17 കിലോ കഞ്ചാവുമായി ആറു പേര്‍ അറസ്റ്റില്‍
തൃപ്രയാര്‍: 17 കിലോ കഞ്ചാവുമായി ആറു പേരെ വലപ്പാട് പൊലിസ് അറസ്റ്റ് ചെയ്തു. പാലക്കാട് വാളയാര്‍ സ്വദേശി കഞ്ചാവ് രാജ എന്നറിയപ്പെടുന്ന വടിവേലു (32), പഴുവില്‍ വെസ്റ്റ് ചാഴൂര്‍ റോഡ് പുഴങ്കരയില്ലത്ത് ഷാഫി (22), പഴുവില്‍ വെസ്റ്റ് ചാഴൂര്‍ റോഡ് ചെമ്മാനി വിബിന്‍ (29), മാങ്ങാട്ടുകര പടിയം വില്ലേജ് പള്ളിയില്‍ അഖില്‍ (19), മാങ്ങാട്ടുകര വഴിയമ്പലം ഏനങ്ങടി നിഖില്‍ (26), പഴുവില്‍ വെസ്റ്റ് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു സമീപം പട്ടാലി ഹരികൃഷ്ണന്‍ (21) എന്നിവരാണ് അറസ്റ്റിലായത്. വലപ്പാട് പൊലിസ് സ്റ്റേഷന്‍ പരിധിയിലെ ടി.എസ്.ജി.എ സ്റ്റേഡിയത്തിനടുത്തു വച്ചാണ് തൃശൂര്‍ റൂറല്‍ ജില്ലാ ക്രൈം ബ്രാഞ്ച് സ്‌ക്വാഡും വലപ്പാട് പൊലിസും ചേര്‍ന്ന് ഇവരെ പിടികൂടിയത്.
പിടിയിലായ ഷാഫിയാണ് കഞ്ചാവ് കടത്തുന്നതിലെ മുഖ്യ കണ്ണി. തൃശൂര്‍, എറണാകുളം ജില്ലകളിലെ പല ചില്ലറ വില്‍പനക്കാര്‍ക്കും കഞ്ചാവ് എത്തിച്ചു കൊടുക്കുന്നത് ഇയാളാണ്. അന്തിക്കാട് പൊലിസിന്റെ റൗഡി ലിസ്റ്റില്‍പ്പെട്ട ഷാഫി തമിഴ്‌നാട്ടിലും കഞ്ചാവ് കേസില്‍ പ്രതിയാണ്. തമിഴ്‌നാട്ടിലെ ജയിലില്‍ കിടന്നപ്പോഴുള്ള ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് ഇയാള്‍ കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നത്.
പൊലിസിനെ കബളിപ്പിക്കാന്‍ കളമശ്ശേരിയിലെ മായ എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികള്‍ക്കൊപ്പം ഒരു വാടക വീട്ടിലാണ് ഇപ്പോള്‍ താമസിക്കുന്നത്. ആന്ധ്രയില്‍ നിന്ന് കൊണ്ടുവരുന്ന കഞ്ചാവ് തമിഴ്‌നാട്ടിലും കേരളത്തിലും വിതരണം ചെയ്യുന്നതിലെ പ്രധാനിയാണ് വടിവേലു.
വിബിന്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. ഇയാള്‍ക്കെതിരേ തൃശൂര്‍ റൂറല്‍ ജില്ലയിലെ കാട്ടൂര്‍, ചേര്‍പ്പ് എന്നീ പൊലിസ് സ്റ്റേഷനുകളില്‍ കേസുകളുണ്ട്. പ്രതികള്‍ യുവാക്കളെ സംഘത്തില്‍ ചേര്‍ത്ത് പ്രവര്‍ത്തനം വിപുലീകരിച്ചു വരികയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫേമസ് വര്‍ഗീസ്, തൃശൂര്‍ റൂറല്‍ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി ഫ്രാന്‍സിസ് ഷെല്‍ബി എന്നിവരുടെ നേതൃത്വത്തിലുള്ള ജില്ലാ മയക്കുമരുന്നു വിരുദ്ധ പ്രത്യേക സേനയാണ് വടിവേലുവിനെയും സംഘത്തെയും വലയിലാക്കിയത്. സി.ഐ ഷൈജു, വലപ്പാട് എസ്.ഐ. ബൈജു, റൂറല്‍ ക്രൈം ബ്രാഞ്ച് എസ്.ഐ എം.പി മുഹമ്മദ് റാഫി, എസ്.സി.പി.ഒമാരായ രാഗേഷ്, ജയകൃഷ്ണന്‍, ജോബ്, സുദേവ്, സി.പി.ഒ ലിജു ഇയ്യാനി, വലപ്പാട് ജൂനിയര്‍ എസ്.ഐ. രതീഷ്, എസ്.സി.പി.ഒ റഫീഖ്, ജലീല്‍, ഉല്ലാസ്, സി.പി.ഒ ഷൈന്‍ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."