികളെ വിട്ട് മടങ്ങാന്‍ മനസ്സ് അനുവദിക്കുന്നില്ലന്നും വളരെ പെട്ടെന്ന് മടങ്ങി വരുമെന്നും അറിയിച്ച് കൊണ്ടാണ് ഇരുവരും യാത്ര പറഞ്ഞത്.ചടങ്ങ് റൂഫസ് ഡിസൂസ ഉല്‍ഘാടനം ചെയ്തു.അന്താരാഷ്ട്ര ഗുസ്തി റഫറി എം.എം.സലീം,സിനി ഫ്രാന്‍സിസ് എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."