പൈതൃക വഴിയിലെ ജ്ഞാനത്തിളക്കം
കേരളീയ മുസ്‌ലിംസമാജം അനിവാര്യസാഹചര്യത്തില്‍ സ്ഥാപിച്ച അത്യുന്നത മതകലാലയമാണു പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യ. മത,ബിരുദ പഠനരംഗത്ത് ആശ്രയിക്കാന്‍ വെല്ലൂര്‍ ബാഖിയാത്തും ദാറുല്‍ ഉലൂം ദയൂബന്ദും മാത്രമുണ്ടായിരുന്ന കാലത്താണ് 1963ല്‍ ജാമിഅ നൂരിയ്യ പിറവിയെടുക്കുന്നത്. സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍, പി.എം.എസ്.എ പൂക്കോയ തങ്ങള്‍, ശൈഖുനാ ശംസുല്‍ ഉലമാ, ശൈഖുനാ കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍ തുടങ്ങിയ മഹാരഥന്മാരാണു സ്ഥാപകനേതാക്കള്‍. കെ.വി ബാപ്പുഹാജിയടക്കമുള്ള അക്കാലത്തെ പ്രമുഖരും സാധാരണക്കാരും ജാമിഅ നൂരിയ്യക്കു താങ്ങും തണലുമായി നിലകൊണ്ടു.
പ്രൗഢഗംഭീരമായിരുന്നു ജാമിഅയുടെ 55 സംവത്സരങ്ങള്‍. ഏഴായിരത്തോളം പണ്ഡിതന്മാര്‍ ഇവിടെനിന്നു പഠനം പൂര്‍ത്തിയാക്കി ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ വൈജ്ഞാനിക, ദഅ്‌വാ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. കേരളത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന പള്ളികള്‍, മദ്‌റസകള്‍ മുതല്‍ അന്താരാഷ്ട്ര സര്‍വകലാശാലകളുടെ നിലവാരമുള്ള മത,ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും മത, വിദ്യാഭ്യാസ, സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ചെറുതും വലുതുമായ നൂറുകണക്കിനു സന്നദ്ധസേവനസംഘടനകളും വരെയുള്ളവയുടെ ഉന്നതിക്ക് ജാമിഅയുടെ സന്തതികള്‍ വഹിച്ച പങ്ക് സര്‍വരാലും അംഗീകരിക്കപ്പെട്ടതാണ്.
കേരള മുസ്‌ലിംകളുടെ എക്കാലത്തെയും അത്യുന്നത നേതാക്കള്‍ മാനേജ്‌മെന്റ് തലത്തിലും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സമുന്നതപണ്ഡിതന്മാര്‍ അക്കാദമിക് തലത്തിലും നേതൃത്വം നല്‍കിയെന്നതാണ് ഈ മുന്നേറ്റത്തിന്റെ പ്രധാന കാരണം. മര്‍ഹൂം സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ശൈഖുല്‍ ജാമിഅ കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, മര്‍ഹൂം എ.പി മുഹമ്മദ് മുസ്‌ലിയാര്‍, മര്‍ഹൂം കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, സമന്വയ വിദ്യാഭ്യാസപ്രസ്ഥാനങ്ങള്‍ക്കു നേതൃത്വം നല്‍കി ദഅ്‌വാ രംഗത്തു വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ച മര്‍ഹൂം പി.പി മുഹമ്മദ് ഫൈസി, മര്‍ഹൂം ഹാജി .കെ മമ്മദ് ഫൈസി, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ഹകീം ഫൈസി ആദൃശേരി, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ ജമലുല്ലൈലി തങ്ങള്‍ തുടങ്ങിയ ധാരാളം മഹാരഥന്മാര്‍ ജാമിഅഃയില്‍ പഠനം നടത്തിയവരും ഇവിടെനിന്ന് ഊര്‍ജ്ജം നേടിയവരുമാണ്.
സ്ഥാപകരായ ബാഫഖി തങ്ങള്‍, പൂക്കോയ തങ്ങള്‍, ശംസുല്‍ ഉലമ എന്നിവര്‍ക്കു പുറമെ ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, വാണിയമ്പലം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, കെ.വി മുഹമ്മദ് മുസ്‌ലിയാര്‍, പി.വി.എസ് മുസ്തഫ പൂക്കോയ തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ എന്നിവരാണ് ജാമിഅയുടെ മാനേജിങ് കമ്മിറ്റിക്കു വിവിധ കാലഘട്ടങ്ങളില്‍ നേതൃത്വം നല്‍കിയത്. ശംസുല്‍ ഉലമാ, കണ്ണിയത്ത് ഉസ്താദ്, താഴക്കോട് കുഞ്ഞലവി മുസ്‌ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, കെ.കെ അബൂബക്കര്‍ ഹസ്രത്ത്, കെ.സി ജമാലുദ്ദീന്‍ മുസ്‌ലിയാര്‍, സയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ അസ്ഹരി, കെ.കെ അബ്ദുല്ല മുസ്‌ലിയാര്‍, കിടങ്ങഴി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍, കുമരംപുത്തൂര്‍ എ.പി മുഹമ്മദ് മുസ്‌ലിയാര്‍ തുടങ്ങി സമുന്നത പണ്ഡിതശ്രേഷ്ഠരാണ് അക്കാദമിക് തലങ്ങളില്‍ നേതൃത്വം നല്‍കിയത്.
പ്രമുഖ പണ്ഡിതനും അന്താരാഷ്ട്ര ഇസ്‌ലാമിക് സഭകളിലെ ഇന്ത്യയുടെ സാന്നിധ്യവുമായ സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമയുടെ പ്രഗത്ഭനായ ജനറല്‍ സെക്രട്ടറി ശൈഖുല്‍ ജാമിഅ കെ. ആലിക്കുട്ടി മുസ്‌ലിയാരാണ് അക്കാദമിക് കാര്യങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്. 55 വര്‍ഷമായി കേരളീയ മുസ്‌ലിംകളുടെ വിശ്വാസവും മതപരമായ അസ്ഥിത്വവും സംരക്ഷിക്കുന്നതിന് നിരവധി പ്രവര്‍ത്തനങ്ങള്‍ കാഴ്ച വച്ച ജാമിഅ നൂരിയ്യ മത,വിദ്യാഭ്യാസ, പ്രബോധന പ്രചാരണരംഗങ്ങളില്‍ പുതിയ പദ്ധതികള്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്.
ജാമിഅ ജൂനിയര്‍ കോളജുകള്‍
പരമ്പരാഗത ദര്‍സീ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിക്കൊണ്ടുള്ള സമന്വയവിദ്യാഭ്യാസം ലക്ഷ്യമാക്കി ജാമിഅ ആവിഷ്‌കരിച്ച ജൂനിയര്‍ കോളജ് പദ്ധതി അപ്രതീക്ഷിതവിജയമാണു നേടിയത്. ഇന്നു കേരളം, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലായി 60 സ്ഥാപനങ്ങള്‍ ജാമിഅക്കു കീഴില്‍ പ്രവര്‍ത്തിക്കുന്നു. 4500 വിദ്യാര്‍ഥികളാണു ജൂനിയര്‍ കോളജില്‍ പഠിച്ചുകൊണ്ടിരിക്കുന്നത്. ജൂനിയര്‍ കോളജ് വിദ്യാര്‍ഥികളുടെ മഹാസംഗമമായ ഗ്രാന്റ് സല്യൂട്ട് ഈ വര്‍ഷത്തെ സമ്മേളനത്തില്‍ ഏറെ ആകര്‍ഷണീയമാണ്. ജാമിഅയുടെ ഫൈസി ബിരുദത്തോടൊപ്പം അംഗീകൃത യൂനിവേഴ്‌സിറ്റിയുടെ ബി.എ, എം.എ ബിരുദങ്ങളും നേടുന്ന തരത്തിലാണ് ജൂനിയര്‍ കോളജുകളുടെ സിലബസ് ക്രമീകരിച്ചിരിക്കുന്നത്.
ദര്‍സ് ശാക്തീകരണം
ദര്‍സ് ശാക്തീകരണപ്രവര്‍ത്തനങ്ങളിലും ജാമിഅ മികച്ച സേവനം കാഴ്ചവയ്ക്കുന്നുണ്ട്. ഒന്നിടവിട്ട വര്‍ഷങ്ങളില്‍ പള്ളി ദര്‍സ് വിദ്യാര്‍ഥികള്‍ക്കുവേണ്ടി നടത്തുന്ന കലാമത്സരങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. ദര്‍സ് സംവിധാനത്തെ മേഖലാതലങ്ങളില്‍ സംഘടിപ്പിക്കാനും നിലവാരവും കെട്ടുറപ്പും ശക്തമാക്കാനും ദര്‍സ്‌ഫെസ്റ്റുകള്‍ കാരണമായി.
അക്കാദമിക് മാറ്റങ്ങള്‍
പരമ്പരാഗത പാഠ്യരീതികള്‍ നിലനിര്‍ത്തിക്കൊണ്ടു വിവിധവിഷയങ്ങളില്‍ അവഗാഹം തേടുന്ന വിദ്യാര്‍ഥികള്‍ക്കു സൗകര്യപ്പെടുന്ന രീതിയിലാണു പ്രവര്‍ത്തനം. ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ് അനുബന്ധ ഇസ്‌ലാമികവിഷയങ്ങള്‍ തുടങ്ങിയവയിലെല്ലാം പ്രത്യേകപഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അഭിരുചിക്കനുസരിച്ചു നല്‍കും. ജാമിഅജൂനിയര്‍ കോളജുകളില്‍നിന്നും പള്ളിദര്‍സുകളില്‍ നിന്നും വരുന്ന വിദ്യാര്‍ഥികള്‍ക്കെല്ലാം ഉപകാരപ്പെടുന്ന രീതിയിലാണു ഫാക്കല്‍റ്റികളുടെ സംവിധാനം.
സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസ്
ജാമിഅ ഗോള്‍ഡന്‍ ജൂബിലി ഉപഹാരമായ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസിന്റെ ഭാഗമായി സമൂഹത്തിന്റെ നാനോന്മുഖ പുരോഗതി ലക്ഷ്യമാക്കി പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. സെന്ററിന്റെ കീഴില്‍ മഹല്ല് ശാക്തീകരണം ലക്ഷ്യമാക്കി നടത്തിയ പരിപാടികള്‍ക്ക് വലിയ സ്വീകാര്യതയാണു ലഭിച്ചത്. മഹല്ലു ജമാഅത്തുകളില്‍ മികച്ച സേവനം കാഴ്ചവച്ച ഖത്വീബുമാര്‍ക്കുള്ള ക്വാളിറ്റി സര്‍ട്ടിഫിക്കറ്റ് പദ്ധതിയും ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി.
എം.ഇ.എ എന്‍ജിനീയറിങ് കോളജ്
ജാമിഅയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എം.ഇ.എ എന്‍ജിനീയറിങ് കോളജ് കേരളത്തിലെ ശ്രദ്ധേയമായ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ്. സിവില്‍, മെക്കാനിക്കല്‍, കംപ്യൂട്ടര്‍ സയന്‍സ്, ഐ.ടി, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് തുടങ്ങിയവയില്‍ ബി.ടെക് കോഴ്‌സും ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ് എന്നിയവയില്‍ എം.ടെക് കോഴ്‌സും നടക്കുന്നു. 2002ല്‍ ആരംഭിച്ച കോളജില്‍നിന്ന് ഇതിനകം എന്‍ജിനീയറിങ് പ്രാഗത്ഭ്യം നേടിയ ആയിരക്കണക്കിനു പ്രതിഭകളെ സമൂഹത്തിന് സമര്‍പ്പിക്കാന്‍ കഴിഞ്ഞു.
ഇസ്‌ലാമിക് ഡിസ്റ്റന്‍സ് സ്‌കൂള്‍
സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസിനു കീഴില്‍ നടക്കുന്ന ബഹുജന വിദ്യാഭ്യാസപദ്ധതിയാണിത്. മദ്‌റസാ പഠനം കഴിഞ്ഞ ഏതു പ്രായക്കാര്‍ക്കും സ്ത്രീപുരുഷഭേദമില്ലാതെ വീട്ടിലിരുന്നു പഠിക്കാവുന്ന ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സാണിത്. ജാമിഅയുടെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന പ്രാദേശിക പഠനകേന്ദ്രങ്ങള്‍ മുഖേന രജിസ്റ്റര്‍ ചെയ്യാം. ജാമിഅ പ്രൊഫസര്‍ ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറിയാണു നേതൃത്വം നല്‍കുന്നത്. രണ്ടുവര്‍ഷമാണു കോഴ്‌സിന്റെ കാലാവധി.
ശിഹാബ് തങ്ങള്‍ നാഷനല്‍ മിഷന്‍
സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസിനു കീഴില്‍ നടക്കുന്ന ദേശീയ ദൗത്യ പരിപാടിയാണിത്. 2016 ആഗസ്റ്റ് 1ന് പദ്ധതിയുടെ ഉദ്ഘാടനം മംഗലാപുരത്തു വച്ച് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ നിര്‍വഹിക്കുകയുണ്ടായി. വടക്കന്‍ കര്‍ണാടകയിലെ ഹുബ്ലി, ദേര്‍വാഡ്, പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ്, 24ഫര്‍ഗാന ജില്ലകള്‍ കേന്ദ്രീകരിച്ച് പദ്ധതിയുടെ ഭാഗമായി വിവിധ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. ഹുബ്ലിയില്‍ ഏതാനും മദ്‌റസകളുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു, ബംഗാളി മീഡിയം അനുസരിച്ച് കൂടുതല്‍ മദ്‌റസകള്‍ ആരംഭിക്കാനുള്ള ശ്രമങ്ങള്‍ പശ്ചിമ ബംഗാളില്‍ നടന്നുകൊണ്ടിരിക്കുന്നു. പള്ളിമദ്‌റസ നിര്‍മാണം, റിലീഫ് പ്രവര്‍ത്തനങ്ങള്‍, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍, കുഴല്‍ കിണറുകള്‍, ഉള്ഹിയ്യത്ത് തുടങ്ങിയ മേഖലകളിലെല്ലാം ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നാഷനല്‍ മിഷന്റെ കീഴില്‍ വിഭാവനം ചെയ്തിട്ടുണ്ട്.
നിലവില്‍ ജാമിഅയില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥികള്‍ക്കാവശ്യമായ എകദേശ സൗകര്യങ്ങളെല്ലാം ജാമിഅയില്‍ ഒരുക്കിയിട്ടുണ്ട്. കാലോചിതമായ വികസനപ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. എന്നാല്‍, നിലവിലുള്ള സൂചനകള്‍ അനുസരിച്ച് വരും വര്‍ഷങ്ങളില്‍ ഉപരിപഠനം തേടിയുള്ള വിദ്യാര്‍ഥികളുടെ ജാമിഅയിലേക്കുള്ള ഒഴുക്ക് ഇരട്ടിയാവുമെന്നാണ് പ്രതീക്ഷ. നിലവില്‍ വിവിധ പള്ളിദര്‍സുകളിലും ജാമിഅ ജൂനിയര്‍ കോളജുകളിലും പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണം അത്തരമൊരു സൂചനയാണ് നല്‍കുന്നത്. ആയതിനാല്‍ ജാമിഅയുടെ അടിസ്ഥാന സൗകര്യ വികസനരംഗത്ത് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ട സാഹചര്യമാണുള്ളത്. ക്ലാസ് മുറികള്‍, ഹോസ്റ്റലുകള്‍, അനുബന്ധ സൗകര്യങ്ങള്‍ എല്ലാം ഇരട്ടിപ്പിക്കേണ്ട അവസ്ഥ നിലവിലുണ്ട്.
ജാമിഅയുടെ പ്രധാന വരുമാന സ്രോതസ്സുകളിലൊന്നായ കാര്‍ഷിക വരുമാനങ്ങള്‍ കുറഞ്ഞുവരികയും ചെലവുകള്‍ ക്രമാതീതമായി വര്‍ധിക്കുകയും ചെയ്യുന്ന സമകാലിക സാഹചര്യത്തില്‍ സമൂഹത്തിലെ ഉദാരമനസ്‌കരുടെ പിന്തുണയും സഹായ സഹകരണങ്ങളും അനിവാര്യമാണ്. ജാമിഅഃ നൂരിയ്യയുടെ 55ാം വാര്‍ഷിക 53ാം സനദ്ദാന സമ്മേളനം ഇന്ന് സമാപിക്കുകയാണ്. എല്ലാവരേയും സ്‌നേഹപൂര്‍വം ക്ഷണിക്കുന്നു.
( ജാമിഅ നൂരിയ്യ ജനറല്‍
സെക്രട്ടറിയാണു ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."