റോയല്‍ റയല്‍
മിലാന്‍: ആവേശം നിറഞ്ഞ യുവേഫ ചാംപ്യന്‍സ് ലീഗ് ഫൈനല്‍ പോരാട്ടത്തില്‍ അത്‌ലറ്റിക്കോയെ തോല്‍പ്പിച്ച് റയല്‍ ചാംപ്യന്‍മാരായി. നിശ്ചിത സമയത്ത് ഇരുടീമുകളും 1-1 ന് സമനില പാലിച്ചതിനാല്‍ പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ 5-3നാണ് റയല്‍ മത്സരം സ്വന്തമാക്കിയത്. റയലിന്റെ 11ാം കിരീട നേട്ടമാണിത്. നേരത്തെ 2014ലെ ഫൈനലിലും അത്‌ലറ്റിക്കോയെ പരാജയപ്പെടുത്തിയാണ് റയല്‍ ജേതാക്കളായത്.
തുടക്കം മുതല്‍ ആവേശം നിറഞ്ഞു നിന്ന് മത്സരത്തില്‍ റയലാണ് ആദ്യം മുന്നേറ്റം ആരംഭിച്ചത്. ബെയ്‌ലിന്റെ തകര്‍പ്പനൊരു ഫ്രീകിക്കില്‍ ബെന്‍സേമ ഷോട്ടുതിര്‍ത്തെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. റയല്‍ പിന്നെയും ആക്രമിച്ച് കളിക്കാന്‍ ശ്രമിച്ചെങ്കിലും അത്‌ലറ്റിക്കോ ഗോളിയാന്‍ ഒബ്‌ലാകിന്റെ മികച്ച സേവുകള്‍ റയലിനെ പിന്നോട്ടടിച്ചു. എന്നാല്‍ 15ാം മിനിറ്റില്‍ സെര്‍ജിയോ റാമോസിലൂടെ റയല്‍ ഗോള്‍ വല ചലിപ്പിച്ചു. ടോണി ക്രൂസിന്റെ സൂപ്പര്‍ കിക്കില്‍ മികച്ചൊരു ക്ലോസ് റേഞ്ചറിലൂടെയാണ് റാമോസ് ഗോള്‍ നേടിയത്. രണ്ടു ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ ഗോള്‍ നേടുന്ന പ്രതിരോധ താരം എന്ന നേട്ടം സ്വന്തമാക്കാനും മത്സരത്തില്‍ റാമോസിന് സാധിച്ചു. എന്നാല്‍ ഗോള്‍ നേടുമ്പോള്‍ താരം ഓഫ് സൈഡായിരുന്നു എന്ന് വാദമുയര്‍ന്നത് ഗോളിന്റെ ശോഭ കെടുത്തി. ഗോള്‍ വഴങ്ങിയത് അത്‌ലറ്റിക്കോയ്ക്ക് സമ്മര്‍ദമുണ്ടാക്കിയെങ്കിലും തിരിച്ചടിക്കാന്‍ അവര്‍ ശ്രമിച്ചു കൊണ്ടിരുന്നു. ഗ്രിസ്മാനായിരുന്നു മുന്നേറ്റങ്ങളുടെ ചുക്കാന്‍ പിടിച്ചത്. എന്നാല്‍ താരത്തിന്റെ ഷോട്ടുകള്‍ റയല്‍ ഗോളി കെയ്‌ലര്‍ നവാസിനെ മറികടക്കാന്‍ സാധിച്ചില്ല.
രണ്ടാം പകുതിയില്‍ മാറ്റങ്ങളുമായാണ് അത്‌ലറ്റിക്കോ കളത്തിലിറങ്ങിയത്. ആഗസ്റ്റോ ഫെര്‍ണാണ്ടസിന് പകരം കരാസ്‌കോയെ സിമിയോണി കളത്തിലിറക്കി. തുടക്കത്തില്‍ തന്നെ ആക്രമണ ഫുട്‌ബോള്‍ കളിച്ച അത്‌ലറ്റിക്കോ റയലിന് വെല്ലുവിളി ഉയര്‍ത്തി. അത്‌ലറ്റിക്കോയുടെ നിരന്തര സമ്മര്‍ദത്തിന്റെ ഫലമായി 46ാം മിനുട്ടില്‍ അവര്‍ക്ക് പെനാല്‍ട്ടി ലഭിച്ചു. ടോറസിനെ പെപ്പെ വീഴ്ത്തിയതിനായിരുന്നു പെനാല്‍ട്ടി. എന്നാല്‍ കിക്കെടുത്ത ഗ്രിസ്മാന് ലക്ഷ്യം തെറ്റി പന്ത് ബാറിലിടിച്ച് മടങ്ങി.
പെനാല്‍ട്ടി പാഴായെങ്കിലും പോരാട്ടം തുടര്‍ന്ന അത്‌ലറ്റിക്കോ പലപ്പോഴും ഗോളിന്റെ വക്കിലെത്തി. എന്നാല്‍ ആദ്യ പകുതിയിലെ മികവ് തുടരാന്‍ റയലിന് സാധിച്ചില്ല. ഡാനി കാര്‍വജാലിന് പരുക്കേറ്റത് ടീമിന് മറ്റൊരു തിരിച്ചടിയായി. തൊട്ടടുത്ത നിമിഷം അത്‌ലറ്റിക്കോയ്ക്ക് കോര്‍ണര്‍ ലഭിച്ചു. ഡീഗോ ഗോഡിനെടുത്ത കിക്കില്‍ ഗ്രിസ്മാന്‍ തൊടുത്ത ഷോട്ട് നിര്‍ഭാഗ്യം കൊണ്ടാണ് ലക്ഷ്യം കാണാതെ പോയത്.
പരുക്കു ഭേദമായി ടീമില്‍ തിരിച്ചെത്തിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആദ്യ പകുതിയില്‍ കാഴ്ച്ചക്കാരനായപ്പോള്‍ രണ്ടാം പകുതിയില്‍ ഭേദപ്പെട്ട പ്രകടനം നടത്തി. താരത്തിന്റെ മികച്ച രണ്ടു ഷോട്ടുകള്‍ അത്‌ലറ്റിക്കോ ഗോളി തടയുകയായിരുന്നു. 79ാം മിനുട്ടില്‍ അത്‌ലറ്റിക്കോ റയലിനെ ഞെട്ടിച്ച് സമനില ഗോള്‍ നേടി. ജുവാന്‍ ഫ്രാനിന്റെ മികച്ചൊരു വോളി ക്രോസില്‍ ഗാബി പന്ത് മറിച്ചു നല്‍കി. പകരക്കാരനായി ഇറങ്ങിയ യാനിക്ക് കറാസ്‌കോ മികച്ചൊരു ഷോട്ടിലൂടെ വല കുലുക്കുകയായിരുന്നു. പിന്നീട് ലഭിച്ച അധിക സമയത്തും ഇരുടീമുകള്‍ക്കും സ്‌കോര്‍ ചെയ്യാന്‍ സാധിക്കാതിരുന്നതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു.
ഷൂട്ടൗട്ടില്‍ റയലിന് വേണ്ടി ലൂക്കാസ് വാസ്‌ക്വെസ്, മാര്‍സെലോ, ഗാരെത് ബെയ്ല്‍, സെര്‍ജിയോ റാമോസ്, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവര്‍ വലചലിപ്പിച്ചപ്പോള്‍ അന്റോണിയോ ഗ്രിസ്മാന്‍, ഗബ്രിയേല്‍ ഫെര്‍ണാണ്ടസ്, സോള്‍ എന്നിവര്‍ അത്‌ലറ്റിയ്‌ക്കോയ്ക്കായി ലക്ഷ്യം കണ്ടു. എന്നാല്‍ ജുവാന്‍ ഫ്രാനിന്റെ ഷോട്ട് ബാറില്‍ തട്ടി മടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."