പി.എം കുട്ടി 'ലൈബ്രേറിയന്‍ കം ഹൗസോണര്‍!'
മഞ്ചേരി: ആദ്യകാല പത്രങ്ങള്‍, സമ്മേളന സപ്ലിമെന്റുകള്‍, അപൂര്‍വ ഗ്രന്ഥങ്ങള്‍, ആനുകാലിക പ്രസിദ്ധീകരണങ്ങള്‍, ആദ്യകാല സമ്മേളന പോസ്റ്ററുകള്‍... ഏതെങ്കിലും മ്യൂസിയത്തില്‍ സൂക്ഷിച്ചവയുടെ കണക്കെടുപ്പോ വിവരണമോ അല്ല ഇത്. ഇരിങ്ങാട്ടിരിയിലെ പറമ്പില്‍ മുഹമ്മദ് കുട്ടി എന്ന പി.എം കുട്ടിയുടെ വീട്ടിലെ വിശേഷമാണ്. ഈ അറുപതുകാരന്റെ കൊച്ചുവീട് ഒരര്‍ഥത്തില്‍ ലൈബ്രറിതന്നെയാണ്. അരനൂറ്റാണ്ടായി ഇത്തരത്തിലുള്ളവയെല്ലാം ശേഖരിച്ചുവരികയാണ് ഇദ്ദേഹം.
വീട്ടിലെ സ്ഥലപരിമിതികാരണം ഇപ്പോള്‍ പുറത്തും സൂക്ഷിപ്പുണ്ട്. ഇതിനിടയില്‍ സി.എച്ച് മുഹമ്മദ് കോയ ഉള്‍പ്പെടെയുള്ളവരുടെ അപൂര്‍വ ലേഖനങ്ങളും ആദ്യകാല പത്രശേഖരങ്ങളില്‍ ചിലതും ചിതലും ചിലതെല്ലാം മഴയും എടുത്തു. ബാക്കിയുള്ളവ നശിക്കാതെ സംരക്ഷിക്കാനുള്ള തത്രപ്പാടിലാണിദ്ദേഹം.
ഏഴാം ക്ലാസുവരെ മാത്രമേ പഠിച്ചുള്ളൂവെങ്കിലും അക്ഷരങ്ങളോടും നേതാക്കളോടും മുഹമ്മദ്കുട്ടിക്ക് അടങ്ങാത്ത സ്‌നേഹമാണ്. 1980 മാര്‍ച്ച് 30നു നടന്ന പട്ടിക്കാട് ജാമിഅഃ നൂരിയ്യയുടെ 17ാം വാര്‍ഷിക സമ്മേളനത്തിന്റെ പോസ്റ്റര്‍ ഇപ്പോഴും ഇദ്ദേഹത്തിന്റെ പക്കലുണ്ട്. ഡല്‍ഹി ഇമാം അബ്ദുല്ല ബുഖാരിയുടെ അധ്യക്ഷതയില്‍ അന്നത്തെ കേന്ദ്രമന്ത്രി സിയാഉര്‍റഹിമാന്‍ അന്‍സാരി ഉദ്ഘാടനം ചെയ്യുമെന്നു കാണിച്ച പോസ്റ്ററില്‍ കണ്ണിയത്ത് അഹമ്മദ് മുസ്‌ലിയാര്‍ സനദ്ദാനവും വാണിയമ്പലം അബ്ദുര്‍റഹിമാന്‍ മുസ്‌ലിയാര്‍ സനദ്ദാന പ്രസംഗവും നിര്‍വഹിക്കുമെന്ന് എഴുതിയിരിക്കുന്നു.
ഹോട്ടല്‍ തൊഴിലാളിയായി ജീവിതം നയിക്കുന്നതിനിടയില്‍ ഹൃദ്രോഗിയായെങ്കിലും ശേഖരണവും വായനയും മുടങ്ങാതെ കൊണ്ടുനടക്കുകയാണിദ്ദേഹം. തന്റെ ശേഖരങ്ങള്‍ക്ക് അടുക്കും ചിട്ടയും നല്‍കാന്‍ ഇടമില്ലാത്ത വേദനിയിലാണ് ഈ അക്ഷര പ്രേമി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."