കര്‍ഷകരെ രക്ഷിക്കാന്‍ ഗവണ്‍മെന്റ് നിശ്ശബ്ദത വെടിയണം
കേരം തിങ്ങും കേരളനാട് എന്നു പേരുകേട്ട കേരളം നാളികേരം മാത്രമല്ല. എല്ലാം കിട്ടാക്കനിയായി മാറുകയാണ്. ഉല്‍പ്പാദനത്തില്‍ കൂപ്പ് കുത്തുന്ന നാണ്യവിളകളും പച്ചക്കറിയും എല്ലാം രക്ഷകരെ തേടുകയാണ്. കാര്‍ഷികകേരളത്തിന്റെ ഈ തകര്‍ച്ച കര്‍ഷകരുടെ ജീവിതം ദുരിതപൂര്‍ണമാക്കുക മാത്രമല്ല, സംസ്ഥാനത്തിന്റെ മൊത്തം സമ്പദ്ഘടനയെയും ഗുരുതരമായി ബാധിച്ചിരിക്കുന്നു.
വ്യാപാരരംഗത്തും വിപണനരംഗത്തുമെല്ലാം തളര്‍ച്ചയുണ്ടായി. എന്നാല്‍, ഇതിന്റെ ഗൗരവം മനസ്സിലാക്കി സത്വര പരിഹാര നടപടികളെടുക്കുന്നതില്‍ ഭരണാധികാരികള്‍ തികഞ്ഞ അലംഭാവമാണ് കാണിക്കുന്നത്. വളരുന്ന ഗള്‍ഫ് പ്രതിസന്ധിക്കൊപ്പം വ്യാപിക്കുന്ന കൃഷിത്തകര്‍ച്ച ജീവിതം ദുസ്സഹമാക്കുമെന്ന് തിരിച്ചറിയാന്‍ അധികാരികള്‍ക്കാകുന്നില്ല.
പച്ചക്കറികൃഷി പ്രോത്സാഹിപ്പിക്കാനും തരിശായിക്കിടക്കുന്ന ചില സ്ഥലങ്ങളില്‍ നെല്‍കൃഷി തിരിച്ചുകൊണ്ടുവരാനും കൃഷിവകുപ്പ് ചില ശ്രമങ്ങളൊക്കെ നടത്തുന്നുണ്ട് എന്നത് വിസ്മരിക്കുന്നില്ല. എന്നാല്‍, ഇവ കേവലം പ്രചാരണത്തിനപ്പുറമുള്ള ആത്മാര്‍ഥ കൃഷിസംരംഭങ്ങളായി മാറേണ്ടതുണ്ട്. വിഷരഹിത പച്ചക്കറികള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പലരും വീടിനോടു ചേര്‍ന്ന് അടുക്കളത്തോട്ടമായി പച്ചക്കറികള്‍ കൃഷി ചെയ്യുന്നുണ്ടെങ്കിലും അതില്‍ വീട്ടാവശ്യം കഴിഞ്ഞു മിച്ചം വരുന്നവ ന്യായവിലയ്ക്കു വിറ്റഴിക്കാന്‍ ഫലപ്രദമായ സംവിധാനങ്ങള്‍ ഇന്നില്ല.
ഇപ്പോഴത്തെ പ്രതിസന്ധിയില്‍ നിശ്ശബ്ദത പാലിക്കുന്നതിനു പകരം കേരള സര്‍ക്കാരും കൃഷിവകുപ്പും ചെയ്യേണ്ടത് കര്‍ഷകര്‍ക്കു ന്യായമായ വരുമാനം ലഭിക്കുന്ന ബദല്‍ കൃഷിമാര്‍ഗങ്ങള്‍ പ്രചരിപ്പിക്കാന്‍ ഒരു യജ്ഞം ആരംഭിക്കുകയാണ്.
കേരളത്തിന്റെ കാര്‍ഷികമേഖലയ്ക്കു പുതുജീവന്‍ പകരാന്‍ ഇത്തരമൊരു തീവ്രയജ്ഞ പരിപാടി അത്യാവശ്യമാണ്. കാര്‍ഷികകേരളം തകര്‍ന്നാല്‍ തകരുന്നതു കേരളത്തിന്റെ നട്ടെല്ലായിരിക്കും.
അനൂപ് പി.ജേക്കബ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."