സുമനസുകളുടെ സഹായത്തിന് കാത്തുനിന്നില്ല: ഹംസ വിധിക്കു കീഴടങ്ങി
കിഴിശ്ശേരി: സുമനസുകളുടെ സഹായത്തിനു കാത്തുനില്‍ക്കാതെ ഹംസ (37) വിധിക്കു കീഴടങ്ങിയത് നാടിനെ കണ്ണീരിലാഴ്ത്തി. നട്ടെല്ലിന് കാന്‍സര്‍ ബാധിച്ച് ഒരു മാസത്തോളമായി തിരുവനന്തപുരം ആര്.സി.സിയില്‍ ചികിത്സയിലായിരുന്ന ഹംസയുടെ രോഗ വിവരങ്ങള്‍ അറിഞ്ഞ് സഹായിക്കാന്‍ നാട്ടുകാരും സുഹൃത്തുകളും ചേര്‍ന്ന് ഫണ്ട് സമാഹരണം നടത്താന്‍ ഒരുങ്ങുന്നതിനിടെയാണ് ഇന്നലെ കോഴിക്കോട് കോയാസില്‍ വച്ച് ഹംസ മരണത്തിന് കീഴടങ്ങിയത്.
കിഴിശ്ശേരിയില്‍ ജീപ്പ് ഡ്രൈവറായിരുന്ന ഹംസ കഴിഞ്ഞ മൂന്ന് വര്‍ഷത്തോളം വിദേശത്തായിരുന്നു. അവിടെ വച്ചാണ് രോഗ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്. തുടര്‍ന്ന് മൂന്ന് മാസങ്ങള്‍ക്കു മുമ്പാണ് ചികിത്സക്കായി നാട്ടിലേക്ക് വന്നത്. മഹല്ല് കമ്മിറ്റി, ജീപ്പ് ഡ്രൈവര്‍മാര്‍ എന്നിവര്‍ ഹംസയുടെ ചികിത്സക്കായി സഹായം നല്‍കിയിരുന്നു. സമസ്തയുടേയും മുസ്ലിം ലീഗിന്റേയും സജീവ പ്രവര്‍ത്തകനായിരുന്ന ഹംസ നാട്ടിലെ എല്ലാ നല്ല പ്രവര്‍ത്തനങ്ങള്‍ക്കും മുന്പന്തിയുണ്ടായിരുന്നു. ഭാര്യയും മൂന്ന് കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയവും പ്രതീക്ഷയുമാണ് ഹംസയുടെ മരണത്തോടെ നഷ്ടമായത്. ആലിന്‍ചുവട് വളപ്പംകുണ്ട് താനിക്കാടന്‍ മുഹമ്മദ് കുട്ടിയുടേയും ആമിനക്കുട്ടിയുടേയും മകനാണ്. ഭാര്യ റംലത്ത്. നാജിയ നസ്റിന്, മുഹമ്മദ് അനസ്, ഫാത്തിമ ദിയ എന്നിവര്‍ മക്കളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."