പി. ജയരാജന്‍ വീണ്ടും സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി
കണ്ണൂര്‍: പി. ജയരാജനെ വീണ്ടും സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഇത് മൂന്നാംതവണയാണ് ജയരാജന്‍ സെക്രട്ടറിയാകുന്നത്. ജയരാജന്‍ പാര്‍ട്ടിക്കുള്ളില്‍ സ്വയം മഹത്വവല്‍ക്കരിക്കുന്നുവെന്ന സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തലിന്റെയും അച്ചടക്കനടപടിയുടെയും പശ്ചാത്തലത്തില്‍ അനുകൂലിച്ചും പ്രതികൂലിച്ചും നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുത്തത്.
ആറ് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി 49 അംഗ ജില്ലാ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. നിലവിലെ കമ്മിറ്റിയില്‍നിന്ന് മൂന്നുപേരെ ഒഴിവാക്കി.
എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം. വിജിന്‍ ഉള്‍പ്പെടെയുള്ള യുവാക്കള്‍ക്ക് ജില്ലാകമ്മിറ്റിയില്‍ ഇടംലഭിച്ചിട്ടുണ്ട്. ഫസല്‍ വധക്കേസില്‍ സി.ബി.ഐ പ്രതിചേര്‍ത്ത് കോടതി നിര്‍ദേശപ്രകാരം എറണാകുളത്ത് തങ്ങുന്ന കാരായി രാജന്‍ ജില്ലാ കമ്മിറ്റിയില്‍ തുടരും. ഐകകണ്‌ഠ്യേനയാണ് തെരഞ്ഞെടുപ്പ് നടന്നതെന്ന് തുടര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പി. ജയരാജന്‍ പറഞ്ഞു. വര്‍ഗീയതക്കെതിരായ ചെറുത്തുനില്‍പ്പും സേവനരംഗത്തുള്ള ഇടപെടലുകളുമാണ് പാര്‍ട്ടിക്ക് ജില്ലയില്‍ കൂടുതല്‍ കരുത്തുനല്‍കിയത്. ഈ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ബര്‍ണശേരിയിലെ ഇ.കെ നായനാര്‍ അക്കാദമിക്ക് സമീപം പ്രത്യേകം സജ്ജമാക്കിയ പന്തലിലായിരുന്നു ജില്ലാ സമ്മേളനം നടന്നത്. ജവഹര്‍ സ്റ്റേഡിയത്തില്‍ നടന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."