അനുകരണ കലയില്‍ വ്യത്യസ്തയായി ഷിഫ്‌ന മറിയം
തൃശൂര്‍: ഏഴാം ക്ലാസ് വരെ തിരുവനന്തപുരം വര്‍ക്കല അന്ധ വിദ്യാലയത്തിലാണ് ഷിഫ്‌ന മറിയം പഠിച്ചത്. ദിവസവും ട്രെയിന്‍ മാര്‍ഗം സ്‌കൂളിലേക്കുള്ള യാത്രയാണ് ഷിഫ്‌ന മറിയത്തെ ഒരു മിമിക്രി കലാകാരിയാക്കിയത്. യാത്രിയോം കാ ദ്യാന്‍ ദീജിയേ... എന്ന റെയില്‍വെ അനൗണ്‍സ്‌മെന്റായിരുന്നു ഷിഫ്‌ന ആദ്യമായി അനുകരണത്തിനായി പരീക്ഷിച്ച ശബ്ദം. പിന്നീടങ്ങോട്ട് രാഷ്ട്രീയക്കാരുടെയും ചലച്ചിത്ര താരങ്ങളുടെയും ശബ്ദങ്ങള്‍ പുറത്തെടുത്ത് ഷിഫ്‌ന മിമിക്രി വേദികളില്‍ സജീവമായി. എട്ടാം ക്ലാസ് മുതല്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മിമിക്രി മത്സരവേദിയിലെ സ്ഥിരം സാന്നിധ്യമായ ഷിഫ്‌ന മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി വേറിട്ട അവതരണത്തോടെയാണ് സദസിനെ അമ്പരപ്പിച്ചത്. ഇതിനോടകം തന്നെ നിരവധി ചാനല്‍ ഷോകളിലും ഷിഫ്‌ന മാറ്റുരച്ചിട്ടുണ്ട്. പല ശബ്ദങ്ങളും സ്വയം കേട്ട് പഠിക്കുകയും കലാഭവന്‍ നൗഷാദില്‍ നിന്ന് ഫോണ്‍ വഴിയും പരിശീലനം നേടി. തിരുവനന്തപുരം മാധവവിലാസം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ ഹ്യൂമാനിറ്റീസ് വിദ്യാര്‍ഥിയാണ് ഈ കൊച്ചുമിടുക്കി. ആശുപത്രി ജീവനക്കാരിയായ ഉമ്മ ഷാഹിനയും സഹോദരന്‍ മുഹമ്മദ് അല്‍ഷിഫാനുമാണ് ഷിഫ്‌നയുടെ ആകെയുള്ള കൂട്ട്.
അന്നപ്പെരുമ പറഞ്ഞ അശ്വിന്‍ നടനും, നാദിയ നടിയും
തൃശൂര്‍: ബിരിയാണിയും കഞ്ഞിയും അരങ്ങില്‍ നിന്ന് പാകം ചെയ്‌തെടുത്തപ്പോള്‍ അശ്വിന്‍ വിജയനും നാദിയ കെ.അഷ്‌റഫും ഹൈസ്‌കൂള്‍ വിഭാഗം നാടകത്തിലെ മികച്ച കഥാപാത്രങ്ങളായി. സന്തോഷ് ഏച്ചിക്കാനത്തിന്റെ 'ബിരിയാണി'യുടെ സ്വതന്ത്ര്യ നാടകാവിഷ്‌കാരമായ അന്നപ്പെരുമ എന്ന നാടക്കത്തിലെ ബീഹാരിയായി അഭിനയിച്ച അശ്വിന്‍ ദം ബിരിയാണിയുടെ നാട്ടുകാരനാണ്. കോഴിക്കോട് വടകര മയ്യന്നൂര്‍ സ്വദേശി വിജയന്റെയും ബീനയുടെയും ഏകമകനാണ് അശ്വിന്‍. മേമുണ്ട ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. തുടര്‍ച്ചയായി പത്ത് തവണയായി മേമുണ്ട സ്‌കൂള്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ നാടകത്തിന്റെ അരങ്ങുണര്‍ത്തുന്നു. ഇത്തവണ വിശപ്പിന്റെ രാഷ്ട്രീയം പറയുന്ന അന്നപ്പെരുമ നാടകത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത് റഫീഖ് മംഗലശ്ശേരിയാണ്. വയോജനങ്ങളെ തള്ളിപ്പറയുന്ന ആധുനിക സമൂഹത്തിനെതിരെ ശബ്ദമുയര്‍ത്തിയ കഞ്ഞി നാടകത്തിലെ കൊച്ചുകല്യാണിയായി അഭിനയിച്ച നാദിയയാണ് മികച്ച നടിയായത്. സജീവ് മൂരിയാടിന്റെ രചനയില്‍ സജീഷ് ആമ്പല്ലൂരാണ് നാടകത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. തൃശൂര്‍ സേക്രഡ് ഹേര്‍ട് ജി.എച്ച്.എസ്.എസില്‍ നിന്നും ഇത് രണ്ടാം തവണയാണ് ഷിഫ്‌ന അരങ്ങിലെത്തുന്നത്. കെ. അഷ്‌റഫിന്റെയും സബിതയുടെയും മകളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."