ഹൈക്കോടതി റദ്ദാക്കിയെങ്കിലും ശനിയാഴ്ചകളിൽ ക്ലാസുകൾ തുടർന്ന് സ്‌കൂളുകൾ
പാലക്കാട്: പത്താം ക്ലാസ് വരെ ശനിയാഴ്ച പ്രവൃത്തിദിനമാക്കിയ സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയെങ്കിലും ക്ലാസുകൾ തുടർന്ന് ചില സ്‌കൂളുകൾ. അധ്യാപകരും രക്ഷിതാക്കളും വിദ്യാർഥി സംഘടനകളുമെല്ലാം ഇതിനെതിരേ പ്രതിഷേധമുയർത്തുമ്പോൾ പാഠഭാഗങ്ങൾ തീർക്കാനായി സ്‌പെഷൽ ക്ലാസുകൾ നടത്തുന്നതാണെന്നാണ് അധികൃതരുടെ വാദം.
അവധി ദിവസങ്ങളിലെ നിർബന്ധിത പഠനം മൂലം കലാ, കായിക വിഭാഗങ്ങളിലേക്കാവശ്യമായ പരിശീലനം നടത്തുന്നതിനോ മാനസികോല്ലാസത്തിനോ വിദ്യാർഥികൾക്ക് കഴിയുന്നില്ലെന്നാണ് രക്ഷിതാക്കൾ പരാതിപ്പെടുന്നത്. ഹരജിക്കാരായ വിദ്യാർഥികൾ ഈ വിഷയത്തിൽ വീണ്ടും കോടതിയെ സമീപിക്കാനുള്ള ആലോചനയിലാണ്.
220 അധ്യയനദിനം തികയ്ക്കുന്നരീതിയിൽ സർക്കാർ പുതിയ കലണ്ടർ തയാറാക്കിയാണ് ശനിയാഴ്ച പ്രവൃത്തിദിനമാക്കി ഉത്തരവിറക്കിയത്. കഴിഞ്ഞവർഷത്തേക്കാൾ 16 ശനിയാഴ്ചകളായിരുന്നു പുതിയ കലണ്ടറിൽ പ്രവൃത്തിദിനം. ഇത് ദേശീയ വിദ്യാഭ്യാസ അവകാശ നിയമത്തിന് എതിരാണെന്ന് കാണിച്ച് വിവിധ അധ്യാപക സംഘടനകളും ബാലാവകാശങ്ങൾ ചൂണ്ടിക്കാണിച്ച് വിദ്യാർഥികളും രംഗത്തുവരുകയായിരുന്നു.
ആഴ്ചയിൽ ആറുദിവസം സ്‌കൂളിൽ പോകേണ്ടിവരുന്നത് കുട്ടികളുടെ ശാരീരിക, മാനസിക വികാസത്തിന് പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് കാണിച്ച് കുട്ടികൾ സമർപ്പിച്ച ഹരജി പരിഗണിച്ചാണ് ഉത്തരവ് റദ്ദാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."