കിം ജോങ് ഉന്നിന്റെ സഹോദരന്റെ വധം: യുവതി അറസ്റ്റില്‍
ക്വാലാലംപൂര്‍: ഉത്തര കൊറിയന്‍ പരമോന്നത നേതാവ് കിം ജോങ് ഉന്നിന്റെ അര്‍ധസഹോദരന്‍ കിം ജോങ് നാമിനെ കൊലപ്പെടുത്തിയ കേസില്‍ 28കാരിയെ മലേഷ്യന്‍ പൊലിസ് അറസ്റ്റ് ചെയ്തു. ക്വാലാലംപൂര്‍ വിമാനത്താവളത്തില്‍ വച്ചാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പൊലിസ് പറഞ്ഞു.
രണ്ടു സ്ത്രീകള്‍ വിഷം കുത്തിവച്ച് ടാക്‌സിയില്‍ കടന്നു കളഞ്ഞുവെന്നായിരുന്നു റിപ്പോര്‍ട്ട്. വിയറ്റ്‌നാമിലേക്ക് യാത്രാരേഖകളുള്ള സ്ത്രീയെയാണ് പിടികൂടിയത്. ദൊയാന്‍ തി ഹോങ് ആണ് അറസ്റ്റിലായതെന്ന് പൊലിസ് പ്രസ്താവനയില്‍ അറിയിച്ചു. തിങ്കളാഴ്ച രാവിലെ പത്തിന് മക്കാവുവിലേക്കുള്ള വിമാനത്തിന് ടെര്‍മിനലില്‍ കാത്തിരിക്കെയാണ് കിം ആക്രമിക്കപ്പെട്ടതെന്ന് പൊലിസിനെ ഉദ്ധരിച്ച് മലേഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തിങ്കളാഴ്ചയാണ് കിം ജോങ് നാമിനെ വിഷം കുത്തിവച്ച് കൊലപ്പെടുത്തിയത്. രണ്ടു സ്ത്രീകളാണ് സംഭവത്തിനു പിന്നിലെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇനിയും ചിലരെ കൂടി പിടികൂടാനുണ്ടെന്ന് മലേഷ്യന്‍ പൊലിസ് പറഞ്ഞു.
സി.സി.ടി.വി ദൃശ്യങ്ങളിലൂടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. കിമ്മിനൊപ്പം രണ്ടു സ്ത്രീകള്‍ നടന്നുപോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. പിന്നീട് ഇരുവരും ടാക്‌സിയില്‍ കയറി രക്ഷപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്. കിമ്മിന്റെ ഇരുവശത്തുമാണ് സ്ത്രീകളുണ്ടായിരുന്നത്. ദക്ഷിണകൊറിയന്‍, മലേഷ്യന്‍ മാധ്യമങ്ങളാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ലോല്‍ എന്ന് ഇംഗ്ലീഷില്‍ എഴുതിയ ടി ഷര്‍ട്ടാണ് യുവതി ധരിച്ചിരുന്നത്.
യുവതിയെ കേസില്‍ അറസ്റ്റ് ചെയ്ത വിവരം മലേഷ്യന്‍ വാര്‍ത്താ ഏജന്‍സി ബെര്‍നാമയും സ്ഥിരീകരിച്ചു. എന്നാല്‍ കൊല്ലപ്പെട്ടത് കിം ജോങ് ഉന്നിന്റെ സഹോദരന്‍ കിം ജോങ് നാമാണെന്നത് മലേഷ്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കിം ചോള്‍ എന്ന പേരിലാണ് നാം യാത്രചെയ്തതെന്നാണ് വിവരം.
ഉത്തര കൊറിയയില്‍ നിന്ന് രക്ഷപ്പെട്ട ഇദ്ദേഹം വ്യാജ ജപ്പാന്‍ പാസ്‌പോര്‍ട്ടില്‍ രാജ്യംവിട്ടതായി വാര്‍ത്തയുണ്ടായിരുന്നു. നേരത്തെയും കിം നാം വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. കിം വിഷബാധയേറ്റാണ് മരിച്ചതെന്ന് ദ.കൊറിയന്‍ രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു.
2013 ല്‍ കിം ജോങ് ഉന്‍ അമ്മാവനായ ചാങ് സോങ് തേയ്ക്കിനെ കൊലപ്പെടുത്തിയതോടെയാണ് കിം ജോങ് നാം രാജ്യംവിട്ടത്. നാമിനെതിരേ പലതവണ ഉത്തര കൊറിയന്‍ രഹസ്യ ഏജന്റുമാര്‍ വധശ്രമത്തിന് നീക്കം നടത്തിയിരുന്നു. കിമ്മിന്റെ വധത്തെ കുറിച്ച് ഉത്തര കൊറിയ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ മലേഷ്യയിലെ എംബസിയിലെ ഉദ്യോഗസ്ഥര്‍ കിമ്മിന്റെ മൃതദേഹം സൂക്ഷിച്ച ആശുപത്രിയില്‍ സന്ദര്‍ശനം നടത്തി. ഉത്തര കൊറിയന്‍ ചാരന്മാരുടെ ആക്രമണത്തിലാണ് കിം കൊല്ലപ്പെട്ടതെന്ന് പേരുവെളിപ്പെടുത്താത്ത യു.എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."