എന്തിനീ ക്രൂരത ചെയ്തു ?
സുല്‍ത്താന്‍ ബത്തേരി: പിടിയാന വെടിയേറ്റ് ചരിഞ്ഞ സംഭവത്തിലെ ദുരൂഹതയെന്തെന്ന് ഇനിയും അധികൃതര്‍ക്ക് വ്യക്തമാക്കാന്‍ സാധിച്ചിട്ടില്ല. പല നിഗമനങ്ങളും പറയുന്നുണ്ടെങ്കിലും എന്താണ് യാഥാര്‍ത്യമെന്ന് വെളിവാകണമെങ്കില്‍ കുറ്റവാളികള്‍ വലയിലാകുന്നത് വരെ കാത്തിരുന്നേ മതിയാകൂ. പുല്‍പ്പള്ളി-ബത്തേരി റോഡില്‍ രാത്രി കാലങ്ങളിലെ സ്ഥിരസാന്നിധ്യമാണ് ആനക്കൂട്ടങ്ങള്‍. ഇവ ആരെയും ഉപദ്രവിച്ചാതായ സംഭവങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ ശല്യക്കാരനായ ആനയെ വകവരുത്തിയതാണെന്ന നിഗമനം മാറ്റി നിര്‍ത്തേണ്ടി വരും.
പിന്നെയുള്ളത് കൊമ്പിനായി ആനവേട്ട നടത്തിയതാകാമെന്നാണ്. എന്നാല്‍ പിടിയാനയെ കൊന്നതിലൂടെ ഈ നിഗമനത്തെയും വനംവകുപ്പ് ഒരു പരിധിവരെ ഒഴിവാക്കിയിട്ടുണ്ട്. കൊമ്പനെയായിരുന്നെങ്കില്‍ കൊമ്പിനുവേണ്ടിയായിരിക്കാം വെടിയുതിര്‍ത്തിര്‍ത്തത് എന്ന് അനുമാനിക്കാമായിരുന്നു.
പക്ഷേ ഒരു പിടിയാനയെ എന്തിനു വെടിവെച്ച് കൊല്ലണം. ഒന്നുകില്‍ ക്രൂരമായ ഒരു വിനോദം. അല്ലെങ്കില്‍ സ്ഥിരം ശല്യക്കാരനായ ആനയെ ഒഴിവാക്കാന്‍ വേണ്ടിയുള്ള ആസൂത്രിതമായ ശ്രമത്തിന്റെ ഭാഗം. അതുമല്ലെങ്കില്‍ ക്വാറിമാഫിയയോടും വനംകൊള്ളക്കാരോടും മറ്റും കര്‍ശന നിലപാടെടുക്കുന്ന വയനാട് വന്യജീവി സങ്കേതം വാര്‍ഡന്‍ പി ധനേഷ് കുമാറിനെ അപകീര്‍ത്തിപെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ലോബികളുടെ പ്രവര്‍ത്തന ഫലം.
ഇത്തരത്തിലുള്ള അനുമാനങ്ങളിലാണ് വനംവകുപ്പുള്ളത്. എന്തായാലും നിഗമനങ്ങള്‍ ഇങ്ങനെയൊക്കെയാണങ്കിലും ആന സംസ്ഥാന പാതയോരത്ത് വെടിയേറ്റ ചരിഞ്ഞത് വരും ദിവസങ്ങളില്‍ പലതരത്തിലുള്ള ചര്‍ച്ചക്ക് വഴിവെക്കുമെന്നതില്‍ സംശയമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."