മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് ടിക്കറ്റില്‍ ഇളവുനല്‍കാന്‍ റെയില്‍വേ
ന്യൂഡല്‍ഹി: വിമാനയാത്രയെന്ന പോലെ, മുന്‍കൂട്ടി ബുക്ക് ചെയ്താല്‍ ടിക്കറ്റില്‍ ഇളവു ലഭിക്കുന്ന സംവിധാനം റെയില്‍വേയിലും വരാന്‍ സാധ്യത. യാത്രാനിരക്ക് അവലോകന കമ്മിറ്റിയുടെ ശുപാര്‍ശ റെയില്‍വ്വേ ബോര്‍ഡ് അംഗീകരിച്ചാല്‍ വിമാന ടിക്കറ്റ് നിരക്ക് നിര്‍ണയിക്കുന്നതിനു സമാനമായ സംവിധാനം നിലവില്‍വരും.
നിരക്ക് കുറയുന്നത്
വിമാനങ്ങളില്‍ മാസങ്ങള്‍ക്കു മുന്‍പ് ബുക്ക് ചെയ്താല്‍ ലഭിക്കുന്ന വന്‍ ഡിസ്‌കൗണ്ടിനു സമാനമായ രീതിയില്‍, മാസം മുന്‍പ് ബുക്ക് ചെയ്യുകയാണെങ്കില്‍ ട്രെയിനുകളിലും ഇളവുനല്‍കാമെന്നാണ് കമ്മിറ്റി റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നത്. സീറ്റുകളുടെ ഒഴിവ് കണക്കാക്കി 20 മുതല്‍ 50 ശതമാനം വരെ ഇളവു നല്‍കാമെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.
ചാര്‍ട്ട് ചെയ്തതിനു ശേഷം ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കും ഇളവു നല്‍കാമെന്ന് സമിതി നിര്‍ദേശിക്കുന്നുണ്ട്. ട്രെയിന്‍ പുറപ്പൈടുന്നതിന് രണ്ടു ദിവസം മുന്‍പ് മുതല്‍ രണ്ടു മണിക്കൂര്‍ മുന്‍പ് വരെയുള്ള ബുക്കിങ് ടിക്കറ്റുകള്‍ക്കാണ് ഇളവു നല്‍കാന്‍ നിര്‍ദേശിക്കുന്നത്.
മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിക്കാര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് സൗജന്യമായി സീറ്റ് നല്‍കാനും നിര്‍ദേശമുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വിമാനങ്ങളില്‍ മുന്‍സീറ്റുകള്‍ക്ക് കൂടുതല്‍ നിരക്ക് ഈടാക്കുന്നതു പോലെ, ലോവര്‍ ബെര്‍ത്തുകള്‍ക്ക് നിരക്ക് കൂട്ടണമെന്നും ശുപാര്‍ശയുണ്ട്.
സമയത്തിനനുസരിച്ച് നിരക്ക് കൂടും
സൗകര്യപ്രദമായ സമയത്ത് എത്തുന്ന ട്രെയിനുകള്‍ക്ക് നിരക്ക് വര്‍ധിപ്പിക്കാന്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇത് യാത്രക്കാരില്‍ പ്രതിഷേധമുണ്ടാക്കാന്‍ സാധ്യതയുള്ള നിര്‍ദേശമാണ്. അതായത്, രാവിലെ ഓഫിസ് സമയത്തോ, തിരിച്ച് വീട്ടിലേക്ക് എത്തേണ്ട സമയത്തോ ഉള്ള ട്രെയിനുകളില്‍ നിരക്ക് കൂട്ടണമെന്നാണ് നിര്‍ദേശം. പുലര്‍ച്ചെ 00.00 സമയം മുതല്‍ 04.00 വരെയും 13.00 മുതല്‍ 17.00 വരെയും സാധാരണ നിരക്കു തന്നെ മതിയെന്നും മറ്റു സമയങ്ങളില്‍ എത്തുന്ന ട്രെയിനുകള്‍ക്ക് കൂട്ടണമെന്നുമാണ് ശുപാര്‍ശ.
സീസണിനനുസരിച്ച് നിരക്ക് നിശ്ചയിക്കാനും നീക്കമുണ്ട്. ആഘോഷ സീസണുകളില്‍ നിരക്ക് വര്‍ധിപ്പിക്കുകയും മറ്റു സീസണുകളില്‍ കുറയ്ക്കുകയും ചെയ്യാനാണ് പദ്ധതി.
റെയില്‍വ്വേ ബോര്‍ഡിലെ ചില ഉദ്യോഗസ്ഥര്‍, നീതി ആയോഗ് ഉപദേശി രവീന്ദര്‍ ഗോയല്‍, എയര്‍ ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ മീനാക്ഷി മാലിക്ക്, പ്രൊഫ. എസ് ശ്രീറാം, ഇട്ടി മണി തുടങ്ങിയവരാണ് സമിതി അംഗങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."